Story Dated: Thursday, March 12, 2015 10:48
തിരുവനന്തപുരം: ട്രഷറി ബെഞ്ചില്‍ അട്ടിമറികളോ അപ്രതീക്ഷിത നീക്കങ്ങളോ ഒന്നും നടന്നില്ല. പ്രതീക്ഷിച്ച പോലെതന്നെ എന്‍.ശക്തന്‍ പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം സഭയിലെ 140 അംഗങ്ങളും പങ്കെടുത്ത വോട്ടെടുപ്പില്‍ എന്‍.ശക്തന് 74 വോട്ടും എതിരാളി ഐഷാപോറ്റിക്ക് 66 വോട്ടും ലഭിച്ചു. യു.ഡി.എഫ് കോട്ടയില്‍ നിന്ന് പുറത്തേക്ക് ചാടിയ കേരള കോണ്‍ഗ്രസ് (ബി) അംഗം കെ.ബി ഗണേഷ്‌കുമാറിന്റെ വോട്ട് ഇടതുമുന്നണിക്കായിരുന്നു. ഇക്കാര്യം പാര്‍ട്ടി ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. രാവിലെ 9.30ന് ആരംഭിച്ച വോട്ടെടുപ്പ് 10.30 ഓടെയാണ് അവസാനിച്ചത്. പ്രോ ടേം സ്പീക്കര്‍ ഡൊമനിക് പ്രസന്റേഷനാണ് ഫലം പ്രഖ്യാപിച്ചത്.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശക്തനെ ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ അഭിനന്ദിച്ചു. എം.എല്‍.എയും മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായി പ്രവര്‍ത്തിച്ച പരിചയം സഭയെ നയിക്കുന്ന നാഥന് കരുത്തുനല്‍കട്ടേയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശംസിച്ചു. ഭരണ- പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ ശക്തന് കഴിയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുന്‍ഗാമി ജി.കാര്‍ത്തികേയന്റെ മഹത്തായ മാതൃക അങ്ങ് മറന്നുപോകില്ല എന്ന് കരുതുന്നു. നല്ല പാരമ്പര്യം സ്പീക്കര്‍ സ്ഥാനത്തിന് നല്‍കി കടന്നുപോയ കാര്‍ത്തികേന്റെ പാരമ്പര്യം തുടരാന്‍ നിര്‍ബന്ധിതനാണ് എന്നകാര്യം അനുസ്മരിപ്പിക്കുന്നു. സ്പീക്കര്‍ സ്ഥാനത്തിന് എല്ലാ ആശംസയും നേരുന്നതായും വി.എസ് അറിയിച്ചു.
കട്ടാക്കട നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ശക്തന്‍. ഒരു സഭാകാലത്തു തന്നെ് പ്രോ ടേം സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമായി ചുമതല വഹിക്കാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിക്കുന്ന വ്യക്തി കൂടിയാണ് ശക്തന്‍. 1982ല്‍ സ്വതന്ത്രനായി കോവളത്തുനിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ എത്തിയ ശക്തന്‍ ഡി.സി.സി ട്രഷറര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലയികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ലും 2006ലും നേമത്തുനിന്നും നിയമസഭയില്‍ എത്തി. 2004 മുതല്‍ 2006 വരെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയുമായിരുന്നു.
1951 മെയ് അഞ്ചിന് കാഞ്ഞിരംകുളത്ത് ജനിച്ച ശക്തന്‍ ബിരുദാനന്ത ബിരുദവും എല്‍.എല്‍.ബിയും നേടിയിട്ടുണ്ട്. ഭാര്യ സ്‌റ്റെല്ല. രണ്ട് പെണ്‍മക്കുമുണ്ട്.
from kerala news edited
via IFTTT