റാസല്‍ഖൈമയുടെ വാണിജ്യബന്ധം ഇന്ത്യയുമായി കൂടുതല്‍ ശക്തമാക്കാനായി മുന്‍കൈയെടുക്കുന്നു
Posted on: 05 Apr 2015
ദുബായ്: വ്യാവസായികനഗരം എന്ന നിലയില്‍ അനുദിനം വികസിക്കുന്ന റാസല്‍ഖൈമയുടെ വാണിജ്യബന്ധം ഇന്ത്യയുമായി കൂടുതല്‍ ശക്തമാക്കാനായി റാസല്‍ഖൈമയിലെ ഇന്ത്യാ ബിസിനസ് ആന്‍ഡ് പ്രമോഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി.) മുന്‍കൈയെടുക്കുന്നു.
വാണിജ്യ, വ്യാവസായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റാസല്‍ഖൈമയിലെ ഇന്ത്യക്കാരുടെ സംഘടനയാണിത്. റാക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ എംബസിയുടെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും രക്ഷാകര്‍തൃത്വവുമുണ്ട്.
റാസല്‍ഖൈമയില്‍ പുതുതായി വാണിജ്യസംരംഭം തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന സംഘടന ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ ആറിന് സംഘടനയുടെ വാര്‍ഷിക ബിസിനസ്സ് ഫോറം യോഗം ചേരും. ഇന്ത്യയില്‍നിന്ന് 25 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രസിഡന്റ് അഡ്വ. സണ്ണി വര്‍ഗീസും ജനറല്‍ സെക്രട്ടറി ലോകേഷ് വര്‍മയും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം ഏഴായിരത്തിലേറെ വ്യാപാര-വാണിജ്യ ലൈസന്‍സുകള്‍ റാസല്‍ഖൈമയിലുണ്ട്. ഇതില്‍ 60 ശതമാനവും റാക് ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. റാസല്‍ഖൈമയിലെ നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലും നിക്ഷേപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതകളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. അതേസമയം, റാസല്‍ഖൈമയിലേക്ക് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും അതിനുള്ള സാധ്യതകളെക്കുറിച്ചും യോഗം നിര്‍ദേശം നല്‍കും.
വ്യവസായവും ടൂറിസവുമാണ് ഇന്ന് റാസല്‍ഖൈമയുടെ പ്രധാനമേഖലകള്‍. ഇന്ത്യക്കാരോട് വിശേഷിച്ച് റാസല്‍ഖൈമ ഭരണാധികാരികള്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പുതിയ തൊഴില്‍മേഖലയായി ഇന്ത്യക്കാര്‍ക്ക് ഈ എമിറേറ്റ് ഇതുകാരണം ഏറെ പ്രിയപ്പെട്ടതാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഗവേണിങ് ബോഡി അംഗങ്ങളായ ടി.വി. അബ്ദുള്ള, ഹബീബ് റഹ്മാന്‍ മുണ്ടോള്‍ എന്നിവരും സംബന്ധിച്ചു.
from kerala news edited
via IFTTT