Story Dated: Friday, April 3, 2015 02:34
കോതമംഗലം: ബാര്‍ വിഷയം അനിശ്‌ചിതത്വത്തിലായിരുന്നപ്പോഴും ബാറുകളുടെ വില്‍പനയില്‍ കോടികള്‍ മറിഞ്ഞു. എറണാകുളം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന്റെ ബാര്‍ മൂവാറ്റുപുഴയിലെ ബാര്‍ ഉടമ ലീസിനെടുത്തു. ബാര്‍ നല്‍കുന്ന സാമ്പത്തിക ലാഭം ലക്ഷ്യമാക്കി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരളത്തില്‍ കോടികളുടെ ബാര്‍ വാങ്ങല്‍ വില്‍പനകള്‍ നടന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
എറണാകുളത്ത് മാത്രം ഏതാണ്ട് 100 കോടിയിലേറെ രൂപയുടെ വില്‍പന നടന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അരക്കോടി മുതല്‍ ഒരു കോടിവരെ സെക്യൂരിറ്റി നല്‍കി, പതിനായിരങ്ങള്‍ ദിവസ വാടകയ്‌ക്ക് എടുത്ത ബാറുകള്‍ വേറെ. കളമശേരി, പാലാരിവട്ടം, മറൈന്‍ഡ്രൈവ് തുടങ്ങിയ ഇടങ്ങളിലൊക്കെ നടന്ന ബാര്‍ കച്ചവടത്തില്‍ കോടികളാണ് ഒഴുകിയത്. കോട്ടയം ജില്ലയിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. പഴയ പല ബാറുകാരും പുതിയവയിലേക്ക് കാല്‍വയ്‌ക്കാതിരുന്നപ്പോള്‍ പുത്തന്‍ കൂറ്റുകാരാണ് ഈ രംഗത്ത് പണമിറക്കിയവരിലേറെയും. പാലാ, കോട്ടയത്തിന്റെ ചില പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഈ തരത്തില്‍ വാങ്ങല്‍, ലീസ് കച്ചവടം നടന്നു. അടുത്തിടെ പ്രശസ്‌തനായ ഒരു വ്യവസായി തൃശൂര്‍ ശക്‌തന്‍ സ്‌റ്റാന്‍ഡിനടുത്ത് നടത്തിയ ഹോട്ടല്‍ വാങ്ങല്‍ കോടികളുടേതാണെങ്കിലും യഥാര്‍ഥ തുക ആര്‍ക്കുമറിയില്ല. മൂന്നു പ്രമുഖ ഹോട്ടലുകള്‍ അടുത്തുതന്നെയുള്ളപ്പോഴാണ് ഈ കച്ചവടം നടന്നത്.
കോഴിക്കോട് നിലവിലുള്ള ബാര്‍ ഹോട്ടലുകളില്‍ ഒന്ന് വളരെ പഴയഗ്രൂപ്പിന്റേതാണ്. മറ്റ് പലരും ലീസില്‍പെടും. ബാര്‍ കേസ് ഉത്ഭവിക്കും മുമ്പ് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് വാടകയ്‌ക്ക് എടുക്കലാണ്. കെ.എഫ്.സി. പോലുള്ള സ്‌ഥാപനങ്ങളില്‍ നിന്നും കോടികള്‍ വായ്‌പയെടുത്ത് പണിത മന്ദിരങ്ങള്‍ക്ക് പണം തിരിച്ചടയ്‌ക്കാന്‍ മാര്‍ഗമില്ലാതായപ്പോഴാണ് ബാറുകള്‍ പലരും വാടകയ്‌ക്ക് നല്‍കിയത്. ഡെയ്‌ലി കളക്ഷന്‍ നല്‍കിയവര്‍ തന്നെ പിന്നീട് ബാര്‍ എറ്റെടുത്ത സംഭവങ്ങളുമുണ്ട്.
പലപ്പോഴും ഗ്രൂപ്പുകളോ വ്യക്‌തികള്‍ തന്നെയോ ഒന്നില്‍ കൂടുതല്‍ ബാറുകള്‍ വാടകയ്‌ക്കോ ലീസിനോ എടുക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. കെ.എഫ്.സി. പോലുള്ള സ്‌ഥാപനങ്ങള്‍, ഷെഡ്യൂള്‍ഡും ന്യൂ ജനറേഷനുമുള്‍പ്പെട്ട ബാങ്കുകള്‍ എന്നിവയ്‌ക്കു പുറമെ സ്വകാര്യ പണമിടപാടു സ്‌ഥാപനങ്ങളും ബാറിന് ഉദാരമായി വായ്‌പ നല്‍കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവരുടെയെല്ലാം തിരിച്ചടവ് മുടങ്ങും. നടപടികളിലേയ്‌ക്ക് നീങ്ങുന്നതോടെ അമിതപണം ആഗ്രഹിച്ച രണ്ടു കൂട്ടര്‍ക്കും നഷ്‌ടം സഹിക്കേണ്ടിയും വന്നേയ്‌ക്കും.
സോണി നെല്ലിയാനി
from kerala news edited
via IFTTT