പ്രത്യാശയുടെ പദയാത്രയ്ക്ക് സ്വീകരണം നല്കി
Posted on: 05 Apr 2015
ബെംഗളൂരു: ശ്രീ എം നയിക്കുന്ന 'പ്രത്യാശയുടെ പദയാത്ര'യ്ക്ക് ബെംഗളൂരു കനക്പുര റോഡിലെ തലഗട്ടപുരയില്‍ സ്വീകരണം നല്കി. കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള പദയാത്രയെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സ്വാഗതം ചെയ്തത്.
മതം വൈയക്തികമായ അനുഭവമാണെന്നും മറ്റാരെയും ദ്രോഹിക്കാതെ ജീവിക്കുകയാണ് പ്രധാനമെന്നും ശ്രീ എം പറഞ്ഞു. ഏകം സത്ത് എന്ന ഋഗ്വേദ തത്ത്വം അദ്ദേഹം ഉദ്ധരിച്ചു. സത്ത് ഒന്നേയുള്ളൂ; ജ്ഞാനികള്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നുമാത്രം. മനസ്സില്‍ രത്‌നങ്ങള്‍ നിറയ്ക്കുക; ഒരു മോഷ്ടാവിനും അത് കവരാനാകില്ല എന്നും സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതരാണെന്നുമുള്ള ബൈബിള്‍ വചനങ്ങളും അദ്ദേഹം ഉദ്ധരിച്ചു.
സാമുദായിക സൗഹാര്‍ദത്തിന്റെ ഉജ്ജ്വലമാതൃക ഇന്ത്യയിലുണ്ട്. കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളില്‍ എല്ലാ സന്ദര്‍ശകരെയും നാം സ്വീകരിക്കുകയും നമ്മുടെ സംസ്‌കാരവുമായി സമന്വയപ്പെടാന്‍ സഹായിക്കുകയും ചെയ്തു. മാനവ ഏകത എന്ന കാഴ്ചപ്പാട് നാം ലോകവുമായി പങ്കിട്ടു. മത-സാംസ്‌കാരിക വൈവിധ്യത്തിനിടയില്‍ ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഈ വിവേകംകൊണ്ട് പരിഹരിക്കാന്‍ കഴിയണം -അദ്ദേഹം പറഞ്ഞു.
പദയാത്ര മാര്‍ച്ച് 28-നാണ് ബെംഗളൂരുവിലെത്തിയത്. നഗരപര്യടനം കഴിഞ്ഞ് ഏപ്രില്‍ പത്തിന് ബെംഗളൂരു വിടും.
സമാധാനത്തിനും സൗഹാര്‍ദത്തിനുമുള്ള സന്ദേശവുമായി ഏകതാമിഷന്റെ ആഭിമുഖ്യത്തിലാണു പദയാത്ര. ജനവരി രണ്ടിന് കന്യാകുമാരിയിലാണ് തുടങ്ങിയത്. ശ്രീ എം സ്ഥാപിച്ച സത്സംഗ് ഫൗണ്ടേഷന്റെ വിഭാഗമാണ് ഏകതാമിഷന്‍.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കേരള ജില്ലകള്‍ പിന്നിട്ട്, കൊടക്, മൈസൂര്‍, മണ്ഡ്യ, രാമനഗര വഴിയാണ് പദയാത്ര ബെംഗളൂരുവിലെത്തിയത്. ക്ഷേത്രങ്ങളിലും പള്ളികളിലും ആശ്രമങ്ങളിലും പദയാത്രയ്ക്ക് വരവേല്പ് കിട്ടി. വിവിധ പ്രദേശങ്ങളില്‍ അഞ്ഞൂറോളം പേര്‍ പദയാത്രയില്‍ പങ്കെടുത്തു.
from kerala news edited
via IFTTT