Story Dated: Saturday, April 4, 2015 08:35
ജിബൂട്ടി: ആഭ്യന്തരകലാപം രൂക്ഷമായിരിക്കുന്ന യെമനില്‍ നിന്നും മറ്റു രാജ്യക്കാര്‍ ഓടി രക്ഷപെടുമ്പോഴും ജീവന്‍ കയ്യില്‍പിടിച്ച് അനേകം മലയാളികള്‍ ഇപ്പോഴും തുടരുന്നു. ജീവിനിലുള്ള കൊതിയേക്കാള്‍ ഇവരെ യെമനില്‍ നില്‍ക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് നാട്ടിലെ കടവും ശമ്പളക്കുറവും തൊഴിലില്ലായ്‌മയും. പലരും കടം വാങ്ങി പഠിച്ചവരും ഇടനിലക്കാര്‍ക്ക് വന്‍ തുക കടം മേടിച്ച് കൊടുത്ത് വിദേശത്ത് എത്തിയവരുമാണ്.
യെമനിലെ നൂറു കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ ഇപ്പോഴും തിരിച്ചു പോകണോ കിട്ടുന്ന ശമ്പളവും വാങ്ങി യുദ്ധം പിടിമുറുക്കുന്ന ഭൂമിയില്‍ തുടരണോ എന്ന ആശങ്കയിലാണ്. യെമനിലെ ഇന്ത്യന്‍ നഴ്‌സുമാരില്‍ കൂടുതലും ദക്ഷിണകേരളത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ പലരും നാട്ടിലേക്ക് ഇന്ത്യാക്കാരെ കൊണ്ടുപോകാന്‍ എത്തിയ നാവികസേനയുടെ കപ്പലില്‍ കയറാന്‍ കൂട്ടാക്കിയില്ല. പകരം പോരാട്ടം തുടരുന്ന ഭൂമിയില്‍ റിസ്‌ക്ക് എടുക്കാന്‍ തയ്യാറാകുകയായിരുന്നു. 4000 ലധികം ഇന്ത്യാക്കാരാണ് യെമനിലുള്ളത്. ഇവരില്‍ പകുതിയും ഇവിടുത്തെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുമാണ്. ഹൂദി പോരാളികളും സൗദിയും പോര് ശക്‌തമാക്കിയതോടെ ഒട്ടേറെ പേര്‍ ദക്ഷിണ തുറമുഖ നഗരമായ ഏദന്‍ വിട്ടു കഴിഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ ആശങ്ക നേരിടുന്നത് ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പ്രത്യേകിച്ചും മലയാളികള്‍. ദരിദ്രമായ ചുറ്റുപാടില്‍ വന്‍ തുക ബാങ്ക് ലോണെടുത്ത് വിദ്യാഭ്യാസം ചെയ്യിക്കുകയും അതിനേക്കാള്‍ വലിയൊരു തുക കടംവാങ്ങി വിദേശത്തേക്ക് അയയ്‌ക്കുകയും ചെയ്‌തതാണ് പലരും.
ഇവരെ വിദേശത്തേക്ക് അയയ്‌ക്കാന്‍ ഇടനില നിന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പോലും കടക്കാരായവര്‍ ഉണ്ട്. നാട്ടിലെത്തിയാല്‍ ഡല്‍ഹിയിലെ വലിയ ആശുപത്രികള്‍ പോലും പലര്‍ക്കും മാസം 20,000 രൂപ വരെയാണ് നല്‍കുന്നത്. ചെലവ് ഇതില്‍ നിന്നും പോകുകയും ചെയ്യും. അതേസമയം യെമന്‍ പോലെയുള്ള വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് മാസംതോറും ഒരു വലിയ തുക മിച്ചം പിടിക്കാന്‍ കഴിയുന്നുണ്ട്. പരിചയ സമ്പത്ത് പോലും നിര്‍ബ്ബന്ധമല്ലാത്ത യെമനില്‍ നഴ്‌സുമാര്‍ക്ക് 600 ഡോളറുകള്‍ വരെ ശമ്പളം കിട്ടുന്നുണ്ട്. താമസത്തിനും ഭക്ഷണത്തിനും പുറമേയാണിത്. അതുകൊണ്ട് തന്നെ പലരും ശമ്പളം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നാട്ടിലേക്ക് അയയ്‌ക്കാനും വീട്ടുകാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും കഴിയും. അതേ സമയം പലരും ഇടനിലക്കാര്‍ക്ക് നല്‍കിയത് 2000 ഡോളര്‍ വരെയാണ്.
നഴ്‌സിംഗ് ജോലിക്കായി വിദേശത്തേക്ക് ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ കയറ്റി അയച്ച് ഇടനിലക്കാര്‍ കൊയ്യുന്നത് കോടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ 100 ലധികമുള്ള നഴ്‌സിംഗ് ഇന്‍സ്‌റ്റിറ്റ്യൂട്ടുകളും സംസ്‌ഥാനത്തിന് പുറത്തുള്ള സ്‌ഥാപനങ്ങളും ചേര്‍ന്ന് ആയിരക്കണക്കിന് ബിരുദധാരികളെയാണ് വര്‍ഷംതോറും പുറത്തുവിടുന്നത്. എന്നാല്‍ നാട്ടിലെ ശമ്പളക്കുറവും തൊഴിലില്ലായ്‌മയും മൂലം പലരും ലക്ഷ്യമിടുന്നതും വിദേശരാജ്യങ്ങളാണ്. പുറത്ത് ഇത്രയധികം മത്സരം ഇല്ലെങ്കില്‍ പോലും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വന്‍ തുക തട്ടുന്നതിനാല്‍ പലരും കടത്തിന് പുറത്ത് കടവുമായാണ് നാടു വിടുന്നത്. കുവൈറ്റില്‍ 1200 നഴ്‌സുമാരെ കയറ്റിഅയച്ച് ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി കൊയ്‌തത് 1.95 ദശലക്ഷം രൂപയായിരുന്നു.
from kerala news edited
via IFTTT