Story Dated: Monday, December 15, 2014 01:45
ഇരിട്ടി: ഓടംതോട് പുഴയ്‌ക്ക് കുറുകെ കോണ്‍ക്രീറ്റ് പാലമെന്ന ആദിവാസികളുടെ സ്വപ്‌നം വിസ്‌മൃതിയിലായതോടെ അപകടാവസ്‌ഥയിലായ വളയംചാല്‍ തൂക്കുപാലം നവീകരിക്കുന്നു. ആറളം ഫാമിനെ കണിച്ചാര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്ന് യാത്ര അപകടത്തിലായതോടെയാണ് നവീകരിക്കാന്‍ തീരുമാനമായത്. ആദിവാസി പുനരധിവാസ ഫണ്ടുപയോഗിച്ച് രണ്ടരലക്ഷം രൂപ ചെലവിലാണ് നവീകരിക്കുന്നത്.
നൂറുകണക്കിന് ആദിവാസികളും ആറളം ഫാം തൊഴിലാളികളും സ്‌കൂള്‍ കുട്ടികളും ഉപയോഗിക്കുന്ന തൂക്കുപാലം അപകടാവസ്‌ഥയിലായിട്ട് വര്‍ഷങ്ങളായി. ഇവിടെ വീതി കൂട്ടി കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. പാലത്തിന് തറക്കല്ലിടല്‍ ചടങ്ങ് നടത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും മറ്റ് പ്രവര്‍ത്തികളൊന്നും ആരംഭിച്ചിട്ടില്ല. പുതിയ പാലത്തിന്റെ ഡിസൈനിംഗ് പൂര്‍ത്തിയായി വരുതേയുള്ളുവെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം തൂക്കുപാലം തകര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.
നാട്ടുകാരുടെ യാത്രാക്ലേശം പരിഗണിച്ച് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ താല്‍ക്കാലിക അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. ഫാമിലുള്ളവര്‍ക്ക് എളുപ്പത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയുമായും മറ്റ് വ്യാപാരസ്‌ഥാപനങ്ങളുമായും ബന്ധപ്പെടുന്നതിനുള്ള എളുപ്പ മാര്‍ഗമാണിത്. പാലം അപകടത്തിലായതോടെ ഏറെ പേരും കിലോമീറ്ററോളം വളച്ച് പാലപ്പുഴ വഴിയാണ് ഫാമിലേക്ക് പ്രവേശിക്കുന്നത്. ഇത് ഏറെ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നു.
from kerala news edited
via IFTTT