ഉപരാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി
Posted on: 26 Jan 2015
റിയാദ്: അബ്ദുള്ളരാജാവിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അനുശോചനം രേഖപ്പെടുത്തി.
ദില്ലിയില്‍നിന്ന് പ്രത്യേകവിമാനത്തില്‍ റിയാദില്‍ എത്തിയ ഉപരാഷ്ട്രപതിയെയും സംഘത്തെയും ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഭരണാധികാരിയുടെ വേര്‍പാടില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെയും ജനതയുടെയും അനുശോചനം ഉപരാഷ്ട്രപതിയും സംഘവും ഔദ്യോഗികമായി രേഖപ്പെടുത്തി.
പുതിയ ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഖ്‌റിന്‍ രാജകുമാരന്‍, രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ എന്നിവരെ ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു. അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ സൗദി തലസ്ഥാനത്തേക്ക് ലോകനേതാക്കളും അന്താരാഷ്ട്ര വ്യക്തിത്വങ്ങളും പ്രവഹിക്കുകയാണ്. യു.എ.ഇ.യില്‍നിന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, അബുദാബി കിരീടാവകാശിയും സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് റിയാദ് സന്ദര്‍ശിച്ചത്. റിയാദ് വിമാനത്താവളത്തില്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരനും മാജിദ് ബിന്‍ അബ്ദുല്ല രാജകുമാരനും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
from kerala news edited
via IFTTT