ബ്രിട്ടനിലെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് പുനരവലോകനം ചെയ്തു
Posted on: 03 Mar 2015
ലിസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടതും പുതുതായി കൂട്ടിച്ചേര്‍ക്കേണ്ടതുമായ തൊഴിലുകള്‍ സര്‍ക്കാരിനു വിശദീകരിച്ചു കൊടുക്കുന്ന റിപ്പോര്‍ട്ടാണ് എംഎസി സമര്‍പ്പിച്ചത്. പ്രത്യേകിച്ച് നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ നിന്നു മാറ്റിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി സമര്‍പ്പിച്ചത്. നഴ്‌സുമാരുടെ കാര്യത്തില്‍ ദേശീയ വ്യാപകമായി ഷോര്‍ട്ടേജ് ഇല്ലെന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒക്യൂപ്പേഷന്‍ ലിസ്റ്റില്‍ നിന്നും മാറ്റിയതെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍ത്ഥിയ്ക്കുന്നു. ഇതിനു ബദലായി പകരം ഡിജിറ്റല്‍ ടെക്‌നോളജിയും പാരാമെഡിക്കല്‍ മേഖലയുമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്‌ടെതെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
മുന്‍പ് ലിസ്റ്റില്‍ ഉണ്ടായിരുന്ന നിയോനേറ്റല്‍ അല്ലെങ്കില്‍ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാരേയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ക്ലിനിക്കല്‍ കാര്‍ഡിയോളജി, പീഡിയാട്രിക്‌സ്, സൈക്കാട്രി, എമര്‍ജന്‍സി മെഡിസിന്‍ എന്നീ മേഖലകളിലെ പാരാമെഡിക്കല്‍ സ്റ്റാഫുകളെ ഷോര്‍ട്ടേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രത്യേകം പരാമര്‍ശമുണ്ട്.പാരാമെഡിക്കലിനൊപ്പം ഡിജിറ്റല്‍ ടെക്‌നോളജിയില്‍ നീണ്ട പരിചയമുള്ള സീനിയര്‍ ജോലിക്കാര്‍, ലോ വോള്‍ട്ടേജ് ഓവര്‍ഹെഡ് ലൈന്‍സ് വര്‍ക്കേഴ്‌സ്, ക്ലിനിക്കല്‍ റേഡിയോളജി കണ്‍സള്‍ട്ടേഴ്‌സ് എന്നിങ്ങനെ മൊത്തം പത്തു തൊഴിലുകളാണ് പുതുതായി എംഎസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നഴ്‌സിംഗിനൊപ്പം ജിപിമാരേയും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ചിരിയ്ക്കുന്നത്.
ആരോഗ്യ മേഖലയില്‍ വരുന്ന ബിരുദതല ജോലികളില്‍ മാറ്റം പ്രതീക്ഷിക്കാം. കണ്‍സള്‍ട്ടന്റ്, നഴ്‌സ്, ട്രെയ്‌നിങ് ഗ്രേഡ് എന്നിവ ഇതില്‍പ്പെടും. ഡിജിറ്റല്‍ ടെക്‌നോളജി സെക്റ്റര്‍ ജോലികളും ഊര്‍ജ വ്യവസായ മേഖലയിലെ ലൈന്‍സ് വര്‍ക്കുകളും മാറ്റം വരാന്‍ പോകുന്നവയാണ്. സെന്റര്‍ ഫോര്‍ വര്‍ക്ക്‌ഫോഴ്‌സ് ഇന്റലിജന്‍സില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയത്.
വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT