Story Dated: Saturday, January 3, 2015 06:45
ബാലരാമപുരം: മനോരോഗിയായ അമ്മയ്‌ക്കും മകള്‍ക്കും മൂകനായ മകനും ഏക ആശ്രയമായിരുന്ന ശ്രീകുമാറിന്റെ മരണം മൂവരെയും അനാഥരാക്കി. ആക്കുളം അയണിയറത്തല ക്ഷേത്രത്തിലെ പൂജാരി ബാലരാമപുരം കല്ലുംമൂട് കാവുവിള വീട്ടില്‍ ശ്രീകുമാറിന്റെ മരണത്തോടെയാണ് കുടുംബം അനാഥമായത്. ബാലരാമപുരത്ത് കല്ലുംമൂട് കാവുവിള വീട്ടില്‍ കരുണാകരപണിക്കര്‍-ബേബി ദമ്പതികള്‍ക്ക് മൂന്നുമക്കളാണ്. ശ്രീകല, ശ്രീകുമാര്‍, തമ്പിക്കുട്ടന്‍. നെയ്‌ത്തുകാരനായ പണിക്കരുടെ ഭാര്യ 30 വര്‍ഷത്തോളമായി മനോരോഗ ചികിത്സയിലാണ്.
മൂത്ത മകള്‍ക്ക് 30 വയസായപ്പോള്‍ മനോരോഗം ബാധിച്ചു. 20 വയസോടെയാണ് ഇളയമകനായ തമ്പിക്കുട്ടന്‍ അസുഖംബാധിച്ച് മൂകനായത്. ഭാര്യ അംബിക, മക്കളായ ശ്രീഅനന്ദന്‍, ശ്രീഹരി എന്നിവരോടൊപ്പം കൊച്ചുളളൂരില്‍ പ്രത്യേകം കുടുംബമായി കഴിഞ്ഞിരുന്ന രണ്ടാമത്തെ മകന്‍ ശ്രീകുമാറാണ് ഇവരെ പൂര്‍ണമായും സംരക്ഷിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം അസുഖംബാധിച്ച് ശ്രീകുമാര്‍ മരിച്ചു. അതോടെ കുടുംബത്തിന്റെ ആകെ ആശ്രയം അടഞ്ഞു. ഷീറ്റിട്ട രണ്ട് മുറികളുളള വീട്ടിലാണ് ഈ കുടുംബ കഴിഞ്ഞിരുന്നത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്ത വീട്ടിലെ മുറികളില്‍ നിറയെ പൂച്ചകളെകൊണ്ട് നിറഞ്ഞിരുന്നു. ഇവരെ ഇനി ആര് സംരക്ഷിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
from kerala news edited
via IFTTT