Story Dated: Saturday, April 4, 2015 09:19
കോഴിക്കോട്: പി വി അബ്‌ദുള്‍ വഹാബ് മുസ്‌ളീംലീഗ് രാജ്യസഭാ സ്‌ഥാനാര്‍ത്ഥി. പാണക്കാട് ഇന്ന് രാവിലെ ചേര്‍ന്ന് ഉന്നതാധികാരസമിതി യോഗത്തിലാണ് വഹാബിനെ തീരുമാനിച്ചത്. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് തീരുമാനമെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം സംസ്‌ഥാന പ്രവര്‍ത്തകസമിതിയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്.
സംസ്‌ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തേ വഹാബിനൊപ്പം കെപിഎ മജീദിന്റെ പേരും ഉയര്‍ന്നു വന്നിരുന്നെങ്കിലും അന്തിമമായി തീരുമാനം മാറുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടു പേരുകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ വലിയ തര്‍ക്കം ഉടലെടുത്തപ്പോള്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം മജീദിനൊപ്പമായിരുന്നെങ്കിലൂം പാണക്കാട് കുടുംബത്തിന്റെ തീരുമാനം വഹാബിനൊപ്പമായി മാറുകയായിരുന്നു. തീരുമാനത്തില്‍ ദേശീയ പ്രസിഡന്റ് ഇ. അഹമ്മദിന്റെ വാദവും നിര്‍ണ്ണായകമായി മാറുകയായിരുന്നു.
അന്തരിച്ച മുന്‍ പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍ മുനവ്വറലി കഴിഞ്ഞ ദിവസം വഹാബിനെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് ഫേസ്‌ബുക്ക് പോസ്‌റ്റ് നടത്തിയത് വിവാദമായിരുന്നു. പാര്‍ട്ടിയുടെ പാരമ്പര്യത്തിനു കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു തീരുമാനം വരുമെന്നു പ്രതീക്ഷിക്കുന്നു. സേവന പാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി നേതാക്കള്‍ക്കു കൊടുക്കേണ്ട ഒരു പദവിയാണെന്നതാണ് ലീഗ് പ്രവര്‍ത്തകരുടെ പൊതുവികാരം. മുന്‍പ് ഒരു മുതലാളിക്ക് ആ സ്‌ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു പോസ്‌റ്റില്‍ പറഞ്ഞിരുന്നു.
തര്‍ക്കം ഉയര്‍ന്നപ്പോള്‍ മലപ്പുറം, പാലക്കാട് ജില്ലാ ഭാരവാഹികള്‍ ഒഴികെ എല്ലാവരും കെ.പി.എ. മജീദിനൊപ്പം നിന്നു. പണമുണ്ടാകുന്നത് ക്രിമിനല്‍ കുറ്റമല്ലല്ലോ എന്നായിരുന്നു സ്‌ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വഹാബ് പ്രതികരിച്ചത്. വിമര്‍ശനങ്ങളെ മാറ്റിയെടുത്തെന്നും അടിത്തട്ടില്‍ പ്രവര്‍ത്തിച്ച് തന്നെയാണ് താന്‍ ഉയര്‍ന്നു വന്നതെന്നും വഹാബ് പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം മറികടന്ന് ഇക്കാര്യത്തില്‍ വഹാബിന് നേരത്തേ നല്‍കിയിരുന്ന ഉറപ്പ് പാലിക്കപ്പെടുകയായിരുന്നു എന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്.
from kerala news edited
via IFTTT