Story Dated: Wednesday, March 4, 2015 01:30
റാന്നി: വെച്ചൂച്ചിറ വെണ്‍കുറിഞ്ഞിയില്‍ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ കുത്തേറ്റ് ബി.ജെ.പി നിയോജക മണ്‌ഡലംകമ്മറ്റി ട്രഷറാര്‍ക്ക് പരുക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് വെച്ചൂച്ചിറ പഞ്ചായത്തില്‍ ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു.
വെണ്‍കുറിഞ്ഞി പതാലില്‍ ലിജികുമാറി(41)നാണ് മാരകായുധം ഉപയോഗിച്ചുള്ള കുത്തില്‍ വയറിന്റെ ഇടതുവശത്ത് മുറിവേറ്റത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്‌ച രാത്രി ഏഴരയോടെയാണ് സംഭവം. ലിജികുമാറിനെ അക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന റിട്ട. പോലീസുകാരനും സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവുമായ പതാലില്‍ ഗോപി ഒളിവിലാണ്. വെച്ചൂച്ചിറ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഓലക്കുളത്ത് സ്വകാര്യ റോഡില്‍ കലുങ്കു നിര്‍മിക്കുന്നതിനെ ചൊല്ലി ആരോപണം ഉയര്‍ന്നിരുന്നു.
കലുങ്കു നിര്‍മാണത്തിനെതിരെ പോസ്‌റ്റര്‍ പതിക്കല്‍ അടക്കമുള്ള പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. ചൊവ്വാഴ്‌ച ഇതുസംബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്‌ഥലത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ മടങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഗുരുമന്ദിരത്തിനു സമീപം ലിജികുമാര്‍ അക്രമിക്കപ്പെട്ടതെന്ന് ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍ പറഞ്ഞു. വാക്കേറ്റം കൈയാങ്കളിയിലേക്കു നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് ലിജികുമാറിന് കുത്തേറ്റത്.
പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ആന്തരിക രക്‌തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളജാ ശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ ഇന്നലെ വെച്ചൂച്ചിറയില്‍ പ്രകടനം നടന്നു. പ്രതിയെ അറസ്‌റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നു നടക്കുന്ന ഹര്‍ത്താലില്‍ നിന്നും അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയ്‌ക്കായി സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങളേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.
from kerala news edited
via IFTTT