Story Dated: Sunday, January 11, 2015 09:37
കൊച്ചി: ഭാര്യ സുനന്ദാ പുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില്‍ പെട്ട ശേഷം ശശി തരൂര്‍ ആദ്യമായി തലസ്‌ഥാനത്തേക്ക് തിരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ 8.15 ന് ജെറ്റ് എയര്‍ വേയ്‌സില്‍ അദ്ദേഹം മുംബൈയിലേക്ക് പോയി. മുംബൈ വഴി ഡല്‍ഹിയില്‍ എത്തും.
വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചാണ് തരൂര്‍ വിമാനം കയറിയത്. കൊലപാതക കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം ഇതാദ്യമായിട്ടാണ് ശശി തരൂര്‍ ഡല്‍ഹിയിലേക്ക് പോകുന്നത്. മുംബൈയിലെത്തി നിയമ വിദഗ്‌ദ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാകും അദ്ദേഹം ഡല്‍ഹിയില്‍ എത്തുകയെന്നാണ് ഊഹാപോഹം. ഡല്‍ഹിയില്‍ പോലീസ് കമ്മീഷണറും കോണ്‍ഗ്രസ് നേതൃത്വവുമായും തരൂര്‍ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് സൂചന.
സംഭവത്തില്‍ തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാനും പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കാനാകും നീക്കം. കേസില്‍ തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഡല്‍ഹി പോലീസിനോട് ചോദിക്കാനും തരൂര്‍ ഇന്നലെ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ മാതാവിനൊപ്പം ഇന്നലെ പകല്‍ മുഴുവന്‍ ചെലവഴിച്ച തരൂര്‍ അവര്‍ക്കൊപ്പം ബിനാലെ കാണാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പൊതിഞ്ഞിരുന്നു. രണ്ടു മണിക്കൂറോളം ബിനാലേ വേദിയില്‍ ചെലവഴിച്ച ശേഷമാണ് ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തി മുംബൈയ്‌ക്ക് പറന്നത്.
അതിനിടയില്‍ സുനന്ദയുടെ മരണത്തിന് കാരണമായ വിഷം തിരിച്ചറിയാന്‍ ആന്തരികാവയവങ്ങള്‍ ലണ്ടനിലേക്ക് അയയ്‌ക്കാനുള്ള അനുമതി ഡല്‍ഹിയിലെ സാകേത് കോടതി ഡല്‍ഹി പോലീസിന് നല്‍കി. റേഡിയോ ആക്‌ടീവ് ഘടകങ്ങള്‍ അടങ്ങിയ വിഷമാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്ന സൂചനകളെ തുടര്‍ന്നാണ് അവയവങ്ങള്‍ ലണ്ടനിലെ ലാബിലേക്ക് അയയ്‌ക്കുന്നത്.
ശശി തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായണ്‍ സിങിനെ ചോദ്യംചെയ്യുന്നതിനിടയില്‍ പറഞ്ഞ പല കാര്യങ്ങളും പരസ്‌പരവിരുദ്ധമായതിനാല്‍ നുണ പരിശോധനയ്‌ക്കു വിധേയനാക്കാനാക്കിയേക്കും. എന്നാല്‍ ഇതിനു കോടതിയുടെ അനുമതി വേണം. സുനന്ദ മരിച്ചദിവസം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന സഞ്‌ജയ് ദിവാനെന്ന കുടുംബ സുഹൃത്തിനെയും പെലീസ് ചോദ്യംചെയ്യാനിരിക്കുകയാണ്. സഞ്‌ജയ് ദിവാനാണു സുനന്ദ മരിച്ചുകിടക്കുന്നതായി തരൂര്‍ കണ്ടശേഷം ഡോക്‌ടറെ വിളിച്ചത്.
മൊത്തം 15 പേരെ ചോദ്യംചെയ്യാനാണു പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നത്. ശശി തരൂരിനെ ചോദ്യംചെയ്യുന്ന തീയതി നിശ്‌ചയിച്ചിട്ടില്ല. തരൂരിന്റെ ഡ്രൈവര്‍ ബജ്രംഗി, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആയിരുന്ന ആര്‍.കെ. ശര്‍മ, സുഹൃത്ത് സഞ്‌ജയ് ദിവാന്‍, പത്രപ്രവര്‍ത്തക നളിനി സിങ് എന്നിവരും ഇതില്‍പ്പെടുന്നു. സുനന്ദ താമസിച്ചിരുന്ന ലീല ഹോട്ടലില്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ പരിശോധന നടത്തി. ജീവനക്കാരെ ചോദ്യംചെയ്‌തു. മരണം നടന്നശേഷം ഹോട്ടലില്‍ നിന്നു പോയ ഒരു ജീവനക്കാരനെ ഇനി ചോദ്യംചെയ്യാനുണ്ട്.
from kerala news edited
via IFTTT