Story Dated: Thursday, January 29, 2015 01:41
കോഴിക്കോട്: സംസ്‌ഥാന സ്‌കൂള്‍ കലോത്സവ ആരവമൊഴിഞ്ഞ കോഴിക്കോട് നഗരം ദേശീയ ഗെയിംസിനെ വരവേല്‍ക്കാനൊരുങ്ങി. അവസാനഘട്ട മിനുക്കു പണികളാണ് പൂര്‍ത്തിയായി വരുന്നത്. ദേശീയ ഗെയിംസിനായി 40 ടീമുകളാണ് കോഴിക്കോട് എത്തിച്ചേരുക. കായികതാരങ്ങള്‍ ഉള്‍പ്പെടെ 741 അതിഥികളെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ദേശീയ ഗെയിംസിനായി നവീകരിച്ച കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് നാലരയ്‌ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍വഹിക്കും. മേയര്‍ പ്ര?ഫ: എ.കെ. പ്രേമജം അധ്യക്ഷത വഹിക്കും. പവലിയന്‍ മന്ത്രി ഡോ: എം.കെ. മുനീറും നവീകരിച്ച ഫുട്‌ബോള്‍ ഗ്രൗണ്ട് എം.കെ. രാഘവന്‍ എം.പിയും ഉദ്‌ഘാടനം ചെയ്ുയമെന്ന് ജില്ലാ കലക്‌ടര്‍ സി.എ. ലത അറിയിച്ചു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ടുതവണ അവലോകന യോഗം ചേര്‍ന്നിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു. പുരുഷന്മാരുടെ ഫുട്‌ബോള്‍ മത്സരം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലും മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലുമാണ് നടക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ ഒമ്പത് വരെയാണ് മത്സരങ്ങള്‍. വനിതകളുടെയും പുരുഷന്മാരുടെയും ബീച്ച് വോളിബാള്‍ മത്സരം ഒന്ന് മുതല്‍ നാലുവരെ നടക്കും. പുരുഷന്മാരുടെ വോളിബാള്‍ മത്സരം ഒമ്പതിന് ആരംഭിച്ച് 13-ന് സമാപിക്കും. ബീച്ച് വോളിബാള്‍ കോഴിക്കോട് ബീച്ചില്‍ പ്രത്യേക ഗ്രൗണ്ടിലാണ് നടക്കുക. ബീച്ച് വോളിക്ക് പുരുഷവനിത വിഭാഗങ്ങളില്‍ ആതിഥേയരായ കേരളം രണ്ട് വീതം ടീമുകളെയാണ് കളിക്കളത്തിലിറക്കുക.
വോളിബോള്‍ മത്സരങ്ങള്‍ ഇന്റര്‍ സ്‌റ്റേഡിയത്തിലെ രണ്ട് കോര്‍ട്ടുകളിലായാണ് നടത്തുക. രാത്രിയും പകലും മത്സരം നടത്തുന്നതിനായി വെളിച്ചം ക്രമീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ സിന്തറ്റിക് ഗ്രൗണ്ട് നേരത്തെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തിരുന്നു. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തോടനുബന്ധിച്ച് ജനറേറ്റര്‍ സൗകര്യം, പൊലീസ് കണ്‍ട്രോള്‍ റൂം, ഫുഡ് കോര്‍ട്ട്, ടോയ്‌ലറ്റ് സംവിധാനം, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഡ്രസിങ് റൂം, മീഡിയ റൂം, മെഡിക്കല്‍ റൂം എന്നിവയും നവീകരിച്ചിട്ടുണ്ട്. ഫളഡ്‌ലിറ്റ് ഉള്‍പ്പെടെ വെളിച്ച സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കായിക താരങ്ങള്‍ക്ക് ഉള്‍പ്പെടെ നഗരത്തിലെത്തുന്ന 741 അതിഥികള്‍ക്ക് താമസിക്കാന്‍ 374 എ.സി. റൂമുകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ നിലവിലുള്ള 14 മുറികളുടെ നവീകരണത്തിന് ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി അനുവദിച്ചിരുന്നു. മത്സരത്തോടൊപ്പം കായികതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് സി.സി.ടി വി. ക്യാമറകളും സ്‌ഥാപിക്കും.
കടല്‍ത്തീരത്ത് സുരക്ഷാ വേലികള്‍ സ്‌ഥാപിക്കുന്നതിനൊപ്പം പോലീസിനെയും വൊളണ്ടിയര്‍മാരെയും നിയോഗിക്കും. 1000 പോലീസുകാരെയും വൊളണ്ടിയര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിക്കും. എല്ലാ കളിക്കളങ്ങളിലും ഡോക്‌ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും എത്തുന്ന കായികതാരങ്ങളെ കേരളത്തിന്റെ പൈതൃക രീതിയില്‍ വരവേല്‍ക്കും. ആദ്യം വരുന്ന ടീമിനെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിക്കുക. കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു ഹെല്‍പ്പിംഗ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
ദേശീയ ഗെയിംസ് ദിനങ്ങളില്‍ നഗരത്തിന് നിശ്‌ചിത പരിധി അകലെ മാത്രമേ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. യാത്രക്കാരെ പുതിയ സ്‌റ്റാന്റില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി. സിയുടെ ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കും.
from kerala news edited
via IFTTT