121

Powered By Blogger

Monday, 26 January 2015

നികുതി വെട്ടിപ്പ്: ആറ് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് 53.63 കോടി പിഴ







നികുതി വെട്ടിപ്പ്: ആറ് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് 53.63 കോടി പിഴ


* ഫ്ലൂപ്കാര്‍ട്ടിന് മാത്രം 47.15 കോടി രൂപ പിഴ






തിരുവനന്തപുരം:
നികുതി വെട്ടിച്ച് കേരളത്തില്‍ നടത്തിയ വില്പനയ്ക്ക് ആറ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാണിജ്യ നികുതി വകുപ്പ് 53.63 കോടി രൂപ പിഴ ചുമത്തി. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്ലൂപ്കാര്‍ട്ട്, ജെബോങ്, മിന്ത്ര ഡോട്ട് കോമിന്റെ നടത്തിപ്പുകാരായ വെക്ടര്‍ ഇ-കോമേഴ്‌സ്, റോബ്മാള്‍ അപ്പാരല്‍സ് എന്നിവയ്ക്കാണ് വാണിജ്യനികുതി ഇന്റലിജന്‍സ് വകുപ്പ് പിഴ ചുമത്തിയത്.

ഫ്ലൂപ്കാര്‍ട്ടിന് മാത്രം 47.15 കോടിയാണ് പിഴ. ജെബോങ് ഡോട്ട് കോമിന് 3.89 കോടിയും വെക്ടര്‍ ഇ-കോമേഴ്‌സിന് 2.23 കോടിരൂപയും റോബ്മാള്‍ അപ്പാരല്‍സിന് 36 ലക്ഷവുമാണ് പിഴ.


കേരളത്തിന് പുറത്തുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ കേരളത്തില്‍ നികുതി നല്‍കാതെ കോടിക്കണക്കിന് രൂപയുടെ വില്പനയാണ് മാസംതോറും നടത്തുന്നത്. ഈ അനധികൃത വില്പനയ്ക്കാണ് പിഴ ചുമത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഇവ ഇവിടെ നടത്തിയ കച്ചവടത്തിന്റെ രേഖകള്‍ വരുത്തി പരിശോധിച്ചതിനുശേഷമാണ് ഈ നടപടി.


വര്‍ഷങ്ങളായി ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ നികുതി നല്‍കാതെ ഇവിടെ കച്ചവടം നടത്തുന്നത് കേരളത്തിലെ വാണിജ്യ നികുതി ചോര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ ഇവരില്‍ നിന്ന് നികുതി ഈടാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചെങ്കിലും ചില സ്ഥാപനങ്ങള്‍ മാത്രമാണ് നികുതി നല്‍കാന്‍ തയ്യാറായത്.


ഈ സ്ഥാപനങ്ങളുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവ കേരളത്തില്‍ നടത്തുന്ന വ്യാപാരത്തിന് നിയമപ്രകാരം നികുതി ഈടാക്കാവുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തില്‍ കച്ചവടം നടത്തുന്ന മറ്റ് ഓണ്‍ലൈന്‍ കമ്പനികളുടെയും കണക്ക് പരിശോധിച്ച് പിഴചുമത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും വാണിജ്യനികുതി വകുപ്പ് അറിയിച്ചു.











from kerala news edited

via IFTTT