Story Dated: Sunday, December 28, 2014 02:02
താനൂര്‍: അര നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒന്നിച്ച് ഒരേ ബഞ്ചിലിരുന്ന് നുണക്കഥകള്‍ പറഞ്ഞവര്‍, ദുഖങ്ങളും സുഖങ്ങളും പങ്കുവെച്ചവര്‍, ചൂരല്‍ക്കഷായത്തിന്റെ കയ്‌പ്പറിഞ്ഞവര്‍, ഗുരുക്കന്മാരുടെ വാത്സല്യം ആവോളം നുകര്‍ന്നവര്‍ വീണ്ടും ഒരുവട്ടം കൂടി ചങ്ങാത്തം പുതുക്കാനെത്തി. താനൂര്‍ ദേവധാര്‍ സ്‌കൂളിലെ 1961-62 കാലഘട്ടത്തിലെ പത്താംക്ലാസുകാരാണ് വീണ്ടും തങ്ങളുടെ ഉയര്‍ച്ചക്കും ഐശ്വര്യത്തിനും പ്രചോദകമായ സ്‌കൂളില്‍ വീണ്ടും ഒത്തുകൂടിയത്. പഴയ കുട്ടിക്കുറുമ്പനും കുറുമ്പത്തിമാരും ആയിരുന്നവര്‍ ഇന്ന് അച്‌ഛനും, അപ്പൂപ്പനും, അമ്മയും, അമ്മൂമ്മയും ഒക്കെയായി രൂപമാറ്റം വന്നവര്‍ നിറഞ്ഞ പുഞ്ചിരിയോടെ പൂര്‍വ്വവിദ്യാലത്തിലെത്തിച്ചേര്‍ന്നു.
ഇവരുടെ കൂട്ടായ്‌മ ഒരുക്കി സ്‌കൂള്‍ അധികൃതരും അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി നാല്‍പ്പത് പേരായിരുന്നു 1961-62 കാലത്തെ ദേവധാറിലെ എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികള്‍. ഇതില്‍ ഏഴുപേര്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. ബാക്കിയുള്ളവരില്‍ നാലു പേരൊഴികെ എല്ലാവരും സൗഹൃദക്കൂട്ടായ്‌മയില്‍ ഒത്തുചേര്‍ന്നു. ആസ്‌്ത്രേലിയയില്‍ സ്‌ഥിരതാമസമാക്കിയ എന്‍. സുകുമാരന്‍ എന്ന തമ്പിയും, മുംബയില്‍ താമസമാക്കിയ രാജമ്മാളും, കര്‍ണാടകത്തിലേക്കു കുടിയേറിയ കെ.വി സാവിത്രിയും പൂര്‍വ്വകാല സുഹൃത്തുകളെ കാണാന്‍ ദൂരങ്ങള്‍ താണ്ടിയെത്തി.
കോഴിക്കോട് എന്‍.ഐ.ടി റിട്ട. പ്ര?ഫസര്‍ ഡോ. കെ.എം മൊയ്‌തീന്‍കുട്ടി, റിട്ട. പ്രിന്‍സിപ്പല്‍ പി.എ. സെയ്‌തലവി, മാതൃഭൂമി എം.ഡിയുടെ പി.എ സുധാകരന്‍ പി.എം, റിട്ടയേര്‍ഡ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ നാരായണന്‍കുട്ടി, കോഴിക്കോട് കോര്‍പ്പറേഷന്‍ റിട്ട. സൂപ്രണ്ട് പി. ശിവശങ്കരന്‍ എന്നിവരുള്‍പ്പെടെയുളളവരും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചവരും, കര്‍ഷകരും, വീട്ടമ്മമാരും പഴയ തിരുമുറ്റത്തെത്തി വീണ്ടും ഹസ്‌തദാനം ചെയ്‌തപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ അവരെ വരവേറ്റത്. ഒരിക്കലും വേരറ്റുപോകാത്ത സൗഹൃദത്തെയാണ് ഈ കൂട്ടായ്‌മ സൂചിപ്പിക്കുന്നത്. പരസ്‌പരം പോരടിച്ചും കലാലയത്തിലെ കുട്ടിരാഷ്ര്‌ടീയപ്പക മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്കും ഒരു നല്ല പാഠമാണ് ഈ സൗഹൃദക്കൂട്ടായ്‌മ പഠിപ്പിച്ചു കൊടുത്തത്.
പ്രേമനാഥന്‍ താനൂര്‍
from kerala news edited
via IFTTT