Story Dated: Wednesday, January 28, 2015 08:22
തൃശൂര്‍: അന്തരിച്ച പ്രശസ്‌ത നടന്‍ മാള അരവിന്ദന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്‌ജലി. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ നിന്ന് തൃശൂരിലെത്തിച്ച മൃതദേഹം സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് അദ്ദേഹം മാള സെന്റ് ആന്റണീസ് സ്‌കൂളിലും പൊതുദര്‍ശനത്തിന്. സംഗീത നാടക അക്കാദമി ഹാളിലും സെന്റ് ആന്റണീസ് സ്‌കൂളിലുമായി മാളയെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ പ്രിയ താരത്തിന് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം മാളയിലെ വളമയിലുള്ള വീട്ടിലെത്തിച്ചത്. സിനിമാ രംഗത്ത് നിന്ന് നിരവധി സഹപ്രവര്‍ത്തകരും പൊതുജനങ്ങളും മാളയിലെ വീട്ടിലെത്തി പ്രിയ നടന് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.
മാള അരവിന്ദന്റെ സംസ്‌കാരം നാളെ രാവിലെ എട്ടിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടക്കും. ഇന്ന് രാവിലെ 6.30ന് കോവൈ മെഡിക്കല്‍ സെന്ററിലായിരുന്നു മാളയുടെ അന്ത്യം.ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്‌ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്‌ജലികളുമായി സിനിമാ ലോകവും മാളയിലേക്ക് ഒഴുകി. വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ അടക്കിവാണ നടനായിരുന്നു മാള അരവിന്ദനെന്നാണ് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചത്. സിനിമയെയും സംഗീതത്തെയും സ്‌നേഹിച്ച സുഹൃത്തിനെയാണ് നഷ്‌ടമായത്. സിനിമയില്‍ തിളങ്ങിനിന്ന കാലത്തും അവസരം കുറഞ്ഞ സമയത്തും ഒരേരീതിയില്‍ ഇടപെട്ട നടനായിരുന്നു മാളയെന്ന് നടന്‍ നെടുമുടി വേണു അനുസ്‌മരിച്ചു. ഇന്നസെന്റ്, കുഞ്ചന്‍, ഹരീശ്രീ അശോകന്‍, മോഹന്‍ സിത്താര, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും മാളാ അരവിന്ദന് ആദരാജ്‌ഞലി അര്‍പ്പിച്ചു.
from kerala news edited
via IFTTT