എസ്ബിഐക്ക് 30 ശതമാനം ലാഭ വര്‍ധന
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 30.2 ശതമാനം ലാഭ വളര്‍ച്ച. 2910 കോടി രൂപയുടെ ലാഭമാണ് ഇക്കാലയളവില്‍ ബാങ്ക് സ്വന്തമാക്കിയത്. പലിശ വരുമാനം, വിവിധ ഫീസുകള്‍, ജീവനക്കാര്‍ക്കായുള്ള ചെലവില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ എന്നിവയാണ് ലാഭം ഉയരാന്‍ സഹായകമായത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2234 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം.
നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറച്ചതിനെ തുടര്‍ന്ന് പലിശ വരുമാനത്തില്‍ 9.2 ശതമാനം വര്‍ധനയുണ്ടായി. മുന്‍ വര്‍ഷത്തെ 12,617 കോടിയില്‍ നിന്ന് 13,777 കോടിയായാണ് വര്‍ധന. വിവിധ ഫീസുകള്‍, കമ്മീഷന്‍ എന്നീ ഇനത്തിലുള്ള വരുമാനം 24.3 ശതമാനം വര്‍ധനയോടെ 5,237 കോടിയായി.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 4.90 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.73 ശതമാനമായിരുന്നു. മുന്‍ വര്‍ഷത്തെ 67,799 കോടിയില്‍ നിന്ന് 61,991 കോടിയായാണ് നിഷ്‌ക്രിയ ആസ്തി കുറഞ്ഞിരിക്കുന്നത്.
from kerala news edited
via IFTTT