യുവ വികസന സഭ ഏപ്രില്‍ 17ന്
Posted on: 04 Apr 2015
ദോഹ: പ്രവാസി യുവാക്കളുടെ തൊഴിലും, ജീവിതവും, ഭാവിയും സാമൂഹിക വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന യുവ വികസന സഭ ഏപ്രില്‍ 17ന് ദോഹയില്‍ നടക്കും.
കേരള നിയമസഭ സാമാജികന്‍ ടി.എന്‍ പ്രതാപന്‍ എംഎല്‍എ മുഖ്യഅതിഥിയായി പങ്കെടുക്കുന്ന സഭയില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ദര്‍ എന്നിവര്‍ പങ്കെടുക്കും. യൂത്ത് പാര്‍ലമെന്റ്, പ്രൊഫഷണല്‍ മീറ്റ്, വിദ്യാര്‍ത്ഥി സഭ, വിചാര സഭ, പൊതു സമ്മേളനം തുടങ്ങിയവയാണ് യുവ വികസന സഭയിലെ ഉള്ളടക്കം.
ഗള്‍ഫു നാടുകളില്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം എന്ന പ്രമേയത്തില്‍ സംഘടിച്ചു വരുന്ന യുവ വര്‍ഷത്തിന്റെ സമാപനത്തിലാണ് യുവ വികസന സഭ സംഘടിപ്പിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളും ജന പ്രതിനിധികള്‍ സംബന്ധിക്കുന്ന വികസന സഭകള്‍ നടക്കും. ഇതിന്റെ ഭാഗമായി ഗള്‍ഫില്‍ 500 പ്രഭാഷണങ്ങളും 20 സെമിനാറുകളും സംഘടിപ്പിക്കും. ഖത്തറില്‍ 46 പ്രഭാഷണങ്ങള്‍ നടന്നു വരുന്നു. എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ചിന്താലോകം, പ്രവാസം ധനവും ശരീരവും എന്നീ വിഷയങ്ങളില്‍ യഥാക്രമം അസീസിയ്യയിലും ദോഹയിലും രണ്ട് സെമിനാറുകള്‍ ഏപ്രില്‍ 10ന് നടക്കും. പ്രവാസി ഇന്ത്യക്കാരില്‍ 85 ശതമാനം വരുന്ന 40 ല്‍ താഴെ പ്രായമുള്ള യുവാക്കളുടെ ജീവിതവും ഭാവിയും ചര്‍ച്ചകളില്‍ കൊണ്ടുവരികയും വ്യക്തി തലത്തിലും സാമൂഹിക തലത്തിലും യുവ ഊര്‍ജ്ജം നിര്‍മ്മാണാത്മകമായി പ്രയോജനപ്പെടുത്തുകയും ദിശ അറിയിച്ചു കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് യുവ വികസനസഭ സംഘടിപ്പിക്കുന്നത്. ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന യൂത്ത് പാര്‍ലമെന്റ് പ്രവാസി സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളും ബദല്‍ നിര്‍ദേശങ്ങളും സമര്‍പ്പിക്കും. ജനപ്രതിനിധികള്‍ വഴി നിയമ നിര്‍മ്മാണ സഭകളിലും രാഷ്ട്രീയ മണ്ഡലത്തിലും വിഷയങ്ങള്‍ കൊണ്ടു വരുന്നതിന് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആര്‍എസ്‌സി നാഷണല്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT