Story Dated: Tuesday, January 20, 2015 04:16
ചാവക്കാട്: ചാവക്കാട് കടല്‍ത്തീരത്തേക്കു ദേശാടന പക്ഷികളുടെ വരവു കുറയുന്നെന്നു റിപ്പോര്‍ട്ട്. പക്ഷിനിരീക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പി.പി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം. ദേശാടന പക്ഷികള്‍ എത്തുന്നുണ്ടെങ്കിലും സീസണ്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ ഇവ മടങ്ങുന്നെന്നും പഠനത്തില്‍ കണ്ടെത്തി.
കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്ന കടല്‍മണ്ണാത്തി, കിഴക്കന്‍നട്ട്, തിരകാട, മംഗോളിയന്‍ മണല്‍കോഴി, ചെറുമണല്‍കോഴി, കടല്‍കാട, കല്ലുരുട്ടികാട, ടെറക്ക് മണലൂതി, ചൊക്കൊലി, പച്ചക്കാലി, കുരുവിമണലൂതി, സ്വര്‍ണമണല്‍കോഴി, ചാരമണല്‍കോഴി, ഹ്യുഗ്ലിന്‍ കടല്‍കാക്ക, തവട്ടുതലയന്‍ കടല്‍കാക്ക, ചെറിയകടല്‍കാക്ക, സൂചിചുണ്ടന്‍ കടല്‍കാക്ക എന്നിവയെ ഈ വര്‍ഷത്തെ സീസണ്‍ തുടക്കത്തില്‍ കണ്ടിരുന്നെങ്കിലും പെട്ടെന്നു തന്നെ അപ്രത്യക്ഷമായി. ആളവിഭാഗങ്ങളില്‍ കടലുണ്ടി ആള ഒഴികെയുള്ള ഒട്ടുമിക്ക ആളപക്ഷികളും ചാവക്കാട് കടപ്പുറത്തിന് അന്യമായിതുടങ്ങി. കഴിഞ്ഞ സീസണില്‍ ഞണ്ടുണ്ണി, ചുവപ്പന്‍ തട്ട് എന്നീ പക്ഷികളെ കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത് ചാവക്കാട് കടല്‍തീരത്തായിരുന്നു.
തീരമണലില്‍ മത്സ്യം ഉണക്കുമ്പോള്‍ ഉണ്ടാകുന്ന പ്രാണികളെയും പുഴുക്കളെയും തിന്നാന്‍ എത്തിച്ചേര്‍ന്നിരുന്ന റോഡിസ്‌റ്റാര്‍ളിംഗ്, വയല്‍ക്കൊതി, കാലിമുണ്ടി പക്ഷികള്‍ പേരിനു മാത്രമാണ് ചാവക്കാടെത്തുന്നത്. മത്സ്യലഭ്യതകുറഞ്ഞതോടെ ഉണക്കാന്‍ മത്സ്യമില്ലാതായതാണ് പക്ഷികളുടെ വരവിനെ ബാധിച്ചത്. മത്സ്യം ഉണ്ടാക്കുന്ന പുഴുക്കളെയും പ്രാണികളെയും ഭക്ഷിക്കുന്ന ചെറുജീവികളെ പിടിക്കാന്‍ സ്‌ഥിരമായി എത്തിച്ചേര്‍ന്നിരുന്ന വിറയന്‍ പുള്ളു പക്ഷിയും ചാവക്കാട് കടല്‍കര ഉപേക്ഷിച്ച അവസ്‌ഥയാണ്. കാലാവസ്‌ഥാ വ്യതിയാനവും കടലില്‍ ഉണ്ടാകുന്ന ചെറുമത്സ്യലഭ്യതകുറവുമാണ് ദേശാടനപക്ഷികളെ ചാവക്കാട് കടല്‍തീരത്തുനിന്നും അകറ്റുന്നതിന്റെ കാരണങ്ങളെന്ന് ശ്രീനിവാസന്‍ പഞ്ഞു. ശ്രീദേവ് പുതൂര്‍, മനോജ് എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.
from kerala news edited
via IFTTT