മികച്ച നേട്ടമുണ്ടാക്കാന്‍ ലാര്‍ജ്ക്യാപ്-മിഡ്ക്യാപ് ഫണ്ടുകള്‍
Posted on: 20 Dec 2014
ആന്റണി സി. ഡേവിസ്
മൂന്ന് വര്‍ഷമെങ്കിലും 60 മുതല്‍ 80 ശതമാനംവരെ തുക ലാര്‍ജ്-മിഡ് ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് ഈ വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ലാര്‍ജ്-മിഡ്ക്യാപ് ഫണ്ടുകള്‍ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 19.6 ശതമാനമാണ്. അതേസമയം, സെന്‍സെക്‌സ് സൂചികയിലുണ്ടായ നേട്ടം 16.9 ശതമാനംമാത്രവുമാണ്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഫണ്ടുകളാണ് ഈ വിഭാഗത്തിലുള്ളവ. നിലവില്‍ മൊത്തംഫണ്ടുകളിലുള്ള നിക്ഷേപത്തിന്റെ 28.02 ശതമാനവും (ഏകദേശം 1.98 ലക്ഷം കോടി രൂപ) ഈ വിഭാഗത്തിന്റെ സംഭാവനയാണ്. ഫിനാന്‍ഷ്യല്‍, ടെക്‌നോളജി, എനര്‍ജി, ഓട്ടോമൊബൈല്‍, ഹെല്‍ത്ത്‌കെയര്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളിലാണ് വന്‍കിട-മധ്യനിര വിഭാഗത്തിലെ മികച്ച ഫണ്ടുകള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
മികച്ച ഫണ്ടുകള്‍:
ബിര്‍ല സണ്‍ ലൈഫ് ഫ്രണ്ട്‌ലൈന്‍ ഇക്വിറ്റി ഫണ്ട്****
തുടക്കം: 2002 ആഗസ്ത് 30. ആസ്തി 7.71 കോടി(നവംബര്‍ 30, 2014). ഫണ്ട് മാനേജര്‍: മഹേഷ് പാട്ടീല്‍.
ദീര്‍കാലയളവില്‍ മികച്ച മൂലധനനേട്ടം നല്‍കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. കാലാകാലങ്ങളില്‍ ബിഎസ്ഇ 200ലെ മികച്ച സെക്ടറുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്ന രീതിയാണ് ഫണ്ട് പിന്‍തുടരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കാലാവധിയില്‍ ബെഞ്ച്മാര്‍ക്കി(ബിഎസ്ഇ 200)നേക്കാള്‍ നേട്ടം ഫണ്ട് നല്‍കിയതായി കാണാം.
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ 70-80 ശതമാനം നിക്ഷേപവും ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. 20-25 ശതമാനം മിഡ് ക്യാപുകളിലും നിക്ഷേപിച്ചിരിക്കുന്നു. വിപണി മുകളിലേയ്‌ക്കോ താഴേയ്‌ക്കോ ആയിക്കോട്ടെ, ബെഞ്ച്മാര്‍ക്കിനേക്കാള്‍ രണ്ട് ചുവടുമുന്നിലായിരിക്കും എപ്പോഴുംഫണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, എസ്ബിഐ, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്, ടെക്മഹീന്ദ്ര തുടങ്ങിയവയിലാണ് പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്.
ഫ്രാങ്ക് ളിന്‍ ഇന്ത്യ പ്രിമ പ്ലസ് ഫണ്ട്****
തുടക്കം: സപ്തംബര്‍ 29,1994. ആസ്തി: 3,445 കോടി(നവംബര്‍ 30, 2014). ഫണ്ട് മാനേജര്‍: ആനന്ദ് രാധാകൃഷ്ണന്‍
ലാര്‍ജ്-മിഡ് ക്യാപ് വിഭാഗത്തില്‍ ഏറ്റവും പഴയഫണ്ടുകളിലൊന്ന്. മികച്ച അടിസ്ഥാനമുള്ള ഓഹരികള്‍ വില താഴുമ്പോള്‍ ശേഖരിച്ച് നിക്ഷേപകന് മികച്ചനേട്ടം നേടിക്കൊടുക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. അതിനാല്‍തന്നെ 20 വര്‍ഷ ചരിത്രത്തില്‍(വാല്യുറിസര്‍ച്ച്) 4 സ്റ്റാര്‍ റേറ്റിങിന് താഴെ ഇതുവരെ പോയിട്ടില്ല.
58-65 ശതമാനം നിക്ഷേപവും ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. 28-37 ശതമാനം മിഡ് ക്യാപിലും നിക്ഷേപിച്ചിരിക്കുന്നു. സിഎന്‍എക്‌സ് 500 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. പത്ത് വര്‍ഷ കാലാവധിയില്‍ ബെഞ്ച് മാര്‍ക്ക് 14.46 ശതമാനം നേട്ടംനല്‍കിയപ്പോള്‍ ഫണ്ട് നല്‍കിയത് 21.18 ശതമാനം നേട്ടമാണ്. കാറ്റഗറിയിലുണ്ടായ ശരാശരി നേട്ടം 18.86 ശതമാനവും.
എച്ച്ഡിഎഫ്‌സി ഇക്വിറ്റി ഫണ്ട്***
തുടക്കം: ജനവരി 1, 1995. ആസ്തി: 18,399 കോടി. ഫണ്ട് മാനേജര്‍: പ്രശാന്ത് ജെയിന്‍
മികച്ച വളര്‍ച്ചാസാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധനനേട്ടം നേടിക്കൊടുക്കുകയാണ് ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ ഏറ്റവും ആസ്തിയുള്ള ഈ ഫണ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി 65-70 ശതമാനം നിക്ഷേപവും ലാര്‍ജ് ക്യാപ് ഫണ്ടുകളിലാണ്. നാലിലൊന്ന് മിഡ് ക്യാപ് ഓഹരികളിലും നിക്ഷേപിച്ചിരിക്കുന്നു. അതേസമയം 4-5 ശതമാനം നിക്ഷേപം സ്മാള്‍ ക്യാപ് ഓഹരികളിലുമുണ്ട്. വ്യത്യസ്ത വിപണി കാലാവസ്ഥകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ട് 2011-2013 കാലഘട്ടത്തില്‍ പ്രകടനത്തില്‍ അല്പം പിന്നിലായതായി കാണാം. അതിനാല്‍ 2013ലെ ശരാശരി കാറ്റഗറി നേട്ടത്തേക്കാള്‍ താഴെപോയി.
എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ശക്തമായി തിരിച്ചുവരവ് നടത്തി മുഖംരക്ഷിച്ചു. ഒരുവര്‍ഷത്തിനിടെ ഫണ്ട് നല്‍കിയ നേട്ടം 60 ശതമാനമാണ്. വിപണി കരുത്താര്‍ജിച്ചപ്പോള്‍ അതിശക്തമായി തിരിച്ചെത്തിയതാണ് നേട്ടമായത്. കഴിഞ്ഞ പത്ത് വര്‍ഷ കാലാവധിയില്‍ ഫണ്ട് നല്‍കിയത് 22.9 ശതമാനം നേട്ടമാണ്. വളരെ കുറച്ച് ഫണ്ടുകള്‍ മാത്രമാണ് എല്ലാ ബുള്‍ വിപണികളിലും മികച്ച നേട്ടം നല്‍കിയിട്ടുള്ളത്. മികച്ച മാനേജുമെന്റ് കരുത്തില്‍ എച്ച്ഡിഎഫ്‌സി ഇക്വിറ്റി ഫണ്ടിന് അത് നിലനിര്‍ത്താനായി.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഡൈനാമിക് ഫണ്ട്****
തുടക്കം: ഒക്ടോബര്‍ 31,2002. ആസ്തി: 5,647 കോടി. ഫണ്ട് മാനേജര്‍: മിത്തുല്‍ കലവാഡി, ശങ്കര്‍ നരേന്‍(ഇരുവരും 2012 മുതല്‍)
ഓഹരി അധിഷ്ടിത ഫണ്ട് ആണെങ്കിലും പ്രതിരോധത്തിന്റെ ഭാഗമായി സെക്യൂരിറ്റികള്‍ ഉള്‍പ്പടെയുള്ള സ്ഥിരവരുമാന നിക്ഷേപപദ്ധതികളിലും ചെറിയതോതില്‍ നിക്ഷേപം നടത്തിയിരിക്കുന്നു. വിപണിയുടെ തകര്‍ച്ചയിലും നിക്ഷേപകന് മൂലധനനേട്ടം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വിപണിയും ധനവിനിയോഗസാഹചര്യങ്ങളും വിലയിരുത്തിയാണ് വ്യത്യസ്ഥ മേഖലകളില്‍ എത്ര നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത്.
ഒരുവര്‍ഷത്തിനിടെ 73-74 ശതമാനം നിക്ഷേപവും നടത്തിയിരിക്കുന്നത് ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. 19-20 ശതമാനം മാത്രമാണ് മിഡ് ക്യാപുകളിലുള്ളത്. കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ 23.6 ശതമാനം ഫണ്ട് നല്‍കി. ബെഞ്ച് മാര്‍ക്കി(സിഎന്‍എക്‌സ് നിഫ്റ്റി)നേക്കാള്‍ ഏഴ് ശതമാനവും ശരാശരി കാറ്റഗറിയേക്കാള്‍ നാല് ശതമാനവും അധികനേട്ടം നല്‍കി. 2007ല്‍മാത്രം ബെഞ്ച്മാര്‍ക്കിനേക്കാള്‍ കുറഞ്ഞ നേട്ടമാണ് ഫണ്ട് നല്‍കിയത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എംആന്റ്എം, എസ്ബിഐ തുടങ്ങിയവയിലാണ് പ്രധാന നിക്ഷേപം.
ബെഞ്ച്മാര്‍ക്ക്: മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ പ്രകടനം താരതമ്യം ചെയ്യുന്നതിനുള്ള അളവുകോലാണ് ബെഞ്ച്മാര്‍ക്ക്. എല്ലാഫണ്ടുകളും ബെഞ്ചുമാര്‍ക്ക് സൂചികകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. (ഉദാ: ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ പ്രകടനം ബിഎസ്ഇ സെന്‍സെക്‌സിനെ അടിസ്ഥാനമാക്കിയായിരിക്കും).
from kerala news edited
via IFTTT