Story Dated: Monday, January 26, 2015 04:01
തിരുവനന്തപുരം: ഗുണ്ടാപ്പിരിവ് നല്‍കാത്ത കടയുടമയെ മര്‍ദ്ദിച്ച് 10000 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതി മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കഴക്കൂട്ടം കുളത്തൂര്‍ ചിത്തിരനഗര്‍ പുതുവല്‍ മണക്കാട്ടില്‍ വീട്ടില്‍ മാസ് എന്നു വിളിക്കുന്ന ദീപു (30) വിനെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ തുമ്പ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഈ കേസുമായി ബന്ധപ്പെട്ട് പീലി ഷിബു എന്നുവിളിക്കുന്ന ഷിബു (35), ഇയാളുടെ അളിയന്‍ പ്രദീപ് (30) എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ അറസ്‌റ്റോടെ മുങ്ങിയ ദീപുവിനെ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ വേഷം മാറി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.
ഇയാളുടെ കൂട്ടാളിയായ പീലി ഷിബുവും പ്രദീപും ഇപ്പോഴും ജയിലിലാണ്. മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ തുമ്പ എസ്.ഐ. വിനീഷ് കുമാര്‍, എ.എസ്.ഐ. ഷാജന്‍, സിറ്റി ഷാഡോ ടീമിലെ പ്രദീപ്, വിനോദ്, രഞ്‌ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT