121

Powered By Blogger

Sunday, 21 December 2014

മീനുക്കുട്ടി മറക്കില്ല...










'മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ കമല്‍ഹാസന്‍, രജനീകാന്ത്, മോഹന്‍ലാല്‍ എന്നീ താരങ്ങളുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. മമ്മൂട്ടിയുടെ കൂടെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയണേ എന്നതാണ് ഇനിയുള്ള പ്രാര്‍ഥന.''

സിദ്ധിക്-ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'റാംജിറാവ് സ്പീക്കിങ്' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കമിട്ട് 'ഏയ് ഓട്ടോ'യിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നായിക രേഖ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. സുരേഷ് ഗോപിക്കൊപ്പം എം. മോഹനന്റെ 'മൈ ഗോഡാ'ണ് പുതിയ ചിത്രം. തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങള്‍ക്കൊപ്പം മലയാളത്തില്‍ മികച്ച ചിത്രത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് താരം.


'ഫോണിലൂടെ ചിത്രത്തിന്റെ കഥയുടെ വണ്‍ലൈന്‍ കേള്‍ക്കുമ്പോള്‍തന്നെ കാര്യം പിടികിട്ടും. എന്റെ അക്കൗണ്ടില്‍ പ്രതിഫലവും വന്നാല്‍ പിന്നെ മെയ്ക്കപ്പിട്ട് ലൊക്കേഷനില്‍ റെഡിയാകും. എന്നാലും എന്തെങ്കിലും ചെയ്യാനുള്ള ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂ. പണ്ട് ഞാന്‍ നായികവേഷമണിഞ്ഞ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ അമ്മവേഷം ചെയ്യാന്‍ വിളിച്ചാല്‍ മാത്രമേ പ്രശ്‌നമുള്ളൂ.''




കാഴ്ചയില്‍ പഴയ രേഖയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല?


കാഴ്ചയില്‍ മാത്രമല്ല, സ്വഭാവത്തിലും പഴയ രേഖയ്ക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. സിനിമയില്‍ സജീവമായിരുന്ന കാലത്ത് അതിരുകടന്ന മോഹങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. അഭിനയിക്കും, ഇടവേളകളില്‍ അമ്മയുടെ മടിയില്‍ വന്നുകിടക്കും. നല്ല ഭക്ഷണം കഴിക്കും, സമയം കിട്ടുമ്പോള്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യും. പരദൂഷണവും കുശുമ്പും അസൂയയും ഒന്നുമില്ല. കോടികള്‍ സമ്പാദിച്ച് മഹാറാണിയായി വാഴാനൊന്നും എനിക്ക് മോഹമുണ്ടായിരുന്നില്ല. അന്നും ഇന്നും സിനിമ എനിക്ക് പവിത്രമായ ജോലിയായിരുന്നു. മലയാളത്തിലെയും തമിഴിലെയും നല്ല ഗുരുനാഥന്മാരില്‍നിന്ന് കിട്ടിയ ശിക്ഷണമുണ്ട്. അതാണെന്റെ കരുത്ത്.


സിനിമയുടെ തിരക്കില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നപ്പോള്‍?


വിവാഹത്തിന് ശേഷമാണ് ഞാന്‍ സിനിമയില്‍നിന്ന് മാറിനിന്നത്. അതെന്റെ ബോധപൂര്‍വമായ തീരുമാനത്തിന്റെ ഫലമാണ്. സിനിമയില്‍നിന്ന് ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. കാരണം അന്നത്തെ മിക്ക നായകന്മാരും 40 വയസ്സിന് മുകളിലുള്ളവരായിരുന്നു.

ജീവിതത്തില്‍ പണത്തിനപ്പുറത്ത് പലതുമുണ്ട്. അത് തിരിച്ചറിഞ്ഞാല്‍ എല്ലാം അഡ്ജസ്റ്റ് ചെയ്യാം. അക്കൗണ്ടില്‍ പണം അധികം വന്നാല്‍ മാത്രമേ ഡിപ്രഷനും ബി.പിയും ഷുഗറും ഉണ്ടാകൂ. അതൊന്നും എന്നെ ബാധിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം എന്റെ 'മുഖ'ത്തിന് കാര്യമായ മാറ്റമൊന്നും സംഭവിക്കാതിരുന്നത്.




മലയാള സിനിമാരംഗത്ത് നല്ല സൗഹൃദങ്ങളുണ്ടായിരുന്നോ?


ഇന്നത്തെപ്പോലെ ഫേസ്ബുക്കോ വാട്ട്‌സ് ആപ്പോ ഉണ്ടായിരുന്ന കാലമായിരുന്നില്ല അത്. ഒരു ചിത്രം ചെയ്യുമ്പോള്‍ ആ സെറ്റിലുള്ളവരുമായി നല്ല ബന്ധമുണ്ടാകും. അടുത്ത സെറ്റിലേക്ക് പോകുമ്പോള്‍ അത് മറക്കും. അത്യാവശ്യത്തിന് മാത്രമേ ഫോണ്‍വിളിപോലും നടത്തിയിരുന്നുള്ളൂ. മലയാള സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തീരാനഷ്ടങ്ങളുണ്ട്. മുരളിയേട്ടന്‍, ലോഹിസാര്‍, വേണു നാഗവള്ളിസാര്‍, സുകുമാരിച്ചേച്ചി അങ്ങനെ ഒത്തിരി മുഖങ്ങള്‍ കയറിവരും. അവരെല്ലാം സമ്മാനിച്ച സ്‌േനഹവും കെയറിങ്ങുമാണ് എന്നെ വളര്‍ത്തിയത്. അതൊന്നും തിരിച്ചുവരില്ലെന്നറിയുമ്പോള്‍ കണ്ണുനിറയും.


മോഹന്‍ലാലിനെ കാണാറില്ലേ?


അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. കാണുമ്പോള്‍ മീനുക്കുട്ടീ സുഖമല്ലേ എന്നൊക്കെ ചോദിക്കും. ഒരു നിറഞ്ഞ ചിരിയില്‍ ഞാന്‍ ഉത്തരവും കൊടുക്കും.


മലയാള സിനിമയിലെ കരുത്തുറ്റ നായികമാരുടെ കാലത്ത് നിറഞ്ഞുനില്‍ക്കാന്‍ രേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്?


ഞാനും ഉര്‍വശിയും കാണുമ്പോള്‍ അക്കാര്യം സംസാരിക്കാറുണ്ട്. ഞാന്‍, ഉര്‍വശി, ശോഭന, രേവതി, രാധിക, രഞ്ജിനി എന്നിങ്ങനെ ഏകദേശം പത്തോളം നായികമാര്‍ മാത്രമുള്ള കാലമായിരുന്നു അത്. ഞങ്ങളെല്ലാം തമിഴിലും തെലുങ്കിലും കന്നടയിലും മാറിമാറി അഭിനയിക്കുന്നതിനാല്‍ ഏറെ സെലക്ടീവാകാനും കഴിയാറുണ്ടായിരുന്നു. 'മഴവില്‍ക്കാവടി'യില്‍ ഉര്‍വശിക്കും 'മണിച്ചിത്രത്താഴി'ല്‍ ശോഭനക്കും 'കിലുക്ക'ത്തില്‍ രേവതിക്കും 'ഏയ് ഓട്ടോ'യില്‍ എനിക്കും ഒരു നടിയുടെ കൈയൊപ്പ് പതിപ്പിക്കുന്ന തരം കഥാപാത്രം കിട്ടി. അതൊന്നും മരിക്കുവോളം മറക്കില്ല.

രേഖയുടെ മകള്‍ അഭിറെയ്‌ന വളര്‍ന്നില്ലേ? അവള്‍ സിനിമയിലേക്ക് വരുമോ?




അവള്‍ ചെന്നൈയില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. ഡിഗ്രി പഠനത്തിനുശേഷം മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും. തമിഴില്‍നിന്നും മലയാളത്തില്‍നിന്നും നിരവധി അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ, ഇപ്പോള്‍ ഫോക്കസ് പഠനത്തിലാണ്. മെഡിസിന് പഠിക്കാനാണ് അവള്‍ക്കിഷ്ടം. എന്നാല്‍ മറ്റേതെങ്കിലും ഡിഗ്രി എടുത്ത് നല്ല സമയത്തുതന്നെ കല്യാണം കഴിപ്പിച്ച് അയയ്ക്കാനാണ് എനിക്കിഷ്ടം. അന്നത്തെപ്പോലെയല്ല ഇന്നത്തെ സിനിമാന്തരീക്ഷം. ഡിപ്പന്‍ഡ് ചെയ്യാന്‍ കഴിയില്ല. എല്ലാ അഭിരുചികളും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങളെല്ലാം ഏറെ ഭാഗ്യവാന്മാരാണ്. 'മൈ ഗോഡി'ന്റെ ഷൂട്ടിങ് തൊടുപുഴയില്‍ നടക്കുമ്പോള്‍ കുറേ ആള്‍ക്കാര്‍ കാണാന്‍ വന്നു. അവരൊക്കെ 'മീനുക്കുട്ടി'യെ മറക്കില്ല എന്നാണ് പിരിയുമ്പോള്‍ പറയുന്നത്. ഒരു നടിയെന്ന നിലയില്‍ ഇതിനപ്പുറം മറ്റൊരംഗീകാരമുണ്ടോ?









from kerala news edited

via IFTTT