121

Powered By Blogger

Tuesday, 3 March 2015

വള്ളുവനാടന്‍ തട്ടകം ആവേശതിമര്‍പ്പില്‍; ചിനക്കത്തൂരില്‍ പെരുമയുടെ വര്‍ണ്ണപൂരം ഇന്ന്‌











Story Dated: Wednesday, March 4, 2015 01:30


കിള്ളിക്കുറുശ്ശിമംഗലം ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇഴപിരിയുന്നിടത്ത്‌ തട്ടകത്തിലെ ദേശനിവാസികള്‍ ആവേശതിമര്‍പ്പില്‍ ഒഴുകിയെത്തുകയാണ്‌ ഇവിടെ കെട്ടുകാഴ്‌ചകള്‍ വിസ്‌മയവസന്തം തീര്‍ക്കുന്നതോടെ ചിനക്കത്തൂരില്‍ പെരുമയുടെവര്‍ണ്ണപൂരം തുടങ്ങുകയാണ്‌.


കുംഭത്തിലെ മകം നാളില്‍ വീണ്ടും ഒരു പൊന്‍പൂര സുദിനം കൂടി വന്നതോടെ വള്ളുവനാടന്‍ തട്ടകം ആവേശതിമര്‍പ്പിലാണ്ടു. ഇനി ആഹ്‌ളാദകുമിളകള്‍ പൊന്തുകയാണ്‌. ഭഗവതിയുടെ തിരുസന്നിധിയില്‍ ഭൂതഗണങ്ങളായ പൂതനും, തിറയും തുടികൊട്ടികളിക്കുന്നതോടെ പൂരത്തിന്റെ പകര്‍ന്നാട്ടത്തിന്‌ തുടക്കമാവുകയായി.


തട്ടകത്തിലെ ഏഴുദേശങ്ങളില്‍ (ഒറ്റപ്പാലം, പാലപ്പുറം, എറക്കോട്ടിരി, മീറ്റ്‌ന, പല്ലാര്‍മംഗലം, തെക്കുംമംഗലം, വടക്കുംമംഗലം) നിന്നായി കുംഭചൂടിനെ വെല്ലി പൊയ്‌കുതിരകള്‍ പുരുഷാരത്തിന്റെ തോളിലേറി ഭഗവതിയ്‌ക്കു മുന്നിലെത്തി യുദ്ധകളി തുടങ്ങുന്നതോടെ ആവേശം വാനോളം ഉയരു കയായി. ടിപ്പുവിന്റെ പടയോട്ടകുതിരകളെവരെ വെല്ലുന്ന യുദ്ധപ്രതീതി വിരിക്കുന്ന കുതിരകളി ചിനക്കത്തൂര്‍ പൂരത്തിന്റെ സ്വത്വംവിളിച്ചോതുന്നതാണ്‌.


കുതിരകള്‍ പടവെട്ടി പന്തികളിലേക്ക്‌ തിരികെ മടങ്ങുന്നതോടെ ഏഴു ദേശങ്ങളില്‍ നിന്നായി ഉച്ചയോടെ നെറ്റിപ്പട്ടം കെട്ടിയെത്തുന്ന ആനച്ചന്തത്തിന്‌ മുന്നില്‍ ഉണരുന്ന വാദ്യവിസ്‌മയത്തിന്റെ അകമ്പടിയോടെയെത്തുന്ന ആനപൂരം കാവിലെത്തി കിഴക്കന്‍, പടിഞ്ഞാറന്‍ ചേരിക ളിലായി അണിനിരക്കുന്നതോടെ അസ്‌തമയസൂര്യന്റെ ചെഞ്ചുവപ്പില്‍ അലിഞ്ഞുചേരുന്ന വര്‍ണ്ണകുടമാറ്റത്തിന്‌ തുടക്കമാവുകയാണ്‌. നയനമനോഹരചാരുത വിരിക്കുന്ന കുടമാറ്റത്തിനിടെ പാണ്ടിയും പഞ്ചാരിയും അടര്‍ന്നുവീഴുമ്പോള്‍ ആര്‍ത്തുല്ലസ്സിച്ചെത്തിയ പുരുഷാരങ്ങളുടെ കൈകള്‍ താളത്തിനൊത്ത്‌ വാനിലേക്ക്‌ അയ്യയ്യോവിളികളുടെ അകമ്പടിയോടെ ഉയര്‍ത്തിയെറിയും.


ഇവിടെ പൂരകാഴ്‌ചയിലെ ദൂരകാഴ്‌ച തീര്‍ക്കുകയായി പുരുഷാരം. വണ്ടിവേഷങ്ങളും, കെട്ടുകാഴ്‌ചകള്‍ തീര്‍ത്ത്‌ തേരും, തട്ടിന്‍മേല്‍കൂത്തും, തെയ്യവും, കളിയാട്ടവുമായി എത്തുന്നതോടെ പൂരപകിട്ട്‌ വര്‍ണ്ണവിരാജിക വിരിക്കും. വള്ളുവനാടിന്റെ മാമാങ്കസ്‌മരണകള്‍ ചാര്‍ത്തുന്ന പൂരം...ഇങ്ങനെതുടരും. വാദ്യപെരുമഴ കൊട്ടികലാ ശിക്കുന്നതിനോടൊപ്പം മുഖത്തോടുമുഖം നോക്കി പകല്‍പൂരത്തിന്‌ ചന്തം വിരിച്ച ആനപൂരം ഉപചാരംചൊല്ലിപിരിയുകയായി. തൊട്ടുപിന്നാലെ ആകാശത്ത്‌ തീമഴ ചൊരിയുന്ന വെടിക്കെട്ടിന്‌ കണ്ണുംകാതുംപകുത്തുവയ്‌ക്കും.


വെടികെട്ടോടെ പകല്‍പൂരത്തിന്‌ സമാപനമാകുന്നതോടെ മടങ്ങുന്ന ദേശനിവാസികള്‍ വീണ്ടും രാത്രിപൂരവുമായി ദേവീസന്നിധിയില്‍ കുത്തുവിളക്കിന്‍ വെട്ടത്തില്‍ തിരിച്ചെത്തും. പകല്‍പൂരത്തിന്റെ തനിയാവര്‍ത്തനമെന്നോണം രാത്രിപൂരംസമാപിക്കുന്നതോടെ രാവിലെ വീണ്ടും കുതിരകളി തുടങ്ങുകയാണ്‌. ഇത്‌ പൂര്‍ണ്ണമാകുന്നതോടെ ദേശനിവാസികള്‍ ഇനി അടുത്തപൂരത്തിന്‌ കാണാമെന്ന്‌ മനസ്സില്‍ ഉരുവിട്ട്‌ മടങ്ങും....


രാജേഷ്‌ ലക്കിടി










from kerala news edited

via IFTTT