Story Dated: Friday, April 3, 2015 03:26
മലപ്പുറം: മങ്കട ചേരിയം മലയിലെ കുമാരഗിരി എസ്‌റ്റേറ്റിലേക്ക് വെല്‍ഫെയര്‍പാര്‍ട്ടി നടത്തിയ ഭൂസമരത്തില്‍ പങ്കെടുത്ത സ്‌ത്രീകളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്‌ത പുരുഷ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌ത് നിയമനടപടി സ്വീകരിക്കണമെന്നു വെല്‍ഫെയര്‍പാര്‍ട്ടി വനിതാ വിഭാഗം നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് സ്‌ത്രീകളടക്കമുള്ളവര്‍ നടത്തിയ ഭൂസമര മാര്‍ച്ച് നേരിടാന്‍ മൂന്നു വനിതാ പൊലീസിനെ മാത്രമാണ് എസേ്‌റ്ററ്റ് പരിസരത്ത് നിയോഗിച്ചത്. തുടര്‍ന്ന് പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്ന് വെല്‍ഫെയര്‍പാര്‍ട്ടി വനിതാ ഭാരവാഹികള്‍ പറഞ്ഞു. സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ കീറിയും ലാത്തികൊണ്ടടിച്ചും പരുക്കേല്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്‌തു. എന്നാല്‍ പൊലീസുകാരെ ആക്രമിച്ചു എന്ന വ്യാജ കേസുണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്യുകയായിരുന്നു പൊലീസ്. ഇതിനെതിരെ നല്‌കിയ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മര്‍ദനത്തിന് നേതൃത്വം നല്‌കിയ പെരിന്തല്‍മണ്ണ സി ഐ, മങ്കട എസ് ഐ മറ്റു പൊലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍, വനിതാ സെല്‍, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‌കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ സംരക്ഷിക്കാന്‍ നീക്കം നടന്നാല്‍ കോടതിയെ സമീപിക്കും. ഭൂരഹിതര്‍ക്ക് അര്‍ഹമായ ഭൂമി ലഭിക്കും വരെ സമരം തുടരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത റംല മമ്പാട്, സുഭദ്ര വണ്ടൂര്‍, നസീറാ ബാനു, ഫായിസ, മിനുമുംതാസ് എന്നിവര്‍ അറിയിച്ചു.
from kerala news edited
via IFTTT