121

Powered By Blogger

Sunday, 14 December 2014

ചേകാടിയില്‍ 200 ഏക്കറോളം നെല്‍കൃഷി നശിച്ചു; വിള ഇന്‍ഷൂര്‍ ചെയ്‌ത കര്‍ഷകര്‍ വഞ്ചിതരായി











Story Dated: Monday, December 15, 2014 01:16


പുല്‍പ്പള്ളി: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായ പെയ്‌ത മഴയില്‍ ചേകാടി പാടശേഖര സമിതിയുടെ കീഴിലുള്ള 200 ഏക്കറോളം വയലിലെ നെല്‍കൃഷി നശിച്ചു. അര്‍ഹമായ നഷ്‌ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍ വിഷമിക്കുന്നു. ആദിവാസികളടക്കം നിരവധി ചെറുകിട കര്‍ഷകര്‍ പാട്ടത്തിനെടുത്താണ്‌ ഇവിടെ നെല്‍കൃഷി ചെയ്‌തിരിക്കുന്നത്‌. ഏക്കറിന്‌ 40 രൂപ തോതില്‍ കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ വിള ഇന്‍ഷൂര്‍ ചെയ്‌തിരുന്നു. എന്നാല്‍ മഴമൂലം നശിച്ച നെല്ലിനും വൈക്കോലിനും ഇന്‍ഷൂര്‍ പരിരക്ഷ കൊടുക്കാന്‍ കഴിയില്ലെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ മഴയില്‍ നെല്ല്‌ മുളവന്ന്‌ നശിച്ചിട്ടും അര്‍ഹമായ നഷ്‌ടപരിഹാരം ലഭിക്കാത്തതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്‌.


ബത്തേരി താലൂക്കില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്ന പ്രദേശമാണ്‌ ചേകാടി. ആതിര, ഗന്ധകശാല, മുള്ളന്‍ചെന്ന തുടങ്ങിയ വിത്തിനങ്ങളാണ്‌ ഇവിടെ കൃഷി ചെയ്‌തിരിക്കുന്നത്‌. 250 ഏക്കറോളം പാടശേഖരമാണിവിടെയുള്ളത്‌. വന്യമൃഗങ്ങളോട്‌ മല്ലിട്ടും, രാത്രികാലങ്ങളില്‍ കാവലിരുന്നും മറ്റും കൃഷിയിറക്കിയ നിരവധി കര്‍ഷകര്‍ കണ്ണീരിലായിട്ടും ഇവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കുന്നില്ല. കാളന്‍കണ്ടി വെട്ടത്തൂര്‍ തങ്കമണിയുടെ രണ്ടേക്കര്‍ സ്‌ഥലത്ത്‌ ചെയ്‌ത നെല്‍കൃഷി മുഴുവനും നശിച്ചു. കൊയ്‌തിട്ട കതിരുകള്‍ മഴയില്‍ മുളച്ചുപൊന്തി.


ചില വയലുകള്‍ മൂപ്പ്‌ അധികമായി നെല്ല്‌ വീണുപോയിട്ടുണ്ട്‌. വയലില്‍ വെള്ളം നിറഞ്ഞതോടെ ഈ നെല്ലും മുളച്ചുപൊന്തി. ഇനി കൊയ്‌തെടുത്തിട്ട്‌ കാര്യമില്ല. കൂട്ടുകൃഷി വ്യവസ്‌ഥയില്‍ 93ഓളം ആദിവാസികള്‍ ഇവിടെ നെല്‍കൃഷി ചെയ്‌തിട്ടുണ്ട്‌. ഈ പ്രദേശത്തെ നെല്‍കര്‍ഷകര്‍ക്കുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണമെന്നാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌. നിയമങ്ങളുടെ നൂലാമാലകളില്‍ തങ്ങള്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കാതെ കൃഷിവകുപ്പ്‌ കെമലര്‍ത്തുകയാണെന്നും ആക്ഷേപമുണ്ട്‌. ഇക്കാര്യത്തില്‍ കൃഷിമന്ത്രി ഇടപെട്ട്‌ ശാശ്വത നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഇവിടത്തെ കര്‍ഷകരുടെ ആവശ്യം.










from kerala news edited

via IFTTT