Story Dated: Wednesday, March 25, 2015 06:06
കൊച്ചി: ഏപ്രില്‍ ഒന്നു മുതല്‍ തങ്ങളുടെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ തീരുമാനിച്ചു. അക്കൗണ്ടിലെ മിനിമം തുകയില്‍ കുറവ് വരുമ്പോള്‍ ഈടാക്കുന്ന പിഴയിലും ബാങ്കുകള്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് വിവിധ സേവനങ്ങളുടെ ഫീസ് നിരക്കുകളില്‍ വര്‍ധന വരുത്തുന്നതായി അറിയിച്ചത്. പുതിയ സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും വക്‌താക്കള്‍ അറിയിച്ചു.
അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ബാങ്ക് ഈടാക്കുന്ന തുക 150 രൂപ മുതല്‍ 600 രൂപ വരെ ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ തുക 10,000 രൂപയും മറ്റ് നഗരങ്ങളില്‍ 5,000 രൂപയുമാണ് ചില ബാങ്കുകള്‍ അക്കൗണ്ടിലെ മിനിമം തുകയായി കണക്കാക്കുന്നത്. ബാങ്ക് ശാഖയിലെത്തി പണം നിക്ഷേപിക്കുന്നിന് ഈടാക്കുന്ന തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ആയിരം രൂപയ്‌ക്ക് അഞ്ച് രൂപയാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ഇത്തരത്തില്‍ ഈടാക്കുന്നത്.
ഉപഭോക്‌താക്കള്‍ക്ക് ചെക്ക് ബുക്ക്, എടിഎം കാര്‍ഡ് എന്നിവ നല്‍കുന്നതിനുള്ള സേവന നിരക്കും സ്വകാര്യ ബാങ്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പുതുക്കിയ നിരക്കുകള്‍ ഉപഭോക്‌താക്കളെ നേരിട്ട് അറിയിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. അക്കൗണ്ടുകളില്‍ മിനിമം തുക ഇല്ലെങ്കില്‍ ഈ കാര്യവും ഉപഭോക്‌താക്കളെ ഇമെയിലിലൂടെയോ എസ്.എം.എസിലൂടെയോ അറിയിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
from kerala news edited
via IFTTT