121

Powered By Blogger

Monday, 26 January 2015

സമാധാന പ്രവര്‍ത്തനത്തിനിടയിലും അക്രമം, എടച്ചേരിയില്‍ വീടാക്രമം;തൂണേരിയില്‍ തേങ്ങാ കൂട കത്തിച്ചു.











Story Dated: Monday, January 26, 2015 02:35


നാദാപുരം: നാദാപുരം മേഖലയില്‍ രാഷ്‌ട്രീയ നേതൃത്വവും ഭരണകൂടവും സമാധാന പ്രവര്‍ത്തനം ശക്‌തിപ്പെടുത്തുന്നതിനിടയിലും അക്രമം തുടരുന്നു. എടച്ചേരിയില്‍ വീടാക്രമണത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെയുള്ളവര്‍ക്ക്‌ പരുക്കേറ്റു. തൂണേരിയില്‍ തേങ്ങാ കൂട കത്തിച്ചു. എടച്ചേരി തലായിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ പുനത്തില്‍ പവിത്രന്റെ വീടിന്‌ നേരെയാണ്‌ അക്രമമുണ്ടായത്‌. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെയാണ്‌ അക്രമം നടന്നത്‌.വീടിന്‌ കല്ലെറിഞ്ഞ്‌ കേടു വരുത്തിയ അക്രമി സംഘം ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു.രവീന്ദ്രന്റെ മകള്‍ അശ്വിനി(20), രവീന്ദ്രന്റെ ഭാര്യ പിതാവ്‌ പൊക്കന്‍(70) എന്നിവര്‍ക്ക്‌ പരുക്ക്‌പറ്റി. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിനി ഗര്‍ഭിണിയാണ്‌. വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട അയല്‍വാസി ചിറക്കലക്കണ്ടി അഖിലിന്റെ ബൈക്ക്‌ തകര്‍ത്തിട്ടുണ്ട്‌.

തൂണേരിയില്‍ ബ്ലോക്ക്‌ ഓഫീസ്‌ പരിസരത്തെ ഐ.എച്ച്‌.ആര്‍.ഡി കോളജ്‌ ജീവനക്കാരന്‍ മഠത്തില്‍ മജീദിന്റെ തേങ്ങാ കൂടയാണ്‌ ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്‌.സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.അഞ്ഞൂറില്‍ പരം തേങ്ങ കത്തിനശിച്ചു. ചുമര്‍ ചായം പൂശി വികൃതമാക്കിയ അക്രമി സംഘം കുട്ടികളുടെ സൈക്കിളുകളും ഗ്യാസ്‌ സിലണ്ടറും കിണറ്റിലെറിഞ്ഞു.

തൂണേരിയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കേസില്‍ യൂത്ത്‌ ലീഗ്‌ പ്രാദേശിക നേതാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി പഞ്ചായത്തിലെ യൂത്ത്‌ ലീഗ്‌ ഭാരാവാഹി കൊളത്തൂര്‍ റോഡില്‍ കണ്ണംകണ്ടി പാലത്തിനടുത്ത രാമത്ത്‌ യൂനുസിനെ(36)യാണ്‌ കുറ്റ്യാടി സി.ഐ ദിനേശ്‌ കോറോത്ത്‌ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. തൂണേരിയിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കുത്തേറ്റ്‌ മരിച്ച ശേഷം സ്‌ഥലം വിട്ട പ്രതികള്‍ക്ക്‌ ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സൗകര്യം ചെയ്‌തു കൊടുത്തെന്നാണ്‌ കേസ്‌.അക്രമം നടത്തിയതിന്‌ ശേഷം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രതികള്‍ ഷിബിന്‍ മരിച്ചെന്നറിഞ്ഞ ഉടനെ ആശുപത്രിയില്‍ നിന്ന്‌ രക്ഷപ്പെടുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. പിന്നീട്‌ വില്യാപ്പള്ളിയിലെ യൂനുസിന്റെ വീട്ടില്‍ കഴിയുന്നതിനിടയില്‍ നാദാപുരം ഡി.വൈ.എസ്‌.പി പ്രജീഷ്‌ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വീട്‌ വളഞ്ഞ്‌ പ്രതികളെ പിടികൂടുകയായിരുന്നു. ശനിയാഴ്‌ച രാവിലെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാരാണ്‌ യൂനുസിനെ പോലീസിലേല്‍പ്പിച്ചത്‌.കെ.എല്‍ 18 ജെ.8778 നമ്പര്‍ കാറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്‌ റിമാന്‍ഡില്‍ കഴിയുന്ന കുളമുള്ളതില്‍ താഴകുനി ശുഹൈബിന്റെ സഹോദരന്റേതാണ്‌ കാറെന്ന്‌് തിരിച്ചറിഞ്ഞതായി പോലീസ്‌ പറഞ്ഞു. പ്രധാന പ്രതി തെയ്മ്പാടി ഇസയ്‌മായില്‍, സഹോദരന്‍ മുനീര്‍ എന്നിവരെ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ നിലയിലാണ്‌. ഇവരുടെ ബാങ്ക്‌ അക്കൗണ്ട്‌, ഇ മെയില്‍, വാട്‌സ് ആപ്പ്‌ എന്നിവ പോലീസ്‌ പരിശോധിക്കും.

ഇതിനിടയില്‍ നമ്പര്‍ പ്ലെയിറ്റ്‌ ചുരണ്ടിയ നിലയില്‍ കണ്ട ബൈക്ക്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട്‌ ഏഴു മണിയോടെയാണ്‌ കോടഞ്ചേരി റോഡില്‍ മുന്നിലും പിന്നിലും സ്‌ഥാപിച്ച നമ്പര്‍ പ്ലേറ്റ്‌ ചുരണ്ടിയ നിലയില്‍ ബൈക്കില്‍ യുവാവ്‌ സഞ്ചരിക്കുന്നത്‌ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്‌. കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ ബൈക്ക്‌ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. യുവാവിനെ പോലീസ്‌ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്‌. രാത്രി 8 മണിക്ക്‌ ശേഷമുള്ള ബൈക്ക്‌ യാത്രക്കാരെ പോലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌.










from kerala news edited

via IFTTT