ഭാരത് സ്റ്റേജ്-4 ഇന്ധനം 2016-ല്‍ കേരളം മുഴുവന്‍
പെട്രോ കെമിക്കല്‍ പദ്ധതി ഉടന്‍
കൊച്ചി: അമ്പലമേട് എണ്ണശുദ്ധീകരണ ശാലയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 2016 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ്-4 ഇന്ധനം കേരളത്തില്‍ ലഭ്യമാകും. ഇതിനു മുന്നോടിയായി ഈ വര്‍ഷം മാര്‍ച്ച് മുതല്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഭാരത് സ്റ്റേജ്-4 ഇന്ധനം ലഭ്യമാക്കും. മികച്ച ഗുണമേന്മയോടൊപ്പം ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹൃദവും ഉറപ്പ് വരുത്തുന്നതാകും ഇത്. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് സള്‍ഫറിന്റെ അംശം കുറച്ചാണ് ഭാരത് സ്റ്റേജ്-4 ഇന്ധനം ഉണ്ടാക്കുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2017 മുതല്‍ രാജ്യത്ത് വിതരണം ചെയ്യുന്ന മുഴുവന്‍ ഇന്ധനവും ഈ വിഭാഗത്തില്‍പ്പെടുന്നതായിരിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.
വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത കൂടും. 0.5 കോടി മെട്രിക് ടണ്‍ പ്രോപ്പലീനും ലഭിക്കും. ഈ പ്രോപ്പലീനെ അടിസ്ഥാനമാക്കി പെട്രോ കെമിക്കല്‍ പദ്ധതിയും റിഫൈനറി വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതിക്ക് പരിസ്ഥിതി വകുപ്പിന്റെ അനുമതി രണ്ടു മാസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. 4800 കോടി രൂപയുടെ പദ്ധതിയാണിത്. റിഫൈനറിയുടെ 24,500 കോടിയുടെ പദ്ധതിയുടെ ഭാഗമായാണ് പെട്രോ കെമിക്കല്‍ പദ്ധതിയും. പെയിന്റ്, പശ, സോള്‍വന്റ് എന്നിവയുടെ നിര്‍മാണത്തിനായുള്ള പെട്രോ കെമിക്കലുകളും ഇതിലൂടെ ലഭിക്കും.
ഇപ്പോള്‍ ഇവ ഇറക്കുമതി ചെയ്യുകയാണ്. പെട്രോ കെമിക്കലുകള്‍ ഇവിടെ ലഭ്യമാകുമ്പോള്‍ കേരളത്തിലെ വ്യവസായ വികസനത്തിന് പുതിയ സാധ്യതകള്‍ തുറക്കും. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന പെറ്റ്‌കൊക് ഉപയോഗിച്ച് 500 മെഗാ വാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ കഴിയും. 1.3 മില്യന്‍ പെറ്റ്‌കൊക് നിലവില്‍ കൊച്ചി റിഫൈനറിയില്‍ സ്റ്റോക്ക് ഉണ്ട്. ഇതുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതോത്പാദനത്തിനായി കെ.എസ്.ഇ.ബി.-ഇന്‍കെല്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
from kerala news edited
via IFTTT