Story Dated: Sunday, February 15, 2015 07:34
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദവും കോലാഹലങ്ങളും കെട്ടടങ്ങിയ ശേഷം മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ തലസ്‌ഥാന നഗരത്തെ സ്വന്തം പേരിലുള്ള വസ്‌തു വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ലാല്‍ വീണ്ടും ശ്രദ്ധയിലേക്ക് വരുന്നത്.
വന്‍ തുക വിലമതിക്കുന്നതും താരത്തിന് ഏറെ വൈകാരികതയുള്ളതുമായ വെള്ളായണി വണ്ടിത്തടം ഭാഗത്തെ വസ്‌തു താരം വ്യാഴാഴ്‌ച വിറ്റതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇവിടുത്തെ 1.34 ഏക്കര്‍ ഭൂമി താരം ചിറയിന്‍കീഴുകാരനായ ഒരു വിദേശമലയാളിക്ക് വില്‍പ്പന നടത്തിയതായിട്ടാണ് വിവരം. വ്യാഴാഴ്‌ച വൈകിട്ട് താരം തന്നെ നേരിട്ടെത്തി റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.
ലാലിന്റെ കരിയറില്‍ തന്നെ വന്‍ ഹിറ്റായി മാറുകയും താരത്തിന് ദേശീയ പുരസ്‌ക്കാരനേട്ടം സമ്മാനിക്കുകയും ചെയ്‌ത കിരീടത്തിന്റെ ലൊക്കേഷനായ വെള്ളായണിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഇത്. ഈ സിനിമ വന്‍ ഹിറ്റായതിനെ തുടര്‍ന്ന് വൈകാരികതയുടെ ഭാഗമായിട്ടാണ് ഈ വസ്‌തു താരം സ്വന്തമാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അടുത്തിടെയാണ് താരം തിരുവനന്തപുരത്തെ കിന്‍ഫ്രാപാര്‍ക്കിലുള്ള വിസ്‌മയാമാക്‌സ് സ്‌റ്റുഡിയോ എറൈസ് ഗ്രൂപ്പിന് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷവും പേരിലുള്ള നഗരമദ്ധ്യത്തിലെ വസ്‌തുക്കളിലൊന്ന് ലാല്‍ വിറ്റിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം വിവാദത്തില്‍ കുരുങ്ങിയത്. ഉദ്‌ഘാടന പരിപാടിയായ ലാലിസവുമായി ബന്ധപ്പെട്ട് 1.63 കോടി രൂപ സര്‍ക്കാരിന് ലാല്‍ തിരിച്ചു നല്‍കിയിരുന്നു. വസ്‌തു എന്തിനാണ് വില്‍പ്പന നടത്തുന്നതെന്ന് വ്യക്‌തമല്ല. താരം പ്രതികരിച്ചിട്ടുമില്ല.
from kerala news edited
via IFTTT