121

Powered By Blogger

Wednesday, 28 January 2015

എം.എല്‍.എയെ അധിക്ഷേപിച്ച കൗണ്‍സിലറെ മേയര്‍ സസ്‌പെന്‍ഡു ചെയ്‌തു











Story Dated: Thursday, January 29, 2015 01:42


തിരുവനന്തപുരം: വി.ശിവന്‍കുട്ടി എം.എല്‍.എയെ കോമാളിയെന്ന യു.ഡി.എഫ്‌ കൗണ്‍സിലറുടെ പരാമര്‍ശത്തെ തുടര്‍ന്ന്‌ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഭരണ-പ്രതിപക്ഷ വാക്കേറ്റത്തെ തുടര്‍ന്ന്‌ മേയര്‍ അവസാനം കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ചാല അട്ടക്കുളങ്ങര സെന്‍ട്രല്‍സ്‌കൂള്‍ വളപ്പില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടെര്‍മിനല്‍ പണിയുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ്‌ ബഹളത്തില്‍ കലാശിച്ചത്‌. വലിയ ഗതാഗതക്കുരുക്കുണ്ടാകുന്ന കിഴക്കേകോട്ടയില്‍ ബസ്‌ ടെര്‍മിനല്‍ പണിയാനുള്ള ട്രിഡയുടെ പദ്ധതിക്ക്‌ നഗരസഭ പിന്തുണ നല്‍കണമെന്ന്‌ യു.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ ചര്‍ച്ചക്കിടെ പറഞ്ഞു.


എന്നാല്‍ ബസ്‌ടെര്‍മിനലിന്റെ മറവില്‍ ഷോപ്പിംഗ്‌ മാളുകള്‍ പണിയാനാണ്‌ ട്രിഡയുടെ ലക്ഷ്യമെന്ന്‌ ഭരണപക്ഷം തിരിച്ചടിച്ചു. ഇതിനിടയിലാണ്‌ പ്രതിപക്ഷ കൗണ്‍സിലര്‍ ഹരികുമാര്‍ എല്ലാനഗരവികസനപദ്ധതിക്കും എതിരുനില്‍ക്കുന്നത്‌ വി.ശിവന്‍കുട്ടി എം.എല്‍.എയാണെന്നും, എല്ലായിടത്തും സമരവുമായി വരുന്ന കോമാളിയാണ്‌ അദ്ദേഹമെന്നും ആരോപിച്ചത്‌. ഹരികുമാറിന്റെ കോമാളി പരാമര്‍ശത്തോടെ കൗണ്‍സില്‍ യോഗം പ്രക്ഷുബ്‌ധമായി. സഭയിലില്ലാത്ത ജനപ്രതിനിധിയെ അധിക്ഷേപിച്ച കൗണ്‍സിലര്‍ പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പ്‌ പറയണമെന്ന്‌ മേയര്‍ ആവശ്യപ്പെട്ടു.


എന്നാല്‍ മേയറുടെ ആവശ്യം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തള്ളി. ഇതോടെ അനാവശ്യപ്രസ്‌താവന നടത്തിയ ഹരികുമാറിനെ സസ്‌പെന്‍ഡു ചെയ്‌തായി മേയര്‍ സഭയെ അറിയിച്ചു. എന്നാല്‍ നടപടി അംഗീകരിച്ച്‌ സഭ വിട്ടു പുറത്തിറങ്ങാന്‍ ഹരികുമാര്‍ തയ്യാറാകാത്തതോടെ ഇരുപക്ഷവും വാക്കേറ്റം തുടര്‍ന്നു.


സഭാ അധ്യക്ഷയുടെ റൂളിംഗ്‌ അനുസരിക്കാത്തത്‌ ഗുരുതരമായ അച്ചടക്കലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി എല്‍. ഡി. എഫ്‌ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ ഹരികുമാറിന്റെ സസ്‌പെന്‍ഡ്‌ നിലനിര്‍ത്തി എല്ലാ പ്രമേയങ്ങളും പാസായതായി അറിയിച്ച്‌ മേയര്‍ യോഗം പിരിച്ചുവിടുകയായിരുന്നു.


എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്‌ നേരിടേണ്ടിവരുന്ന പല പ്രമേയങ്ങളും യോഗത്തില്‍ ചര്‍ച്ചക്കെടുക്കാതെ പാസാക്കുന്നതിന്‌ മനപ്പൂര്‍വമാണ്‌ ബഹളാന്തരീക്ഷം സൃഷ്‌ടിച്ചതെന്നും ചില യു. ഡി. എഫ്‌ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയിലെ താത്‌കാലിക ജീവനക്കാരുടെ കാലാവധി നീട്ടുന്നതിനും, പല ജീവനക്കാരുടേയും വേതനം വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രമേയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബി. എസ.്‌ യു. പി പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി മാര്‍ച്ച്‌ 15വരെ നീട്ടിയതിനാല്‍ പദ്ധതിയുടെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആന്‍ഡ്‌ ഓഫീസ്‌ ചിലവിനായുള്ള തുക ബി .എസ.്‌ യു. പി ഫണ്ടില്‍ നിന്നും അനുവദിക്കില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കൈരളി, നിള, ശ്രീ, ശ്രീപദ്‌മനാഭ, ദേവിപ്രിയ എന്നീ തീയറ്ററുകളില്‍ ആധുനിക സജ്‌ജീകരണങ്ങള്‍ നടത്തി നവീകരിച്ചതിനാല്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പ്രമേയവും യോഗത്തില്‍ പാസാക്കി.










from kerala news edited

via IFTTT