121

Powered By Blogger

Sunday, 21 December 2014

ഡിജിറ്റല്‍ പാഠപുസ്തകം; സ്വകാര്യ പുസ്തകപ്രസാധകര്‍ സ്വന്തമാക്കാന്‍ ശ്രമം







ഡിജിറ്റല്‍ പാഠപുസ്തകം; സ്വകാര്യ പുസ്തകപ്രസാധകര്‍ സ്വന്തമാക്കാന്‍ ശ്രമം


കണ്ണൂര്‍: ഒന്നുമുതല്‍ പത്താം തരംവരെയുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതി സ്വകാര്യ പുസ്തകപ്രസിദ്ധീകരണ കമ്പനിക്കു നല്‍കാനുള്ള നീക്കം എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു.

കഴിഞ്ഞ ദിവസം നടന്ന കരിക്കുലം കമ്മിറ്റിയിലാണ് ഒരു സ്വകാര്യ പ്രസാധന കമ്പനിയുടെ ആവശ്യം സര്‍ക്കാരിന്റെ നിര്‍ദേശമായി വന്നത്. കരിക്കുലം കമ്മിറ്റിയില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ വിവിധ സംഘടനാനേതാക്കള്‍ എതിര്‍ത്തതോടെ തീരുമാനം നടപ്പായില്ല. പിന്നീട് പദ്ധതി ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതിക്കു കീഴിലാക്കാമെന്ന് എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഭാവിയില്‍ ഡിജിറ്റല്‍ പദ്ധതി സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനാണു നീക്കം നടക്കുന്നതെന്നും സര്‍ക്കാരിലെ ചിലരുമായി ഇക്കാര്യം നേരത്തേ പ്രസാധകര്‍ സംസാരിച്ചെന്നും കമ്മിറ്റിയംഗങ്ങളില്‍ ചിലര്‍ സൂചിപ്പിച്ചു.


മുഴുവന്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളും അടുത്ത വര്‍ഷം മുതല്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കാനാണു തീരുമാനം. ഒന്നുമുതല്‍ പത്തുവരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളുടെയും ഡിജിറ്റല്‍ ഫോര്‍മാറ്റ് തയ്യാറാക്കും. അതനുസരിച്ച് ആവശ്യത്തിനുള്ളവ അടിച്ചാല്‍ മതിയാകും. കൂടുതല്‍ കോപ്പികള്‍ അടിക്കുകയോ അത്യാവശ്യത്തിന് കോപ്പികള്‍ കിട്ടാതാവുകയോ ചെയ്യില്ല. കുട്ടികള്‍ക്കും മറ്റും ആവശ്യമുണ്ടെങ്കില്‍ പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സ്‌കൂള്‍ തുറന്ന് മാസങ്ങളായിട്ടും പാഠപുസ്തകങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ഇതോടെ ഒഴിവാകും.


നിലവില്‍ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ നേരിട്ടാണ് അച്ചടിക്കുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റും ഇങ്ങനെ ചെയ്യാനാണു തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, വ്യാഴാഴ്ച തിരുവനന്തപുരത്തു നടന്ന കരിക്കുലം കമ്മിറ്റിക്കു മുമ്പില്‍ വന്ന അജന്‍ഡയില്‍ പത്താമത്തെ നിര്‍ദേശമായാണ് സ്വകാര്യ പുസ്തകപ്രസാധന കമ്പനിയുടെ കാര്യം പറയുന്നത്. കേരളത്തിലെ ഒരു പ്രമുഖ പുസ്തകപ്രസാധന കമ്പനി ഇക്കാര്യം ഏറ്റെടുത്തു നടത്താന്‍ പദ്ധതി തന്നിട്ടുണ്ട്. അക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് കരിക്കുലം കമ്മിറ്റിയോടാവശ്യപ്പെട്ടത്.

ഐ.ടി. അറ്റ് സ്‌കൂള്‍ പോലുള്ള സംവിധാനം നിലവിലുള്ളപ്പോള്‍ എന്തിനാണ് സ്വകാര്യ പുസ്തകപ്രസാധകരെ ഏല്പിക്കുന്നതെന്ന ചോദ്യം യോഗത്തിലുയര്‍ന്നു. പാഠപുസ്തകപ്രസാധനം സ്വകാര്യകമ്പനികള്‍ക്കു കൈമാറാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്ന് ചിലര്‍ വിമര്‍ശിച്ചതോടെ നിര്‍ദേശം തത്കാലം ഒഴിവാക്കുകയായിരുന്നു.


സംസ്ഥാനസര്‍ക്കാരിന്റെ പാഠപുസ്തക അച്ചടി കോടിക്കണക്കിനു രൂപ ചെലവുവരുന്ന വലിയ പദ്ധതിയാണ്. ഇതേറ്റെടുക്കാന്‍ സ്വകാര്യകമ്പനികള്‍ ഏറെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. തുടക്കത്തില്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പുസ്തകങ്ങള്‍ പിന്നീട് ആവശ്യാനുസരണം അച്ചടിച്ചുകൊടുത്താല്‍ മതിയാകും.











from kerala news edited

via IFTTT