121

Powered By Blogger

Wednesday, 25 March 2015

വര്‍ഗീയ സംഘര്‍ഷം: 24 വര്‍ഷത്തിനുശേഷം രണ്ടാംപ്രതി പിടിയില്‍











Story Dated: Wednesday, March 25, 2015 02:17


പാലക്കാട്‌: പാലക്കാട്‌ മേപ്പറമ്പിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിലെ രണ്ടാംപ്രതിയെ ഇരുപത്തിനാല്‌ വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ് ചെയ്‌തു. പാലക്കാട്‌ കരീംനഗര്‍ പൂളക്കാട്‌ സെയ്‌ദുപ്പ മന്‍സിലില്‍ സലീം എന്ന ബുള്ളറ്റ്‌ സലീം(57) ആണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഇന്നലെ രാവിലെ എട്ടരയോടെ കരീംനഗറില്‍ നിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌.


1991 ഡിസംബറിലാണ്‌ പ്രദേശത്ത്‌ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്‌. പോലീസ്‌ വെടിവെപ്പില്‍ സിറാജുന്നീസ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളില്‍ നിരവധി സ്‌ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. വ്യാപകമായ കൊള്ളയും അരങ്ങേറി. സംഭവത്തില്‍ അമ്പതോളം പേരെ പ്രതിചേര്‍ത്ത്‌ കേസെടുത്തു. ഇതില്‍ ഒന്നാംപ്രതി ഉള്‍പ്പെടെ ഇരുപത്തിയൊന്ന്‌ പേരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ലോക്കല്‍ പോലീസ്‌ അനേ്വഷിച്ച കേസ്‌ 1996 ലാണ്‌ ക്രൈംബ്രാഞ്ച്‌ കേസ്‌ ഏറ്റെടുത്തത്‌.


സംഘര്‍ഷത്തില്‍ അടിച്ചുതകര്‍ത്ത്‌ കൊള്ളയടിച്ച ഒരു ഹോട്ടലിന്റെ നൂറണി എരുമക്കാരതെരുവിലുള്ള നടത്തിപ്പുകാരന്‍ നല്‍കിയ പരാതിയിലാണ്‌ കേസെടുത്തത്‌. പ്രതിക്കെതിരെ കവര്‍ച്ച, അക്രമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌. സംഭവത്തിനുശേഷം നാടുവിട്ട സലീം ആന്ധ്ര, മൈസൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ്‌ ഒളിവില്‍ താമസിച്ചിരുന്നത്‌. ക്രൈംബ്രാഞ്ച്‌ സി.ഐ പി. ശശികുമാര്‍, എസ്‌.ഐ വി.ബി. മുരളീധരന്‍, എസ്‌.സി.പി.ഒ എം. പ്രശാന്ത്‌ എന്നിവരാണ്‌ പ്രതിയെ അറസ്‌റ്റുചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT