121

Powered By Blogger

Saturday, 3 January 2015

വെള്ളിത്തിരയുടെ വെണ്ണീറ്‌







ഒരു ധനകാര്യവിചാരം


2014ല്‍ 250 കോടി രൂപയുടെ മണ്ണിലലിയാത്ത വെണ്ണീറാണ് മലയാളസിനിമ ഉത്പാദിപ്പിച്ചത്. 148 സിനിമകള്‍

നിര്‍മിച്ച്, അതില്‍ 10 ശതമാനംപോലും വിജയിപ്പിക്കാനാകാത്ത നമ്മുടെ വിനോദവ്യവസായ മേഖലയില്‍

തിരക്കഥ കത്തിക്കലല്ലാതെ മറ്റെന്താണ് നടക്കുന്നത്


വെണ്ണീറ് നല്ല വളമാണ്. എന്നാല്‍, സിനിമ കത്തിച്ചുണ്ടാകുന്ന വെണ്ണീറ് മണ്ണിലലിയില്ല. അത് ഒന്നിനും വളവുമല്ല. ഒട്ടേറെ മനുഷ്യരുടെ ജീവിതവും കണ്ണീരുമല്ലാതെ അത് മറ്റൊന്നുമല്ല. മലയാളസിനിമയില്‍ ഇന്ന് നടക്കുന്നത് കോടികളുടെ നഷ്ടക്കണക്കിന്റെ കഥമാത്രം പറയുന്ന അര്‍ഥശൂന്യമായ ഈ വെണ്ണീറ് ഉത്പാദനമല്ലാതെ മറ്റെന്താണ്? 2014ന്റെ ചലച്ചിത്രചരിത്രത്തിന് മറ്റെന്താണ് പറയാനുള്ളത്?

പിന്നിട്ടവര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ ഭേദപ്പെട്ട ചലച്ചിത്രങ്ങളിലൊന്നാണ് രാജീവ്‌രവി സംവിധാനംചെയ്ത 'ഞാന്‍ സ്റ്റീവ്‌ലോപ്പസ്'. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയില്‍ അത് ഇടംപിടിച്ചു. സംവിധായകന്‍ ഫാസിലിന്റെ മകനും ന്യൂ ജനറേഷന്‍ താരവുമായ ഫഹദ് ഫാസിലിന്റെ ഇളയ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ ആ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി.

സിനിമ സാമാന്യം നന്നായിട്ടും പക്ഷേ, തിയേറ്ററുകളില്‍ ജനമെത്തിയില്ല. 148 സിനിമകള്‍ നിര്‍മിക്കപ്പെട്ട 2014ലെ പരാജയപ്പെട്ട സിനിമകളുടെ പട്ടികയിലായി ലോപ്പസിന്റെ സ്ഥാനം. സിനിമയെ സ്‌നേഹിക്കുന്ന ആര്‍ക്കായാലും രോഷംകൊള്ളാവുന്ന ഒരു ന്യായം ഇവിടെയുണ്ട്: പിന്നെ ഈ ജനത്തിന് എന്താണ് വേണ്ടത്?


പിന്നിട്ടവര്‍ഷത്തെ എന്നുമാത്രമല്ല, പിന്നിട്ട ദശകത്തിലെത്തന്നെ ഏറ്റവും വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കയാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസി'ന്റെ സംവിധായകന്‍ രാജീവ് രവി. 'സ്‌ക്രിപ്റ്റ് കത്തിച്ചുകളഞ്ഞുവേണം സിനിമയെടുക്കാന്‍' എന്ന രാജീവ് രവിയുടെ 'സൗത്ത് ലൈവ്' എന്ന വെബ് മാഗസിനില്‍വന്ന പ്രതികരണമാണ് അതിന് നിമിത്തമായത്. പോയവര്‍ഷത്തെ മുഴുവന്‍ പരാജയങ്ങളുടെയും വെളിച്ചത്തില്‍ മലയാളസിനിമയില്‍ നാം നേരിടുന്ന പ്രതിസന്ധികളില്‍ സുപ്രധാനമായ ഒന്നിനെ അത് സ്പര്‍ശിക്കുന്നുണ്ട്. തീപിടിച്ച വേഗത്തില്‍ അത് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ ചര്‍ച്ചയായതും വെറുതെയല്ല.


തിരക്കഥയാണ് ഇവിടെ പ്രതിസ്ഥാനത്ത്. 2014ലെ 148 സിനിമ ഇവിടെ എന്താണ് ചെയ്തത് എന്ന വര്‍ഷാന്ത വിലയിരുത്തലുകള്‍ ഒന്നാകെ എടുത്തുപരിശോധിച്ചാല്‍ ഏത് വായനയ്ക്കും പിടികിട്ടുന്ന ഒരൊറ്റ കാര്യം ഇതാണ്മലയാളസിനിമ കത്തിച്ചുകളയുന്നത് തിരക്കഥതന്നെയാണ്. അതുവഴിയാണ് 250 കോടിയുടെ നഷ്ടം നാം നേടിയെടുത്തത്, അതായത്, രാജീവ് രവിയുടെ ആഹ്വാനം മുന്‍കൂട്ടി നടപ്പില്‍വരുത്തിയ ഒരു ഇന്‍ഡസ്ട്രിയാണ് നമ്മുടെ ചലച്ചിത്ര വ്യവസായ രംഗം. കഴിഞ്ഞ കാല്‍നൂറ്റാണ്ടിന്റെ നമ്മുടെ ചലച്ചിത്രചരിത്രമെടുത്ത് പരിശോധിച്ചാല്‍ വര്‍ഷാന്ത്യത്തില്‍ നഷ്ടക്കണക്കിന്റെ പേരുപറഞ്ഞ് വിലപിക്കുന്ന വൃഥാവ്യായാമമാണ് നാം നടത്തിപ്പോരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.


ഒരു വര്‍ഷവും വിജയശതമാനം പത്തില്‍ കൂടുതലാക്കാന്‍ നമ്മുടെ തിരക്കഥ കത്തിക്കല്‍ വിദഗ്ധര്‍ക്ക് ഇനിയും കഴിഞ്ഞിട്ടുമില്ല. ഇങ്ങനെ തുടര്‍ച്ചയായി പരാജയങ്ങള്‍ ആവര്‍ത്തിക്കാന്‍ നമ്മുടെ വിനോദ വ്യവസായമേഖലയ്ക്ക് കഴിയുന്നത് എങ്ങനെയാണ്? എങ്ങനെയാണ് അങ്ങനെയൊന്നിനെ ഒരു വ്യവസായമേഖലയെന്ന് വിളിക്കാനാവുക?






250 കോടിയുടെ നഷ്ടമുണ്ടാക്കുന്ന പരാജയത്തിന്റെ തിരക്കഥ എന്താണെന്നാണ് പഠിക്കേണ്ടത്. അവിടെയാണ്, ഇവിടെ നടക്കുന്നത് തിരക്കഥ കത്തിക്കല്‍ തന്നെയാണെന്ന യാഥാര്‍ഥ്യത്തിലേക്ക് നമുക്ക് ഉണരേണ്ടിവരിക. മലയാളിയെ ആരാണ് അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിച്ചത് എന്ന് ചോദിച്ചുപോകുംവിധമാണ് ഇന്ന് സിനിമകള്‍ എഴുതുന്നതും എടുക്കുന്നതും. തിരക്കഥയെന്നത് ഏറ്റവും അവികസിത മണ്ഡലമായി മാറിയിരിക്കുന്നു. സിനിമയെക്കുറിച്ച് പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കാനറിയുന്ന ഇറക്കുമതിചെയ്യപ്പെടുന്ന ഒരു 'ഒറ്റസിനിമാനിര്‍മാതാവി'ന്റെ ഭാവനയ്ക്കനുസൃതമായാണ് അത് പ്രാഥമികമായും രൂപകല്പന ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷത്തെ നിര്‍മാണമേഖലയിലെ ട്രെന്‍ഡ് തന്നെ ഒറ്റസിനിമമാത്രം നിര്‍മിച്ച് അപ്രത്യക്ഷരാകുന്ന ഈ നിര്‍മാതാക്കളാണ്. വലിയ ബാനറുകളെല്ലാം മിക്കവാറും ഈ ട്രെന്‍ഡില്‍ നിശ്ശബ്ദമായിക്കഴിഞ്ഞു. രണ്ടാമത്തെ വിന താരങ്ങളുടെ തീയതികളാണ്. ആ തീയതിക്കനുസരിച്ച് ചിട്ടപ്പെടുത്തുന്ന ഭാവന കൂടിയാകുന്നതോടെ തിരക്കഥയെന്നത് നാം ജീവിക്കുന്ന സമൂഹത്തില്‍നിന്നും യാഥാര്‍ഥ്യത്തില്‍നിന്നും എത്രയോ അകലെയാണ് എത്തുന്നത്. ഇതറിയാന്‍ ഒരുനിലയ്ക്കും കേരളത്തിലെ തിയേറ്ററുകളില്‍ ഏശാതെപോയ പിന്നിട്ട വര്‍ഷത്തെ 100ലേറെ സിനിമകള്‍ എല്ലാവിധ തെളിവുകളും നിരത്തിവെക്കുന്നുണ്ട്. ഇത്രമാത്രം ഉപയോഗശൂന്യമായ മാലിന്യം മറ്റെവിടെയാണ് നാം ഉത്പാദിപ്പിക്കുന്നത്?


വെറുതെയല്ല ഒരു സാധാരണ ഉപഭോക്താവിനെപ്പോലും ആകര്‍ഷിക്കാത്ത ഉത്പന്നങ്ങളായി സിനിമ മാറിപ്പോയത്. അക്ഷരശൂന്യതയും ഭാവനാശൂന്യതയും മാത്രമാണ് നാം ഉത്പാദിപ്പിച്ച 100ലേറെ സിനിമകള്‍ എന്നത് കേരളത്തെ ലജ്ജിപ്പിക്കാന്‍മാത്രം പര്യാപ്തമാകേണ്ടതാണ്.


പേരിനെങ്കിലും ഒരു തിരക്കഥയുണ്ടായിരുന്നെങ്കില്‍ ഈ ദുരന്തം ഇവിടെ ആവര്‍ത്തിക്കില്ലായിരുന്നു. പേരെടുത്തവരും അല്ലാത്തവരുമായ ആ സിനിമയുടെ സംവിധായകരെല്ലാം ഈ കുറ്റത്തില്‍ പങ്കാളികളാണ്. സിനിമയല്ല, സിനിമയുടെ വെണ്ണീറാണ് 2014ല്‍ നാം കണ്ട 100 സിനിമകള്‍.


താന്‍ അഭിനയിക്കേണ്ട എന്നുവെച്ച 500 സിനിമകളാണ് മലയാളസിനിമയ്ക്ക് താന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന എന്ന് പ്രഖ്യാപിച്ച പ്രതിഭയാണ് ശ്രീനിവാസന്‍.











from kerala news edited

via IFTTT