നിക്ഷേപിക്കാം പെന്‍ഷന്‍ പദ്ധതികളില്‍
റിട്ടയര്‍മെന്റിന് ശേഷം വരുന്ന ജീവിതച്ചെലവുകളെ നേരിടുന്നതിനായി ജോലി ചെയ്യുന്ന സമയത്ത് ഒരു നിശ്ചിത തുക ഒന്നിച്ചോ, വര്‍ഷം തോറുമോ മാസം തോറുമോ മാറ്റി വെയ്ക്കുന്ന പദ്ധതിയാണ് റിട്ടയര്‍മെന്റ് പ്‌ളാന്‍. ഇപ്പോള്‍ കിട്ടുന്ന ശമ്പളം വിലക്കയറ്റത്തിന് ആനുപാതികമായി വര്‍ദ്ധിച്ചുകൊണ്ട് നിക്ഷേപത്തുകയില്‍ നിന്നും മാസംതോറും നമുക്ക് ലഭിക്കുവാന്‍ കഴിയണം. അതിനായി നിക്ഷേപിക്കാന്‍ ഗവണ്മെന്റിന്റെയും ഇന്‍ഷുറന്‍സ് കമ്പനികളുെടയും മ്യൂച്വല്‍ ഫണ്ടുകളുടേയും വിവിധ പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്.
ഇന്‍ഷുറന്‍സ് പെന്‍ഷന്‍ പ്ലാനുകള്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് വിവിധ പെന്‍ഷന്‍ പ്ലാനുകളുമായി ആദ്യം രംഗത്ത് വന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും ഇവരുടെ പാത പിന്തുടര്‍ന്നതോടെ പെന്‍ഷന്‍ പ്ലാനുകളുടെ ഒരു വന്‍നിര തന്നെ ഇന്ന് ലഭ്യമാണ്.
അകാലത്തില്‍ നിര്യാണമുണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക നല്‍കുമെന്നതുപോലെ പോളിസി ഉടമ പെന്‍ഷനാകുമ്പോള്‍ പെന്‍ഷനും നല്‍കുന്നതാണ് എല്‍.ഐ.സി.യുടെ പരമ്പരാഗത പെന്‍ഷന്‍ പ്ലാനുകള്‍. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കടന്നുവരവോടെ ഓഹരി അധിഷ്ഠിത പെന്‍ഷന്‍ പ്ലാനുകളും ഇന്ന് ലഭ്യമാണ്. ഇവയെ നിയന്ത്രിക്കുന്നത് ഓഹരി വിപണിയുടെ ഗതിവിഗതികള്‍ ആയതിനാല്‍ കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ അനിശ്ചിതത്വമുണ്ടായിരിക്കും. ഒറ്റത്തവണ പണം നിക്ഷേപിച്ച് കാലാവധിക്ക് ശേഷം പെന്‍ഷന്‍ വാങ്ങാനും മാസം തോറും നിക്ഷേപിച്ചതിന് ശേഷം 45 വയസ്സിന് ശേഷം എപ്പോള്‍ വേണമെങ്കിലും പെന്‍ഷന്‍ വാങ്ങാനും അവസരമുണ്ട്. ഇത്തരം ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്നതിന് ആറ് മാസം മുമ്പ് പണം ഭാഗികമായി പിന്‍വലിക്കുന്നതിനുള്ള അവസരമുണ്ട്.
2004 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാറിന്റെ അധീനതയിലുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിട്ടി ആരംഭിച്ച പദ്ധതിയാണിത്. എന്‍.പി.എസ്. (ന്യൂ പെന്‍ഷന്‍ സിസ്റ്റം) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതിയില്‍ 60 വയസ്സ് വരെയുള്ളവര്‍ക്ക് നിക്ഷേപിക്കാം. പെന്‍ഷന്‍ ലഭിക്കാന്‍ മറ്റ് വഴികളില്ലാത്ത പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഇതില്‍ ചേരാം. പൊതുമേഖലാ ബാങ്കുകള്‍ വഴിയും സ്വകാര്യ ഏജന്‍സികള്‍ വഴിയും ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്.
മ്യൂച്വല്‍ ഫണ്ടുകളിലെ പെന്‍ഷന്‍ പ്ലാനുകള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക കണക്ക് പ്രകാരം 16 ശതമാനം സ്വകാര്യ നിക്ഷേപകരും പെന്‍ഷന്‍ പ്ലാനുകളില്‍ താത്പര്യം കാണിക്കുന്നതിനാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ന് ഈ രംഗത്തേക്ക് കടന്നുവരികയാണ്.
40 ഓളം മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ന് ഇന്ത്യയിലുണ്ടെങ്കിലും യു.ടി.ഐ., ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍, എച്ച്.ഡി.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങളില്‍ മാത്രമേ റിട്ടയര്‍മെന്റ് പ്ലാനുകള്‍ ഇന്ന് നിലവിലുള്ളു. മറ്റ് കമ്പനികളും ഈ രംഗത്തേക്ക് കടന്നുവരാന്‍ തയ്യാറാണെങ്കിലും നികുതിയിളവ് സംബന്ധിച്ച് വ്യക്തത കൈവരാത്തത് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നു. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണെന്നുള്ളത് മ്യൂച്വല്‍ ഫണ്ടുകളുടെ മുഖ്യ ആകര്‍ഷണമാണ്. ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ പെന്‍ഷന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ നിക്ഷേപത്തുക പെന്‍ഷനറുടെ കാലശേഷം നോമിനിക്ക് മാത്രമേ ലഭിക്കൂ. എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപത്തുക പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാന്‍ സാധിക്കും. ഇത് അടിയന്തരഘട്ടങ്ങളില്‍ പ്രയോജനം ചെയ്യും. ഇന്‍ഷുറന്‍സ് പോളിസി തുടര്‍ന്നു പോകുന്നതിന് എല്ലാവര്‍ഷവും പ്രീമിയം അടയ്ക്കണം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ എത്രതുക വേണമെങ്കിലും എപ്പോഴും നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. എല്ലാ സ്‌കീമുകളിലും പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭ്യമാണ്. ആദായനികുതി വകുപ്പിലെ 80 സി പ്രകാരമാണ് ഇത്.
അവസാന തുകയും അടച്ചു കഴിയുമ്പോള്‍ അക്കൗണ്ടിലുള്ള മൊത്തം തുകയെ അടിസ്ഥാനമാക്കിയാണ് എല്ലാ റിട്ടയര്‍മെന്റ് പദ്ധതികളും പെന്‍ഷന്‍ നല്‍കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്നീട് പലിശ നിരക്കിലുണ്ടാവാനിടയുള്ള വ്യതിയാനത്തെ കണക്കാക്കാതെ തന്നെ നിശ്ചിത തുക മാസം തോറും പെന്‍ഷന്‍ നല്‍കുമെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ലാഭവിഹിതമാണ് നല്‍കുന്നത്. യു.ടി.െഎ. റിട്ടയര്‍മെന്‍റ് പ്ലാനില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം പൂര്‍ണമായും പിന്‍വലിച്ച് കൂടുതല്‍ ലാഭം ലഭിക്കുന്ന സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. എല്ലാ കമ്പനികളും പെന്‍ഷന്‍ നല്‍കുന്നതിന് വിവിധ രീതികള്‍ അവലംബിക്കാറുണ്ട്.
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പെന്‍ഷന്‍ പദ്ധതികളിലെ നിക്ഷേപം അത്യന്താപേക്ഷിതമാണ്. പണപ്പെരുപ്പത്തെ നേരിടാനും പെന്‍ഷന്‍ പദ്ധതികള്‍ സഹായിക്കും.
from kerala news edited
via IFTTT