121

Powered By Blogger

Sunday, 28 December 2014

ബിനാലെ ഓഫീസ്‌ മുറ്റത്ത്‌ പാപ്പാഞ്ഞി ഒരുങ്ങുന്നു











Story Dated: Sunday, December 28, 2014 01:59


കൊച്ചി: പുതുവര്‍ഷപ്പിറവിക്ക്‌ കൊച്ചി നഗരം സാക്ഷ്യം വഹിക്കുമ്പോള്‍ ഇക്കുറിയും ആയിരങ്ങളെ സാക്ഷിയാക്കി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ പാപ്പാഞ്ഞിയുടെ കോലം അഗ്നിയിലെരിഞ്ഞമരും. കൊച്ചിയുടെ കോസ്‌മോപൊലിറ്റന്‍ ചരിത്ര സാസംസ്‌ക്കാരികതയില്‍ രൂപപ്പെട്ട മത, ജാതി രഹിത ആശയമാണ്‌ പാപ്പാഞ്ഞി. ഒരു കൊല്ലം ജനിക്കുന്നു, ജനുവരി ഒന്നിന്‌. വൃദ്ധനായി മാറി ഡിസംബര്‍ 31ന്‌ മരിക്കുകയും ചെയ്യുന്നു. ആ വൃദ്ധനെ സന്തോഷപൂര്‍വ്വം കാലത്തിലേക്ക്‌ പറഞ്ഞുവിടുന്ന ആഘോഷമാണ്‌ ഡിസംബര്‍ 31ന്‌ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ കൊച്ചിന്‍ കാര്‍ണിവലിന്റെ സമാപനമായി അരങ്ങേറുന്നത്‌. പണ്ടുമുതല്‍ പുതുവര്‍ഷത്തലേന്ന്‌ കൊച്ചിക്ക്‌ പരിചിതമായ ചടങ്ങാണിതെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. പോര്‍ച്ചുഗീസ്‌ ഭാഷയില്‍ മുത്തച്‌ഛനെന്ന്‌ അര്‍ത്ഥം വരുന്ന പാപ്പാഞ്ഞി പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്‌ കൊച്ചിക്ക്‌ പരിചിതമായതെന്ന്‌ കരുതുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 1662 ല്‍ ഡച്ചുകാരോട്‌ തോറ്റ്‌ നാടുവിടും വരെ കൊച്ചിയില്‍ പോര്‍ച്ചുഗീസ്‌ ആധിപത്യവും അവരുടെ ഭാഷയും നിലനിന്നിരുന്നു. അക്കാലത്താരംഭിച്ചതാണീ ആഘോഷമെന്നും പഴമക്കാര്‍ പറയുന്നു.


യൂറോപ്യന്‍ വൃദ്ധനായി വിഭാവന ചെയ്‌ത് യൂറോപ്യന്‍ വസ്‌ത്രങ്ങള്‍ ധരിപ്പിച്ചാണ്‌ പാപ്പാഞ്ഞിയെ ഒരുക്കുന്നത്‌. നീണ്ട കോട്ടും പാന്റും വട്ടക്കണ്ണടയും തൊപ്പിയും ധരിപ്പിച്ച്‌ കയ്യില്‍ നടപ്പുവടിയും കൊടുത്താണ്‌ പാപ്പാഞ്ഞിയെ തയാറാക്കുന്നത്‌. 2013 മുതല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്‌ പാപ്പാഞ്ഞിയെ നിര്‍മിക്കുന്നത്‌. ജാസീന്തര്‍ റോക്ക്‌ഫെല്ലര്‍, ജലജ പി.എസ്‌, അനുപമ ഏലിയാസ്‌, ജയ പി.എസ്‌, അനില്‍ സേവ്യര്‍, അമല്‍ ജ്യോതി, വി ബി സാംസന്‍, പ്രിന്‍സ്‌ ഡി, മനു സി.എ, ഷാര്‍ലിംഗര്‍ എ.കെ എന്നിവരാണ്‌ പാപ്പാഞ്ഞിയെ നിര്‍മിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്‌മയിലുള്ളത്‌.


യൂറോപ്യന്‍ വൃദ്ധനായ പാപ്പാഞ്ഞിയുടെ ആവിഷ്‌ക്കാരം കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്‌. ചാക്കും വൈക്കോലും കടലാസും തുണിയും തുടങ്ങി പരിസ്‌ഥിക്കിണങ്ങുന്ന വസ്‌തുക്കളാണ്‌ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌. 22 അടിയാണ്‌ പാപ്പാഞ്ഞിയുടെ ഉയരം. 1984 മുതല്‍ കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായാണ്‌ പാപ്പാഞ്ഞിയെ കത്തിക്കുന്നത്‌. അതോടെ അത്‌ ഫോര്‍ട്ടുകൊച്ചിയുടെ ജനകീയാഘോഷമായി. കൊച്ചിയുടെ കലയുടെയും സംസ്‌ക്കാരത്തിന്റെയും അവിഭാജ്യ ഭാഗമായി മാറിയ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഇതിന്‌ കലയുടെകൂടി രൂപം നല്‍കിയിരിക്കുകയാണെന്ന്‌ ഫൗണ്ടേഷന്‍ റിസര്‍ച്ച്‌ കോര്‍ഡിനേറ്റര്‍ ബോണി തോമസ്‌ പറഞ്ഞു.










from kerala news edited

via IFTTT