Story Dated: Monday, April 6, 2015 02:42
വടക്കഞ്ചേരി: ചുട്ടുപൊള്ളുന്ന വേനല്‍ചൂടില്‍ യാത്രകള്‍ ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്. നിങ്ങളുടെ യാത്ര പാലക്കാട്-തൃശൂര്‍ റൂട്ടിലാണെങ്കില്‍ ഇനി ചൂടിനെ പേടിച്ച് യാത്ര ഉപേക്ഷിക്കേണ്ട. നിങ്ങളുടെ യാത്ര ശീതീകരിച്ച എയര്‍ ബസിലാക്കാം, അതും സാധാരണ നിരക്കില്‍.
വടക്കഞ്ചേരി സ്വദേശിയായ കാടന്‍കാവില്‍ തോമാച്ചനാണ് എ.സി റൂട്ട് ബസുമായി രംഗത്തിറങ്ങിയത്. ഏതാനും ബസുകളുടെ ഉടമയായ തോമാച്ചന്‍ ഈ റൂട്ടില്‍ എ.സി ബസ് ഇറക്കുന്നത് സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തായി. ഇന്ന് രാവിലെ 7.12 ന് വടക്കഞ്ചേരിയില്‍ നിന്നും തൃശൂര്‍ക്ക് എ.സി ബസ് പുറപ്പെടുന്നതോടെ ആ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്.
പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസിന്റെ അതേ പെര്‍മിറ്റിലാണ് എ.സി ബസ് ഓടുക. ബസിന് സാധാരണ എന്‍ജിനു പുറമെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാനായി മധ്യഭാഗത്തായി രണ്ടാമതൊരു എന്‍ജിന്‍ കൂടിയുണ്ട്. സാധാരണ ബസ് നിരക്കില്‍ ഇത്തരമൊരു ആശയം നടപ്പിലാകുന്നതോടെ പാലക്കാട്ടെ കൊടുംചൂടില്‍ യാത്രചെയ്യുന്നവര്‍ക്ക് അതൊരു അനുഗ്രഹമാവും.
ടിക്കറ്റ് നല്‍കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിയ രണ്ട് വനിതാ കണ്ടക്‌ടര്‍മാരാണ് ബസില്‍ ഉണ്ടാവുക. രണ്ടുവാതിലുകളിലായി ഇവര്‍ നിലയുറപ്പിക്കും. മൊത്തം നാലു വനിതാ കണ്ടക്‌ടര്‍മാരെയാണ് എ.സി ബസിനായി നിയമിച്ചിട്ടുള്ളത്. പാലക്കാട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളില്‍ വനിതാ കണ്ടക്‌ടര്‍മാരില്ലെന്നതും പ്രത്യേകതയാണ്.
രാവിലെ 7.12 ന് വടക്കഞ്ചേരിയില്‍ നിന്നും പുറപ്പെട്ട് എട്ടിന് തൃശൂരിലെത്തും. 8.30 ന് പാലക്കാട്ടേക്ക് തിരിക്കും. 10.55 ന് തിരിച്ച് വീണ്ടും തൃശൂര്‍ക്ക് നീങ്ങും. അങ്ങിനെ നാലുതവണയാണ് എ.സി ബസിന്റെ സേവനം നിരത്തിലുണ്ടാവുക.
ജോസ് വി.ജോര്‍ജ്
from kerala news edited
via IFTTT