Story Dated: Sunday, February 15, 2015 01:55
ന്യൂഡല്‍ഹി : വിവാഹശേഷം ഭാര്യയുടെ കുടുംബത്തില്‍ നിന്നും സ്വത്തോ, പണമോ ആവശ്യപ്പെടുന്നതും സ്‌ത്രീധനത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് പതിനേഴ് വര്‍ഷം മുന്‍പ് ഉണ്ടായ കൊലപാതകത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീകോടതി ഉത്തരവ്. ജസ്‌റ്റിസുമാരായ എം.വൈ ഇഖ്‌ബാല്‍, പിനാകി ഘോഷ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.
ഉത്തരാഖണ്ഡ് സ്വദേശി ഭീം സിംഗിന്റെ ഭാര്യ പ്രേമാദേവി പൊള്ളലേറ്റ് മരിച്ച കേസിലാണ് സ്‌ത്രീധനമെന്ന സാമൂഹിക വിപത്ത് രാജ്യത്ത് ശക്‌തമായി നിലനില്‍ക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയത്. വിവാഹത്തിന് മുന്‍പ് താനോ കുടുംബമോ സ്‌ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന ഭീം സിംഗിന്റെയും കുടുംബത്തിന്റെയും വാദം കോടതി തള്ളി. 1997 മേയ്‌മാസം വിവാഹിതയായ പ്രേമാദേവി സെപ്‌റ്റംബര്‍ ഇരുപത്താറിനാണ് പൊള്ളലേറ്റു മരിച്ചത്. വിഷം ഉള്ളില്‍ ചെന്നിരുന്നതായും പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സാഹചര്യ തെളിവുകളെല്ലാം ഭീം സിംഗിന് എതിരാണെന്നും ജീവപര്യന്തം ശിക്ഷ നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ശരിവയ്‌ക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു.
from kerala news edited
via IFTTT