Story Dated: Wednesday, March 4, 2015 01:30
പത്തനംതിട്ട: ജില്ലയിലെ അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് ആര്‍.ടി.ഒ കണ്‍വീനറായി പ്രത്യേക സമിതി രൂപീകരിക്കാന്‍ ജില്ലാ കലക്‌ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി. അപകടങ്ങള്‍ പതിവായ മാന്തുക ഭാഗത്തും മൈലപ്ര പള്ളിപ്പടിയിലും ഹമ്പുകള്‍ നിര്‍മിക്കുകും. ഇതിനായി കെ.എസ്.ടി.പിയെ യോഗം ചുമതലപ്പെടുത്തി. കൈപ്പട്ടൂര്‍ പുത്തന്‍കുരിശ് ജംഗ്‌ഷനില്‍ രാത്രികാലങ്ങളില്‍ റോഡ് അപകടങ്ങള്‍ക്ക് കാരണമാകും വിധം സ്‌ഥാപിച്ചിട്ടുള്ള കുടിവെള്ള ഹാന്‍ഡ് പമ്പ് മാറ്റി സ്‌ഥാപിക്കണമെന്ന് വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദേശം നല്‍കി. റാന്നി ടൗണിലെ റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനായി റോഡ് അടയാളപ്പെടുത്തും.
മല്ലപ്പള്ളി ശാസ്‌താംകോയിക്കല്‍ റോഡിലെ ചീരാകുന്ന് വളവില്‍ സ്‌പീഡ് ബ്രേക്കറും സംരക്ഷണ ഭിത്തിയും നിര്‍മിക്കും. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ റോഡുകളില്‍ ദിശാബോര്‍ഡുകളും റിഫ്‌ളക്‌ടറുകളും സ്‌ഥാപിക്കേണ്ട ഭാഗം അടയാളപ്പെടുത്താനും തണ്ണിത്തോട് ജംഗ്‌ഷനിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പൊതുമരാമത്ത് വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
വടശേരിക്കരയ്‌ക്കു സമീപം കന്നാംപാലം ജംഗ്‌ഷനില്‍ ട്രാഫിക് പോലീസിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കാന്‍ റാന്നി ജോയിന്റ് ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. തിരുവല്ല നഗരത്തിലെ റോഡുകളില്‍ മാഞ്ഞുപോയ സീബ്ര ക്രോസ് ലൈനുകള്‍ പുനഃസ്‌ഥാപിക്കും.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭിന്നശേഷിയുള്ളവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്‌ഥലം നീലനിറത്തില്‍ അടയാളപ്പെടുത്തണമെന്ന് വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കി.
ആര്‍.ടി.ഒ എബി ജോണ്‍, റോഡ് സുരക്ഷാ സാങ്കേതിക ഉപദേഷ്‌ടാവ് പി.എസ്. ജോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ. അരുണ്‍കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT