Story Dated: Tuesday, January 20, 2015 03:15
തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. യു.ഡി.എഫിലെ യജമാനന്മാരുടെ തീരുമാനം നടക്കട്ടെ. മുന്നണിയില്‍ നിന്ന് പുറത്താക്കിയാല്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. മുന്നണിയില്‍ നിന്ന് പറയാന്‍ കഴിയില്ല. തന്നെ പുറത്താക്കുന്നത് മന്ത്രിസഭ നിലനിര്‍ത്താനാണ്. ഗൗരിയമ്മ, സി.പി ജോണ്‍, എം.വി രാഘവന്‍, ജോണി നെല്ലൂര്‍ തുടങ്ങി ഘടകകക്ഷി നേതാക്കളെ തോല്‍പ്പിച്ചതാരാ?
എട്ടു മാസം മാത്രം ശിക്ഷിക്കപ്പെട്ട തന്നെ എട്ടു മാസവും 15 ദിവസം ജയിലിട്ടാണ് ഉമ്മന്‍ ചാണ്ടി സ്‌നേഹം പ്രകടിച്ചത്. മുന്‍ എം.എല്‍.എ, മുന്‍ എം.പി എന്ന നിലയില്‍ സൗജന്യ ചികിത്സ ലഭിക്കാമെന്നിരിക്കേ തടവുപുള്ളിയായ തനിക്ക് സ്വന്തം നിലയില്‍ ചികിത്സ തേടണമെന്ന നിര്‍ദേശവും ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ചു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ കാലം മുതല്‍ വീര്‍പ്പുമുട്ടുകയാണ്. കൊട്ടാരക്കരയില്‍ തനിക്ക് താല്‍പര്യമുള്ള ഒരു സ്ഥാനാര്‍ഥിയെ തന്റെ പാര്‍ട്ടിക്കു വേണ്ടി നിര്‍ത്താന്‍ പോലും തനിക്ക് അവകാശമില്ല. മുന്നോക്ക വികസന കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കാനും മടിയില്ല, ശമ്പളമോ ആനുകൂല്യമോ വാങ്ങുന്നില്ല.
യു.ഡി.എഫ് സ്ഥാപക നേതാവാണ് താന്‍. താനും പി.ടി ചാക്കോയുമാണ് അന്നുണ്ടായിരുന്നത്. ഇപ്പോഴുള്ള പലരും പിന്നീട് വന്നവരാണ്. കെ.എം ജോര്‍ജിനെയും പി.ടി ചാക്കോയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുന്നതില്‍ പ്രയാസമില്ല. യു.ഡി.എഫില്‍ നിന്ന് പുറത്തുപോകുന്ന ബാലകൃഷ്ണപിള്ള അകത്തുള്ളതിനേക്കാള്‍ ശക്തനായിരിക്കും.
തന്നെ പുറത്താക്കണമെന്ന് പറയുന്നത് അഴിമതി കാണിച്ചിട്ടോ സ്വത്തുണ്ടാക്കിയിട്ടോ സരിതയുമായുള്ള ബന്ധം കൊണ്ടോ അല്ല, അഴിമതി ചൂണ്ടിക്കാട്ടിയിട്ടാണ്.
സെപ്തംബര്‍ 28ന് രാത്രിയാണ് താന്‍ മുഖ്യമന്ത്രിയെ ചെന്നുകണ്ട് മാണിയെ കുറിച്ച് പരാതി പറഞ്ഞത്. അദ്ദേഹം ആവശ്യപ്പെട്ടിട്ടാണ് പോയത്. ഗണേഷ്‌കുമാറും തനിക്കൊപ്പമുണ്ടായിരുന്നു. ഗണേഷിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് പോയത്. നവംബര്‍ ഒന്നിനാണ് ബിജു രമേശ് തന്നെ വിളിച്ചത്. വിവാദം ഉണ്ടായ ശേഷം ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. മാണിയെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പരുമല പള്ളിയില്‍ പോയി സത്യം ചെയ്യട്ടെ. ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെ കാമറ പരിശോധിക്കട്ടെ.
തന്റെ് ഫോണ്‍ ചോര്‍ത്തി പുറത്തുവിട്ട ബിജു രമേശിന്റെ ചെയ്തി വളരെ മോശമായ നടപടിയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ബാര്‍ ഇടപാടില്‍ 19 കോടി പിരിച്ചുവെന്ന് പറയുന്നതിലെ സത്യം അറിയില്ല. മാണി സ്വര്‍ണക്കടക്കാരില്‍ നിന്ന് ഒരു കോടി വാങ്ങിയത് അറിയാം. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും വാങ്ങുന്നുണ്ട്. അതിനെ അഴിമതിയായി കാണാന്‍ കഴിയില്ല.
ആദര്‍ശനത്തിനു വേണ്ടി തന്നെ കുറ്റപ്പെടുത്തുന്ന ചിലര്‍ തന്റെ പാര്‍ട്ടിയുടെ ടിക്കറ്റിലാണ് ആദ്യം നിയമസഭയില്‍ എത്തിയത്. ഇത്തരും ചതിയും കാലുവാരലും കണ്ടാലൊന്നും തനിക്കൊന്നും സംഭവിക്കില്ല.
മാണിക്കെതിരെ പറഞ്ഞ പി.സി ജോര്‍ജിനെയും ടി.എന്‍ പ്രതാപനെയും ആരും തൊടില്ല. മന്ത്രിയുടെ മൂന്ന് ക്ളാര്‍ക്കുമാര്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞ ഗണേഷിനെതിരെ നടപടിയെടുത്തു. പാര്‍ട്ടിയുടെ എണ്ണം നോക്കിയാണ് നടപടിയെടുക്കുന്ന യു.ഡി.എഫ് ഗുണം പിടിക്കില്ല. ഞാന്‍ പണംകൊടുത്ത് എന്റെ മണ്ഡലം കൊടുത്ത് വിജയിപ്പിച്ച് മന്ത്രിയാക്കിയ ആളെ തനിക്കെതിരെ തിരിച്ചവരാണ് ഉമ്മന്‍ ചാണ്ടിയും രമേശുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞൂ.
from kerala news edited
via IFTTT