121

Powered By Blogger

Sunday 21 December 2014

കോളിവുഡില്‍ തിരിച്ചുവരവിന്റെ വസന്തം









നായികമാരുടെ തിരിച്ചുവരവ് കോളിവുഡ് ആഘോഷമാക്കി മാറ്റുകയാണ്. ചെറുതും-വലുതുമായി ഇടവേളകള്‍ സൃഷ്ടിച്ച് വെള്ളിത്തിരയില്‍നിന്നും വിട്ടുനിന്ന നായികമാര്‍ തിരിച്ചുവരികയാണ്. ലിസി,ശ്രീദേവി,ജ്യോതിക,ഗൗതമി,അമല,മധുബാല,അഭിരാമി,ശ്രേയറെഡി തുടങ്ങി ഒരുകൂട്ടം നായികമാരാണ് തമിഴ്‌സിനിമയിലേക്ക് രണ്ടാംവരവ് നടത്തുന്നത്.

പ്രിയദര്‍ശനുമായി വിവാഹമോചനത്തിലേക്കുനീങ്ങിയ ലിസിയുടെ തിരിച്ചുവരവാണ് തമിഴകം ചര്‍ച്ചചെയ്യുന്നതില്‍ ഏറ്റവും പ്രധാനം. എന്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാളം -തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ പേരെടുത്ത ലിസിയുടെ തിരിച്ചുവരവ് തമിഴ് സിനിമയിലൂടെയാണെന്ന് അവരുമായുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.2013-ല്‍ ദേശീയ പുരസ്‌ക്കാരത്തിനര്‍ഹമായ തങ്കമീനുകളൊരുക്കിയ റാമിന്റെ പുതിയ ചിത്രത്തില്‍ ശക്തമായൊരുകഥാപാത്രവുമായി ലിസി തിരിച്ചെത്തുന്നുവെന്നതാണ് കോളിവുഡില്‍നിന്നുള്ള പുതിയവാര്‍ത്ത.


ശ്രീദേവിയുടെ തിരിച്ചുവരവ് ഇളയദളപതിയുടെ ചിത്രത്തിലൂടെയാണ്, ചിമ്പുദേവന്‍ ഒരുക്കുന്ന വിജയ് ചിത്രത്തില്‍ നായകന്റെ അമ്മയായി പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ശ്രീദേവി അവതരിപ്പിക്കുക. ഇടവേളക്കുശേഷം ശ്രീദേവി അഭിനയിച്ച ഇംഗീഷ് വിംഗ്ലീഷ് ഭാഷാഭേദമന്യേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1986 നുശേഷം തമിഴ് സിനിമയുടെ മുഖ്യധാരയില്‍നിന്നു വിട്ടുനിന്നെങ്കിലും മൊഴിമാറിയെത്തിയ ശ്രീദേവി ചിത്രങ്ങള്‍ക്കെല്ലാം കോളിവുഡില്‍ മികച്ച പ്രതികരണം തന്നെലഭിച്ചിരുന്നു.ജന്മനാട്ടിലേക്കു തിരിച്ചുവരാനും തമിഴ്‌സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിലും ഏറെ ആഹ്ലാദമുള്ളതായി ശ്രീദേവി പറഞ്ഞു.





ഹിസ്സ് ഹൈനസ്സ് അബ്ദുള്ള,ധ്രുവം തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗൗതമി സിനിമാലോകത്തുനിന്ന് എട്ടുവര്‍ഷത്തോളമായി വിട്ടു നില്‍ക്കുകയായിരുന്നു.രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയ ഗൗതമി കമലഹാസന്റെ കൈപിടിച്ചുതന്നെയാണ് സിനിമയിലേക്ക് വീണ്ടുംചുവടുവക്കുന്നത്.മലയാളത്തില്‍സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശത്തിലൂടെയാണ് ഗൗതമിയുടെ രണ്ടാം വരവ്. കമലഹാസന്‍നായകനാകുന്ന പാപനാശത്തില്‍ നായികാ വേഷത്തിലാണ് ഗൗതമിയെത്തുന്നത്.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

വീട്ടമ്മയായി ഒതുങ്ങിമാറിയ ജ്യോതികയുടെ തിരിച്ചുവരവിനെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത് മൊഴി,ഖുഷി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം തമിഴകത്ത് ജ്യോതികയ്ക്ക് ഫാന്‍സ് ക്ലബ്ബുകള്‍വരെ ഉണ്ടാക്കാന്‍ ഇടയാക്കിയിരുന്നു. മഞ്ജുവാര്യര്‍ തിരിച്ചുവരവിനായി തിരഞ്ഞെടുത്ത ഹൗഓള്‍ഡ് ആര്‍യുവിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതികയെത്തുന്നത്. റഹ്മാനാണ് ചിത്രത്തിലെ നായകന്‍.സിനിമയുടെ ചിത്രീകരണം ഡല്‍ഹിയില്‍ തുടങ്ങി.


അപ്പോത്തിക്കിരിയെന്ന മലയാളചിത്രത്തിലൂടെ തിരിച്ചുവന്ന അഭിരാമിയുടെ തമിഴ് പ്രവേശനം ജ്യോതികക്കൊപ്പമാണ്.ഹൗ ഓള്‍ഡ് ആര്‍യുവില്‍ കനിഹ ചെയ്ത കഥാപാത്രത്തെയാണ് അഭിരാമി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


എന്റെ സൂര്യപുത്രിയ്ക്ക്,ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ അമലയാണ് കോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മറ്റൊറു നടി, 23 വര്‍ഷത്തെ ഇടവേളക്കുശേഷം അമല മിനിസ്‌ക്രീനിലൂടെയാണ് തിരിച്ചെത്തുന്നത്. ഇവര്‍ക്കായി കോളിവുഡില്‍ പലപ്രോജക്റ്റുകളും അവസാനവട്ട ചര്‍ച്ചയിലാണ്. അമല അഭിനയിക്കുന്ന സീ-തമിഴ് ചാനലിലെ പരമ്പര 'ഉയിര്‍മെയ്' റേറ്റിങ്ങില്‍ മികച്ച പ്രതികരണമുണ്ടാക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.


കാഞ്ചീവരം എന്ന സിനിമയിലെ കഥാപാത്രം മാത്രം മതി ശ്രേയറെഡിയ്ക്ക് പ്രേക്ഷമനസ്സില്‍ ഇടം നേടാന്‍. ബിസിനസ്സുമായി ചുറ്റികറങ്ങിയ ശ്രേയ അഞ്ചുവര്‍ഷത്തിനുശേഷം തിരിച്ചുവരികയാണ്, ആണ്ടവാ കാണൂം- എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളിലൂടെയാണ് ശ്രേയയുടെ തിരിച്ചുവരവ്.


പ്രദര്‍ശനത്തിനെത്തിയ വായ്മൂടിപേശുവും എന്ന ചിത്രത്തിലൂടെയാണ് മധുബാല തമിഴിലേക്ക് വീണ്ടും ചേക്കേറുന്നത് കന്നടയിലും മലയാളത്തിലുമായി ഇവരുടെ പുതിയ സിനിമകള്‍ ഒരുങ്ങുകയാണ്.











from kerala news edited

via IFTTT