മസ്‌കറ്റ് വിമാനത്താവളത്തില്‍ പുതിയ റണ്‍വേ തുറന്നു
Posted on: 15 Dec 2014
മസ്‌കറ്റ്: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ റണ്‍വേയില്‍ വിമാനങ്ങള്‍ പറന്നുതുടങ്ങി. ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി അഹ്മദ് അല്‍ ഫുത്തൈസി ഉദ്ഘാടനം നിര്‍വഹിച്ചു.
സുല്‍ത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനം നടക്കുന്ന മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരണത്തിന്റെ ആദ്യഘട്ടമാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടത്. നിലവിലെ വിമാനത്താവളത്തില്‍ നിന്ന് വിശിഷ്ടാതിഥികളുമായി
എ 330 വിമാനം നാല് കിലോമീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള പുതിയ റണ്‍വേയില്‍ ഉച്ചയ്ക്ക് 12.40ന് പറന്നിറങ്ങിയതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. നവീകരണത്തിന്റെ ഒന്നാം ഘട്ടമായ റണ്‍വേയുടെയും ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെയും സിവില്‍ ഏവിയേഷന്റെയും ഉദ്ഘാടനം മന്ത്രി അല്‍ ഫുത്തൈസി നിര്‍വഹിച്ചു.
വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സൗകര്യമുള്ളതാണ് പുതിയ റണ്‍വേ. ഈ റണ്‍വേയെ നിലവിലെ പാസഞ്ചര്‍ ടെര്‍മിനലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നവംബര്‍ 18, സുല്‍ത്താന്‍ ഖാബൂസ് റോഡുകളുമായി പുതിയ റണ്‍വേയെ ബന്ധിപ്പിക്കുന്നുമുണ്ട്. പബ്ലൂക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ കെട്ടിടവും മറ്റ് 12 കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എയര്‍ ട്രാഫിക് കോംപ്ലൂക്‌സ്. കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ഇലക്ട്രിക് പ്രോബ് സൗകര്യം എന്നിവയും ഇവിടെയുണ്ട്. പുതിയ റണ്‍വേ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ആദ്യ ഘട്ടത്തില്‍ ദിവസം അഞ്ച് മണിക്കൂറാണ് റണ്‍വേ പ്രവര്‍ത്തിക്കുക. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും പ്രവര്‍ത്തനം. ജനവരി ആദ്യ ആഴ്ച മുതല്‍ റണ്‍വേ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുതുടങ്ങും. മൊത്തം 180 കോടി ഡോളര്‍ ചെലവിട്ടാണ് നവീകരണം നടപ്പാക്കുന്നത്. നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും മസ്‌കറ്റ് വിമാനത്താവളത്തിന് കൈവരും. ഇതിലൂടെ മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി വിമാനത്താവളം മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
from kerala news edited
via IFTTT