Story Dated: Sunday, December 28, 2014 02:03
കുന്നംകുളം: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്‌ദാനംചെയ്‌ത് പണം തട്ടിപ്പ് നടത്തുന്ന മൂന്നംഗസംഘം കുന്നംകുളം പോലീസ് പിടിയിലായി. വടക്കാഞ്ചേരി പരുത്തിപ്ര പള്ളിപ്പുറത്ത് വീട്ടില്‍ ശശി (50), കൂനംമൂച്ചി കുമരനെല്ലൂര്‍ വലിയകത്ത് അബൂബക്കര്‍ (58), വടക്കാഞ്ചേരി റെയില്‍വെസ്‌റ്റേഷന്‍ പരിസരത്ത് താമസിക്കുന്ന പുത്തന്‍പീടികയില്‍ ഷറഫുദ്ദീന്‍ എന്ന അഷറഫ് (36) എന്നിവരാണ് പിടിയിലായത്.
പന്നിത്തടത്ത് വര്‍ക്‌ഷോപ്പ് നടത്തുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപക്ക് മൂന്ന് ലക്ഷം രൂപയുടെ വ്യാജ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് സാമ്പിള്‍ എന്ന രീതിയില്‍ 500 ന്റെ യഥാര്‍ഥ കറന്‍സി നല്‍കി. ഇയാള്‍ ഒരു ലക്ഷം സംഘടിപ്പിച്ച് ഇവര്‍ പറഞ്ഞപ്രകാരം ചിറനെല്ലൂരില്‍ എത്തിയപ്പോഴാണ് പണം കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ബഹളമുണ്ടായപ്പോള്‍ പ്രതികള്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കുന്നംകുളം സി.ഐ. കൃഷ്‌ണദാസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
സമാന രീതിയില്‍ നിരവധി തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരേ വിവിധ സറ്റേഷനുകളില്‍ കേസുകളുണ്ട്.
വ്യാജ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി കറന്‍സി എടുക്കാനെന്നും പറഞ്ഞ് ഒരാള്‍ പോവുകയും പോലീസ് പിടിയിലായെന്നും നിങ്ങള്‍ രക്ഷപ്പെട്ടോളൂ എന്നും ഫോണിലൂടെ വിളിച്ചുപറഞ്ഞ് മുങ്ങുന്നതുമാണ് ഇവരുടെ രീതിയെന്ന് സി.ഐ. പറഞ്ഞു. വ്യാജ നോട്ട് കേസായതിനാല്‍ ആരും പരാതിക്ക് മുതിരാറില്ല. വെള്ളിമൂങ്ങ, ഇരുതലമൂരി, റയ്‌സ് പുള്ളര്‍ തുടങ്ങിയ പേരുകളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് സ്‌ഥിരീകരിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും. കുന്നംകുളം എസ്.ഐ. കെ.ജി. ദിലീപ്, ഷാഡോ പോലീസുകാരായ മുഹമ്മദ് അഷറഫ്, ഹബീബ്, ബാബുരാജ് എന്നിവരും പ്രതികളെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.
from kerala news edited
via IFTTT