Story Dated: Saturday, January 3, 2015 08:01
ഹരിപ്പാട്: പുതുവര്‍ഷപ്പുലരിയില്‍ രണ്ടു വീടുകളില്‍ നിന്നായി ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങളും പണവും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി ചേപ്പാട്ടാണ് സംഭവം.
പുതുവര്‍ഷത്തോടനുബന്ധിച്ച് വീട്ടുകാര്‍ പാതിരാ കുര്‍ബാനയ്‌ക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ദേശീയ പാതയ്‌ക്കരികില്‍ ചേപ്പാട് ജംഗ്‌ഷനു തെക്കുവശത്ത് രണ്ടു വീടുകളിലാണ് കവര്‍ച്ച നടന്നത്. ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി വികാരി ഫാ. സക്കറിയ പൊന്‍വാണിഭം താമസിക്കുന്ന പാഴ്‌സനേജിലും സമീപത്തുളള കളത്തൂരേത്ത് തങ്കമ്മ സൈമണിന്റെ വീട്ടിലുമായിരുന്നു കവര്‍ച്ച നടന്നത്.
കുര്‍ബാന കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. നാലു പവന്‍ സ്വര്‍ണാഭരണങ്ങളും 50,000 രൂപയുടെ വജ്രം പതിച്ച ആഭരണവും 26000 രൂപയും അപഹരിച്ചു. പാഴ്‌സനേജില്‍നിന്നും മോതിരം, കമ്മല്‍, മാല, വജ്രം പതിച്ച ആഭരണങ്ങള്‍, 3000 രൂപ എന്നിവയും, കളത്തൂരേത്ത് വീട്ടില്‍നിന്നും നാലു പവന്റെ ആഭരണങ്ങളും 26000 രൂപയുമാണ് നഷ്‌ടപ്പെട്ടത്. വീട്ടിലെ സാധനങ്ങള്‍ വലിച്ചുവാരിയിടുകയും വാതിലുകളുടേയും അലമാരകളുടേയും പൂട്ട് തകര്‍ക്കുകയും ചെയ്‌തിരുന്നു. വിരലടയാള വിദഗ്‌ധര്‍ തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം ശക്‌തമാക്കിയതായി എസ്.ഐ. അറിയിച്ചു.
from kerala news edited
via IFTTT