Story Dated: Monday, January 26, 2015 04:13
കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡില്‍ പശ്‌ചിമ ബംഗാളിന്റെ നിശ്‌ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ തൃണമൃല്‍ കോണ്‍ഗ്രസ്. സംസ്‌ഥാനം നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും നിശ്‌ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതായി തൃണമുല്‍ എം.പി ഡെറക്ക് ഒബ്രിയാന്‍ ആരോപിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ സ്‌ത്രീ ശാക്‌തീകരണ പദ്ധതി വിഷയമാക്കിയ നിശ്‌ചല ദൃശ്യമാണ് ബംഗാള്‍ തയ്യാറാക്കിയിരുന്നത്. യുണിസെഫ് പോലും അഭിനന്ദിച്ച പദ്ധതി വിഷയമാക്കിയുള്ള നിശ്‌ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് തൃണമുലിന്റെ ആരോപണം.
ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ നേതാക്കളെ പ്രതി ചേര്‍ത്തു കൊണ്ടുള്ള സി.ബി.ഐ അന്വേഷണത്തെച്ചൊല്ലി തൃണമുല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ നിശ്‌ചല ദൃശ്യത്തിന് അനുമത നിഷേധിക്കപ്പെട്ടത് ഭിന്നത രൂക്ഷമാകാനിടയാക്കും. സ്‌ത്രീ ശാക്‌തീകരണം മുഖ്യ വിഷയമായി തെരഞ്ഞെടുത്ത 66-ാമത് റിപ്പബ്ലിക് ദിനത്തില്‍ സമാനമായ വിഷയത്തിലുള്ള നിശ്‌ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് തൃണമുല്‍ നേതാക്കള്‍ ഉന്നയിക്കുന്നത്.
ബംഗാളിന് പുറമെ എന്‍.ഡി.എ ഇതര കക്ഷികള്‍ ഭരിക്കുന്ന മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നുള്ള നിശ്‌ചല ദൃശ്യങ്ങള്‍ക്കും അനുമതി നിഷേധിച്ചതായി ആക്ഷേപമുയരുന്നുണ്ട്. ബംഗാളിന് പുറമെ ബീഹാര്‍ ഒഡീഷ, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള നിശ്‌ചല ദൃശ്യങ്ങളും ഇത്തവണ ഒഴിവാക്കപ്പെട്ടു. 16 സംസ്‌ഥാനങ്ങളുടെയും 9 മന്ത്രാലയങ്ങളുടെയും ദൃശ്യങ്ങള്‍ പരേഡില്‍ അണിനിരന്നു. മോഡിയുടെ സ്വപ്‌ന പദ്ധതിയായ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും നിശ്‌ചല ദൃശ്യത്തിന്റെ ഭാഗമായി.
from kerala news edited
via IFTTT