Story Dated: Monday, December 29, 2014 01:26
വെള്ളമുണ്ട: 'മാവോവാദികളെത്തിയെന്നറിയുമ്പോള്‍ മാത്രമെന്തിനാണ് നിങ്ങള്‍ വരുന്നത്. അവരെത്തിയില്ലെങ്കില്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും നിങ്ങള്‍ വരുന്നില്ലല്ലോ.. ഞങ്ങള്‍ക്ക് നിങ്ങളോടും പറയാനില്ല. നിങ്ങള്‍ വേഗം സ്‌ഥലം വിട്ടോ...' മാവോവാദികള്‍ കോളനികളിലെത്തി ലഘുലേഖകള്‍ വിതരണം ചെയ്‌ത് അരമണിക്കൂറോളം ചിലവഴിച്ച് തിരിച്ചുപോയെന്ന വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇതന്വേഷിക്കാന്‍ ചെന്ന മാധ്യമസംഘത്തോട് കുഞ്ഞോം ചാപ്പ കോളനിയിലെ ഒരു യുവാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഈ പ്രതികരണം അവരുടെ മനസിന്റെ പ്രതിഫലനം കൂടിയായിരുന്നു. തൊണ്ടര്‍നാട് കുഞ്ഞോം വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി കോളനികളിലെ ആദിവാസി കുടുംബങ്ങളുടെ പരിവേദനം കൂടിയായിരുന്നു ഈ യുവാവിന്റെ വാക്കുകളിലുണ്ടായിരുന്നത്. ചാപ്പ കോളനിക്ക് പുറമെ ചുരുളി, കുങ്കിച്ചിറ, കോമ്പാറ, ചിറക്കല്‍, കാട്ട്യേരി, കല്ലുങ്കല്‍, ചേമ്പിലോട്ട്, കുഞ്ഞോം എന്നിങ്ങനെ പണിയ വിഭാഗവും, കുറിച്ച്യവിഭാഗവും താമസിക്കുന്ന കോളനികളാണ് കുഞ്ഞോത്തുള്ളത്.
വാഹനം ലഭിക്കുന്ന റോഡിലെത്താന്‍ അരമണിക്കൂറെങ്കിലും കാല്‍നടയായി സഞ്ചരിക്കണം. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് കാടിനുള്ളിലൂടെ എട്ടുകിലോമീറ്ററോളം നടന്നുവേണം മട്ടിലയത്തെ സ്‌കൂളിലെത്താന്‍. മഴക്കാലങ്ങളില്‍ ഇതുകൊണ്ടുതന്നെ സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയ്യാറാവുന്നുമില്ല. കാലപഴക്കത്താല്‍ ഇടിഞ്ഞുവീഴാാറായ വീടുകളാണ് കുഞ്ഞോം കോളനിയിലുള്ളത്. പൂര്‍ത്തിയാക്കിയ വീടുകളാവട്ടെ രണ്ടുവര്‍ഷംകൊണ്ട് ചോര്‍ന്നൊലിക്കാനും ആരംഭിച്ചു. കുടിവെള്ളം ലഭിക്കാതെ വലയുന്ന കുടുംബങ്ങളും ചേമ്പിലോട്ട് കോളനിയില്‍ നിരവധിയാണ്. രണ്ടുമാസം മുമ്പ് ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ഇവിടെയെത്തിയ ഉദ്യോഗസ്‌ഥ പടയോട്‌കോളനിവാസികള്‍ക്ക് ഏറെയും പറയാനുണ്ടായിരുന്നത് കുടിവെള്ള പ്രശ്‌നവും പാര്‍പ്പിട പ്രശ്‌നവുമായിരുന്നു. കാടിനോട് ചേര്‍ന്ന് കിടക്കുന്ന കുറിച്ച്യ കോളനികളിലെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ പാട്ടത്തിനെടുത്ത വയലുകളിലാണ് വാഴയും, ഇഞ്ചിയും, കപ്പയും, പാവലും നട്ടുപിടിപ്പിക്കുന്നത്.
പ്രതികൂല കാലവസ്‌ഥയെക്കാളും വിലത്തകര്‍ച്ചയേക്കാളും ഇവരുടെ കൃഷിയിടത്തിന് ഭീഷണിയാവുന്നത് വന്യമൃഗങ്ങളാണ്. വാഴയും, പാവലും നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയേയും, കാട്ടാനകളെയും തുരത്താന്‍ വനംവകുപ്പിന്റെ സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. കൃഷി നശിപ്പിക്കപ്പെട്ടാല്‍ മതിയായ നഷ്‌ടപരിഹാരവും ലഭിക്കുന്നില്ല. രാത്രികാലങ്ങളില്‍ വയലുകളില്‍ ഏറുമാടങ്ങള്‍ പണിത് തീയിട്ട് ഉറക്കമൊഴിച്ച് കാവലിരുന്നാണ് സംരക്ഷിക്കപ്പെടുന്നത്. മാവോസാന്നിധ്യം വര്‍ധിച്ചതോടെ വനംവകുപ്പിന്റെയും പോലീസിന്റെയും, തണ്ടര്‍ബോള്‍ട്ടിന്റെയും നിരന്തര നിരീക്ഷണത്തിലാണ് ആദിവാസികള്‍ കഴിയുന്നത്. ആദിവാസി കോളനികളിലെ ചിലര്‍ മാവോവാദികളെ സഹായിക്കുന്നതായാണ് പോലീസ് കരുതുന്നത്.
ഈ മാസം ഏഴിനുണ്ടായ മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലിന് ശേഷമാണ് നിരീക്ഷണം ശക്‌തമാക്കിയത്. മാവോവാദികള്‍ വനത്തിലുണ്ടെന്നും ഇവര്‍ക്ക് സഹായം നല്‍ക്കുന്നത് നിലച്ചാല്‍ കാട്ടില്‍ നിന്നും പുറത്തിറങ്ങുമെന്നാണ് പോലീസ് നിരീക്ഷണം. ഇതുപ്രകാരം തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെയുള്ള സേനകള്‍ കോളനികള്‍ ചുറ്റിപ്പറ്റിയാണ് തിരച്ചില്‍ നടത്തുന്നതെന്നാണ് ആരോപണം. ഏപ്രിലില്‍ മട്ടിലയത്തെ ഒരുപോലീസുകാരന്റെ വീട്ടില്‍ ആക്രമണമുണ്ടായപ്പോള്‍ സ്‌ഥലത്തെത്തിയ മന്ത്രി പി.കെ. ജയലക്ഷ്‌മി കോളനികളുടെ അടിസ്‌ഥാന സൗകര്യവികസനം ഉറപ്പുവരുത്തുമെന്ന് വാഗ്‌ദാനം നല്‍കിയെങ്കിലും ഇതിനായുള്ള പ്രാഥമിക നടപടികള്‍ പോലുമുണ്ടായില്ലെന്ന് കോളനിവാസികള്‍ പറയുന്നു.
from kerala news edited
via IFTTT