121

Powered By Blogger

Sunday 5 April 2015

സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയില്‍ വെളിച്ചമില്ലാതെ കോളനികള്‍











Story Dated: Monday, April 6, 2015 02:42


പാലക്കാട്‌: സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ട്‌ വെളിച്ചമില്ലാതെ പറമ്പിക്കുളത്തെ കോളനിവാസികള്‍ ദുരിതത്തില്‍. ഇവിടത്തെ കുട്ടികളുടെ പഠനത്തെ പോലും ഇത്‌ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. തേക്കടി, അല്ലിമൂപ്പന്‍, മുപ്പതേക്കര്‍, കച്ചിതോട്‌ കോളനികളിലെ ആദിവാസികളുടെ വീടുകളാണ്‌ ഇരുട്ടില്‍ തുടരുന്നത്‌.

ലക്ഷങ്ങള്‍ ചിലവഴിച്ച്‌ പൂപ്പാറ കോളനിയില്‍ സ്‌ഥാപിച്ച സോളാര്‍ വൈദ്യുതി പാനല്‍ തകറാറിലായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്തിന്‌ സാധിച്ചിട്ടില്ല. 80 കുടുംബങ്ങള്‍ വസിക്കുന്ന അല്ലിമൂപ്പന്‍ കോളനിയില്‍ 23 വീടുകള്‍ തകര്‍ച്ചയിലാണ്‌. ഇവയുടെ അറ്റകുറ്റപ്പണി നടത്തിയില്ല. കോളനിയില്‍ വിതരണം ചെയ്‌ത സോളാര്‍ പാനലുകളില്‍ രണ്ടെണ്ണം മാത്രമാണ്‌ ദിവസത്തില്‍ രണ്ടുമണിക്കൂറെങ്കിലും പ്രവര്‍ത്തിക്കുന്നത്‌. ശേഷിക്കുന്നവ പൂര്‍ണ്ണമായും തകരാറിലാണ്‌.

പറമ്പിക്കുളത്തെ കോളനികളില്‍ വൈദ്യുതി എത്തിക്കാതെ കെ.എസ്‌.ഇ.ബി ഒളിച്ചുകളിക്കുകയാണ്‌. ജില്ലാ കലക്‌ടര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരെ ഇതിനായി സമീപിച്ചിട്ടും പരിഹാരം നീളുകയാണ്‌. അഞ്ച്‌ വര്‍ഷത്തിലധികമായി കോളനിവാസികള്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്‌. തകരാറിലായ സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആദിവാസികളുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലെങ്കിലും വൈദ്യുതി അടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ക്ക്‌ തീരുമാനമാകുമെന്ന പ്രതീക്ഷയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണിവര്‍.










from kerala news edited

via IFTTT