26 കോടിയുടെ ഹൈവേ കൊള്ള: നാലുപേര്‍ അറസ്റ്റില്‍
Posted on: 04 Apr 2015
ന്യൂഡല്‍ഹി: മൊബൈല്‍ കമ്പനിയുടെ 26 കോടി രൂപ വിലവരുന്ന സാധനങ്ങളുമായി പോയ ട്രക്ക് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയിലായി.
ഉത്തര്‍പ്രദേശുകാരായ പ്രമോദ് (25), സര്‍വേഷ് (27), വിനോദ് കുമാര്‍ (29), പ്രമോദ് യാദവ് (25) എന്നിവരാണ് തെക്കന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായത്.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായാണ് സംഭവം നടന്നത്. സാംസങ് കമ്പനിയുടെ ഐ.സി. ചിപ്പുകളും അസംബ്ലി കവറുകളുമുള്‍പ്പെടുന്ന ലോഡ് ആണ് ട്രക്കില്‍ പുറപ്പെട്ടത്. രാത്രി പന്ത്രണ്ടുമണിയോടെ ഗാസിയാബാദിലെ എ ടു ഇസഡ് എന്ന കമ്പനിയില്‍ ഡ്രൈവറായ ഘനശ്യാം എന്നയാള്‍ പോലീസില്‍ പരാതിയുമായെത്തി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ട്രക്ക് കവര്‍ന്നുവെന്നാണ് പരാതി.
രാത്രി 11.30-ഓടെയായിരുന്നു കവര്‍ച്ച. മറ്റൊരു ട്രക്കിന്റെ ഡ്രൈവറായ സര്‍വേഷ് എന്നയാളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നും പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന ജി.പി.എസ്. സംവിധാനം നിര്‍വീര്യമാക്കിയായിരുന്നു കവര്‍ച്ച. ഇത് നിര്‍വീര്യമാക്കിയാല്‍ ട്രക്ക് എവിടെയുണ്ടെന്ന് കണ്ടെത്താനാവില്ല.
എന്നാല്‍ കമ്പനിയില്‍ തന്നെയുള്ളവരുടെ സഹായത്തോടെയാണ് സംഭവം നടന്നതെന്ന് പോലീസ് മനസ്സിലാക്കി. സമാനമായ സംഭവങ്ങള്‍ എ ടു സെഡ് കമ്പനിയിലെ ഡ്രൈവര്‍മാരുടെ പേരില്‍ രേഖപ്പെടുത്തിയിരുന്നു. സഹപ്രവര്‍ത്തകനായ ഡ്രൈവര്‍ സര്‍വേഷ് തന്റെ മൊബൈല്‍ ഇടയ്ക്കിടെ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഘനശ്യാം പോലീസിനോട് പറഞ്ഞു.
ഇതില്‍നിന്ന് ഇയാള്‍ ബന്ധപ്പെട്ട മറ്റൊരാളുടെയും നമ്പര്‍ കണ്ടെത്തി. ഇയാളുടെ വീട് പോലീസ് റെയ്ഡുചെയ്തു. മറ്റൊരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ഡ്രൈവര്‍മാരായ പ്രമോദ്, വിനോദ് കുമാര്‍ യാദവ്, പ്രമോദ് യാദവ് എന്നിവരുടെ വീടുകളിലും പോലീസ് പരിശോധിച്ചു. ഇതോടെ കവര്‍ച്ചമുതല്‍ കണ്ടെത്തി.
ചോദ്യംചെയ്യലില്‍ കവര്‍ച്ചയാണ് ഇവരുടെ പ്രധാന തൊഴില്‍ എന്നും മനസ്സിലായി. സര്‍വേഷ് ആണ് ലോഡ് പുറപ്പെടുന്ന കാര്യം അറിയിച്ചത്. പിന്നീട് മറ്റുള്ളവര്‍ കാറിലും മറ്റുമായി ട്രക്കിനെ പിന്തുടര്‍ന്നു. പാലംമുതല്‍ തന്നെ ഇവര്‍ ട്രക്കിന്റെ പിന്നാലെയുണ്ടായിരുന്നു. സരിത വിഹാര്‍ കാളിന്ദി കുഞ്ജിലെത്തിയപ്പോള്‍ ഇവര്‍ ലോഡ് തടഞ്ഞു. കത്തികാട്ടി ഭീഷണിപ്പെടുത്തി ട്രക്ക് തട്ടിയെടുത്തു. മൂന്നുപേര്‍ കൂടി വൈകാതെ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via IFTTT