Story Dated: Saturday, January 3, 2015 05:50
തിരുവനന്തപുരം: ദേശീയ ഗെയിംസ് വീണ്ടും വിവാദത്തില്‍. ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ പിന്‍മാറി. ദേശീയ ഗെയിംസ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത്വമാണ് ഗണേഷ് രാജിവച്ചത്. ഇത് സംബന്ധിച്ച കത്ത് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ദേശീയ ഗെയിംസ് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ചാണ് ഗണേഷിന്റെ പിന്‍മാറ്റം.
ഗെയിംസ് നടത്തിപ്പില്‍ കുറ്റകരമായ അലംഭാവമാണ് നടക്കുന്നത്. അവസാന നിമിഷം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് സംശയാസ്‌പദമാണ്. നിരുത്തരവാദപരവും അന്യായവുമായ നടപടികള്‍ക്ക് നിശബ്‌ദ സാക്ഷിയാകാനാകില്ലെന്നും ഗണേഷ് പറഞ്ഞു. മുന്‍ കായികമന്ത്രി എന്ന നിലയിലാണ് ഗണേഷിനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ സംഘാടക സമിതിയില്‍ നിന്ന് ഭരണകക്ഷി എം.എല്‍.എ തന്നെ രാജിവച്ചത് സര്‍ക്കാരിന് തലവേദനയാകും. ഗെയിംസിന് സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിക്കുന്നതിലും വന്‍ ക്രമക്കേട് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങള്‍ കാലപ്പഴക്കം ചെന്നവയാണെന്നാണ് ആരോപണം.
from kerala news edited
via IFTTT