121

Powered By Blogger

Sunday, 5 April 2015

വിഷു അവധി: യാത്ര ദുസ്സഹം; ടിക്കറ്റിനായി നെട്ടോട്ടം








വിഷു അവധി: യാത്ര ദുസ്സഹം; ടിക്കറ്റിനായി നെട്ടോട്ടം


Posted on: 06 Apr 2015


ബെംഗളൂരു: അവധിക്കാല തിരക്കിനോടൊപ്പം വിഷുകൂടിവന്നതോടെ നാട്ടിലേക്കുള്ള യാത്ര ദുസ്സഹമായി. നാട്ടിലേക്കുള്ള കേരള, കര്‍ണാടക ആര്‍.ടി.സി. ബസ്സുകളില്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത ഇല്ലാതായതോടെ കുടുംബത്തോടൊപ്പം നാട്ടില്‍ കണികാണാനുള്ള ആഗ്രഹം പലരും ഉപേക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റുകള്‍ ലഭ്യമല്ല. പല ട്രെയിനുകളിലും ടിക്കറ്റ് റിസര്‍വേഷനും നിര്‍ത്തി.

ഇനി പ്രതീക്ഷ പ്രത്യേക സര്‍വീസുകളിലാണ്. ട്രെയിനുകളില്‍ റിസര്‍വേഷന്‍ വെയ്റ്റിങ് ലിസ്റ്റ് 300 കവിഞ്ഞാല്‍ ആവശ്യമെങ്കില്‍ റെയില്‍വേക്ക് പ്രത്യേക സര്‍വീസ് പ്രഖ്യാപിക്കാം. എന്നാല്‍, ഇതിന് റെയില്‍വേ തയ്യാറാകുന്നില്ല. നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ക്കാണ് യാത്രാ തിരക്ക് കൊയ്ത്താകുന്നത്. ഇവരെ സഹായിക്കാനാണ് റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിക്കാത്തതെന്ന ആരോപണവുമുണ്ട്.


കര്‍ണാടക, കേരള ആര്‍.ടി.സി.കള്‍ പ്രത്യക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടിലേക്കുള്ള യാത്രാത്തിരക്ക് ഏറ്റവുംകൂടുതലുള്ള വെള്ളിയാഴ്ച കേരള ആര്‍.ടി.സി. പത്ത് പ്രത്യേകസര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്ക് കൂടുകയാണെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ണാടക ആര്‍.ടി.സി. ഇരുപതോളം സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ബസ്സുകള്‍ നേരത്തേ പ്രഖ്യാപിച്ച് കൂടുതല്‍ യാത്രക്കാരെ സ്വന്തമാക്കാനുള്ള തന്ത്രമാണ് കര്‍ണാടക ആര്‍.ടി.സി. പ്രയോഗിച്ചത്. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.


മലബാര്‍ ഭാഗത്തേക്കുള്ള യാത്രയാണ് കൂടുതല്‍ ദുഷ്‌കരം. യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ്സാണ് ആയിരക്കണക്കിന് വരുന്ന യാത്രക്കാര്‍ക്കുള്ള പ്രധാന ട്രെയിന്‍. ഇതിലേക്കുള്ള ബര്‍ത്തുകള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ തീര്‍ന്നു. തിരക്കേറിയ വെള്ളിയാഴ്ച കണ്ണൂര്‍ എക്‌സ്പ്രസ്സിലെ റിസര്‍വേഷന്‍ വെയ്റ്റിങ് ലിസ്റ്റ് 385 കവിഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിലെ വെയ്റ്റിങ് ലിസ്റ്റ് നില 325, 223, 217, 93, 131 എന്നിങ്ങനെയാണ്. വിഷുദിനമായി ഏപ്രില്‍ 15നുപോലും ഒരു ട്രെയിനിലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. തിരക്ക് കണക്കിലെടുത്ത് എറണാകുളത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും വിഷു അവധിക്ക് നാട്ടില്‍പോകുന്നവര്‍ക്ക് പ്രയോജനം ചെയ്യില്ല.


കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദ്യ സര്‍വീസ് നടത്തിയത്. അടുത്ത സര്‍വീസ് 30നാണ്. മധ്യവേനലവധിക്ക് പോകുന്നവര്‍ക്കുപോലും ഈ ട്രെയിന്‍ കൂടുതല്‍ പ്രയോജനമാകുമെന്ന് കരുതാന്‍ കഴിയില്ല. എറണാകുളത്ത് നിന്നുള്ള ഈ ട്രെയിനിന്റെ മടക്ക സര്‍വീസ് മെയ് ഒന്നിനാണ്. എന്നാല്‍, ഈസ്റ്റര്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ചത്തെ സര്‍വീസ് ഉപകാരപ്രദമായി. തെക്കന്‍ കേരളത്തിലേക്ക് നിലവിലുള്ള സ്ഥിരംട്രെയിനുകളില്‍ ഒന്നിലും ടിക്കറ്റുകള്‍ ലഭ്യമല്ല. ബെംഗളൂരു കൊച്ചുവേളി എക്‌സ്പ്രസ്സില്‍ വെള്ളിയാഴ്ച റിസര്‍വേഷന്‍ നില വെയ്റ്റിങ് ലിസ്റ്റ് 438 ആണ്. തൊട്ടടുത്ത ദിവസങ്ങളിലെ വെയ്റ്റിങ് ലിസ്റ്റ് നില 402, 229, 154, 97, 205 എന്നിങ്ങനെയാണ്. കന്യാകുമാരി എക്‌സപ്രസ്സില്‍ വെള്ളിയാഴ്ചത്തേക്കുള്ള റിസര്‍വേഷന്‍ നിര്‍ത്തി. തൊട്ടടുത്തദിവസങ്ങളില്‍ 406, 283, 223, 194, 227 എന്നിങ്ങനെയാണ് വെയിറ്റിങ് ലിസ്റ്റ് നില. ബെംഗളൂരുവില്‍ രാവിലെ പുറപ്പെടുന്ന എറണാകുളം ഇന്റര്‍ സിറ്റി എക്‌സപ്രസ്സില്‍ മാത്രമാണ് തിരക്ക് കുറച്ച് കുറവുള്ളത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ടിക്കറ്റുകള്‍ ലഭ്യമല്ലെങ്കിലും ഏപ്രില്‍ 12 മുതല്‍ 15 വരെ ബര്‍ത്ത് ലഭ്യമാണ്. പകല്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ട്രെയിന്‍ ആശ്രയിക്കാം. കരിഞ്ചത്ത നിരക്കിന് സ്വകാര്യബസ്സിനെ ആശ്രയിക്കുന്നതിനേക്കാള്‍ നല്ലത് പകല്‍ ട്രെയിനാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഈസ്റ്റര്‍ അവധികണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി. പ്രത്യേക സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചവരെ നടത്തിയ ഇത്തരം സര്‍വീസുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.












from kerala news edited

via IFTTT