121

Powered By Blogger

Sunday, 15 February 2015

ആദായനികുതി ഒഴിവാക്കാം; അഞ്ചു ലക്ഷം രൂപയ്ക്ക് വരെ








ആദായനികുതി ഒഴിവാക്കാം; അഞ്ചു ലക്ഷം രൂപയ്ക്ക് വരെ


Posted on: 14 Feb 2015


എസ് രാജ്യശ്രീ


ഇപ്പോഴത്തെ നികുതി ചട്ടമനുസരിച്ച് 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ 5 ലക്ഷം രൂപ വാര്‍ഷികവരുമാനം ആര്‍ക്കും ഒരു രൂപ പോലും നികുതി നല്‍കാതിരിക്കാനാകും. അതും തികച്ചും നിയമാനുസൃതമായി തന്നെ. കാര്യമായ ബുദ്ധിമുട്ടില്ലാതെ തന്നെ. ആദായനികുതി നിയമം നല്‍കുന്ന ഇളവുകളും ആനുകൂല്യങ്ങളും ബുദ്ധിപൂര്‍വം വിനിയോഗിച്ചാല്‍ മതി. അതിനു സഹായകമായ ചില നിര്‍ദേശങ്ങളിതാ.




ആദ്യം ഉപയോഗിക്കാം ചെലവുകള്‍




നികുതി ഇളവിനായി എല്ലാവര്‍ക്കും ഒരേ പോലെ ആശ്രയിക്കുന്നത് 80 സിയാണ്. പക്ഷേ അതിലെ അവസരങ്ങള്‍ ശരിക്ക് വനിയോഗിക്കാന്‍ പലരും ശ്രദ്ധിക്കുന്നില്ല. പോളിസിയെടുത്തോ ബാങ്കില്‍ നിക്ഷേപിച്ചോ ഇളവു നേടാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതിന് പലപ്പോഴും പണം നീക്കിവെയ്ക്കാകില്ല. ഫലമോ 1.5 ലക്ഷത്തിന്റെ പരിധി പോലും ഉപയോഗിക്കാനാകാതെ വര്‍ഷാവസാനം കനത്ത നികുതി നല്‍കേണ്ടിയും വരും. പകരം സ്വന്തം ജീവിതത്തിലെ ഒഴിച്ചു കൂടാനാകാത്ത ചില ചെലവുകള്‍ക്കുള്ള ഇളവുകള്‍ ആദ്യം ഉപയോഗിച്ചാലോ? അങ്ങനെ ചെയ്താല്‍ കാര്യമായ തുക നീക്കി വെയ്ക്കാതെ തന്നെ 1.5 ലക്ഷമെന്ന പരിധി കൈവരിക്കാം. അപ്പോള്‍ 80 സിയ്ക്ക് പുറമെയുള്ള അവസരങ്ങള്‍ വിനിയോഗിക്കാന്‍ പണം കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാകില്ല. അതായത് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഇളവു നേടാം.




ഭവനവായ്പയും ട്യൂഷന്‍ ഫീസും




നികുതി ദായകര്‍ ഇടത്തരക്കാരാണെന്നതിനാല്‍ മിക്കവര്‍ക്കും ഭവനവായ്പയുണ്ടാകും. ഒന്നോ രണ്ടോ കുട്ടികള്‍ പഠിക്കുന്നുമുണ്ടാകും. കനത്ത ഫീസ് നല്‍കി സ്‌കൂളിലോ പ്രൊഫഷണല്‍ കോഴ്‌സിനോ പഠിക്കുന്ന കുട്ടികളില്ലാത്ത ഇടത്തരം കുടുംബങ്ങള്‍ ഇന്ന് കേരളത്തില്‍ ചുരുക്കമാണ്. ഈ രണ്ട് ഇനത്തിലുമുള്ള ഇളവുകള്‍ ആദ്യമേ തന്നെ പൂര്‍ണമായും ഉപയോഗിക്കുക. ഇതു രണ്ടും വിനിയോഗിച്ചാല്‍ നേരത്തെ സൂചിപ്പിച്ചതു പോലെ ഒന്നര ലക്ഷം രൂപ പരിധിയില്‍ കാര്യമായി ബാക്കിയുണ്ടാകില്ല. ഉദാഹരണത്തിന് 60 000 രൂപ വായ്പയുടെ മുതലിലേയ്ക്കും 35000 രൂപ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന കുട്ടിയുടെ ഫീസിനും ചെലവാക്കുന്ന കുടുംബത്തിന് ഇതു രണ്ടും കഴിച്ച് 55000 രൂപയോളമേ 80 സിയില്‍ ബാക്കി വരൂ.




രണ്ടാമത് നിര്‍ബന്ധിത നിക്ഷേപങ്ങള്‍




പ്രോവിഡന്റ് ഫണ്ട് വിഹിതവും നിലവിലുള്ള പോളിസി പ്രീമിയവും നിര്‍ബന്ധിതനിക്ഷേപങ്ങളാണ്. അടച്ചേ മതിയാകൂ. ഇതു കൂടി കൂട്ടുമ്പോള്‍ 1.5 ലക്ഷം എന്ന പരിധി ഏതാണ്ട് എല്ലാവര്‍ക്കും കൈവരിക്കാന്‍ കഴിയും. എന്നിട്ടും പരിധി കൈവരിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ മാത്രം നിക്ഷേപിക്കുക. അവിടേയും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നികുതി ഇളവുള്ള നല്ല പദ്ധതി കണ്ടെത്തി വേണം നിക്ഷേപിക്കാന്‍. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് മാസം തോറും 2000 മോ 3000 മോ അടച്ചുകൊണ്ടിരുന്നാല്‍ ബുദ്ധിമുട്ടുമില്ലാതെ കാര്യം നടക്കും.

ഇത്തരത്തില്‍ 80 സിയിലെ ഒന്നര ലക്ഷം പൂര്‍ണമായി ഉപയോഗിച്ചാല്‍ തന്നെ നാലു ലക്ഷം രൂപ പൂര്‍ണമായും നികുതിവിമുക്തമാക്കാം. ഇനി ഒരു ലക്ഷം രൂപയ്ക്ക് ഇളവു നേടാന്‍ എന്തെല്ലാം ചെയ്യാമെന്ന് ചിന്തിച്ചാല്‍ മതി. അതിനും നിരവധി അവസരങ്ങളുണ്ട് മുന്നില്‍.





വഴി തുറന്ന് വായ്പകള്‍




ഭവനവായ്പയുള്ളവര്‍ക്ക് എളുപ്പമാണ് കാര്യം. പലിശയിനത്തില്‍ രണ്ടു ലക്ഷം രൂപ വരെ സെക്ഷന്‍ 24 അനുസരിച്ച് കുറവു നേടാം.(80 സിക്ക് പുറമെയാണിതെന്നോര്‍ക്കണം). പുതിയ ബജറ്റ് നിര്‍ദേശം അനുസരിച്ച് പലിശയായി ഒരു ലക്ഷം വരെ അധിക ഇളവ് നേടാനും ഇപ്പോള്‍ അവസരമുണ്ട്. അതായത് ഉയര്‍ന്ന തുകയ്ക്ക് വായ്പയെടുത്തിട്ടുള്ളവര്‍ക്ക് പലിശയിനത്തില്‍ മാത്രം മൂന്നു ലക്ഷം വരെ ഇളവു നേടാം.(പത്തു ലക്ഷം രൂപ 11 % പലിശത്തിന് 15 വര്‍ഷ വായ്പയെടുത്തിട്ടുള്ള വ്യക്തിക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ ഇത്തരത്തില്‍ ഇളവു കിട്ടും. പത്തു വര്‍ഷത്തോളം ഇതു കിട്ടും).

വിദ്യാഭ്യാസ വായ്പയുടെ പലിശയാണ് അടുത്തത്. സെക്ഷന്‍ 80 ഇ അനുസരിച്ച് ഒരു വര്‍ഷം അടയ്ക്കുന്ന മുഴുവന്‍ പലിശയ്ക്കും ഇളവു നേടാം. വായ്പ എടുത്ത വ്യക്തിക്കു പുറമെ, മാതാപിതാക്കള്‍ ,ജീവിത പങ്കാളി എന്നിവര്‍ക്കും ഇതുപയോഗപ്പെടുത്താം. തിരച്ചടവ് തുടങ്ങി എട്ടു വര്‍ഷംവരെയാണ് ഇളവ് കിട്ടുക. (നാലു ലക്ഷം രൂപയുടെ വായ്പയ്ക്ക് വര്‍ഷം 60,000 രൂപയോളം ഇളവു കിട്ടാം.)





എടുക്കണം മെഡിക്ലെയിം




ചികില്‍സാ ചെലവാണ് ഇന്ന് കുടുബ ബജറ്റും തെറ്റിക്കുന്നത്. എന്നാല്‍ മെഡിക്ലെയിം എടുത്താല്‍ ചികില്‍സയ്ക്ക് പണം ഉറപ്പാക്കുന്നതൊടൊപ്പം നികുതി ഇളവു കിട്ടും. 80 ഡി പ്രകാരം 40,000 രൂപ വരെ ഇത്തരത്തില്‍ ഇളവു നേടാം. സ്വന്തം കുടുംബത്തിനായി പരമാവധി 20,000 രൂപയ്ക്ക് പുറമെ മാതാപിതാക്കള്‍ക്കായുള്ള 20,000 രൂപ പ്രീമിയത്തിനും ഇളവ് അനുവദിക്കും.

ഇതിനു പുറമെ വേറേയും ഇളവുകളുണ്ട്. അംഗവൈകല്യമുള്ളവര്‍ക്ക് (80 യു) ഒരു ലക്ഷം രൂപയുടെ ഇളവാണ് ഒന്ന്. അര്‍ഹതപ്പെട്ടവര്‍ക്ക് അംഗവൈകല്യമുള്ള ആശ്രിതരുടെ ചികില്‍സാ ചെലവായി ഒരു ലക്ഷം രൂപ വരേയും മാരക രോഗങ്ങളുടെ ചികില്‍സക്കായി 60,000 രൂപ വരേയും ഇളവു നേടാം. അംഗീകൃതരാഷ്ട്രീയപാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിക്കുന്ന ജീവകാരുണ്യട്രസ്റ്റുകള്‍ക്കും നല്‍കുന്ന സംഭാവനയും വരുമാനത്തില്‍ നിന്ന് ഇളവു ചെയ്യാം. ചിലതില്‍ മുഴുവന്‍ തുകയ്ക്കും ഇളവു ലഭക്കുമെങ്കില്‍ മറ്റുചിലതില്‍ 50 % തുകയേ കുറയ്ക്കാന്‍ സാധിക്കൂ.


ഈ ഇളവുകളില്‍ അനുയോജ്യമായത് ഉപയോഗിച്ചാല്‍ ആര്‍ക്കും അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പൂര്‍ണമായും നികുതി ഒഴിവാക്കാവുന്നതേയുള്ളൂ.





rajyasreesajeev@gmail.com











from kerala news edited

via IFTTT